Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവരകളുടെ ലോകത്ത്...

വരകളുടെ ലോകത്ത് മലയാളിത്തിളക്കം; ബഹ്‌റൈൻ ‘അൽ മസ്‌യാഫ്’ ആർട്ട് ഷോയിൽ ഇടംപിടിച്ച് ഡോണ നിപിൻ

text_fields
bookmark_border
വരകളുടെ ലോകത്ത് മലയാളിത്തിളക്കം; ബഹ്‌റൈൻ ‘അൽ മസ്‌യാഫ്’ ആർട്ട് ഷോയിൽ ഇടംപിടിച്ച് ഡോണ നിപിൻ
cancel
camera_alt

1. ഡോണ നിപിൻ 2. അൽ മസ്‌യാഫ്’ ആർട്ട് ഷോയിൽ പ്രദർശിപ്പിച്ച ‘നൈറ്റ് സൂഖ്’ ചിത്രം

മനാമ: വരകളുടെ ലോകത്ത് മലയാളിക്ക് അഭിമാനമായി കോഴിക്കോട് മുക്കം സ്വദേശിനിയും ബഹ്‌റൈൻ പ്രവാസിയുമായ ഡോണ നിപിൻ. ബഹ്‌റൈൻ ആർട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ആർട്ട് സെന്ററിൽ ജൂൺ 29 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന ‘അൽ മസ്‌യാഫ്’ സമ്മർ ആർട്ട് ഷോയിൽ, പ്രമുഖ ചിത്രകാരന്മാർക്കൊപ്പം ഡോണയുടെ കലാസൃഷ്ടിയും ഇടംപിടിച്ചു. അതിമനോഹരമായ പ്രമേയത്തിൽ അക്രിലിക് മാധ്യമത്തിൽ തയ്യാറാക്കിയ ‘നൈറ്റ് സൂഖ്’ എന്ന ചിത്രമാണ് പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ചെറുപ്പം മുതലേ ചിത്രകലയിൽ അസാധാരണമായ താൽപ്പര്യം പുലർത്തിയിരുന്ന ഡോണയ്ക്ക് സ്കൂൾ-കോളേജ് തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബോംബെ ഹോസ്പിറ്റൽ കോളേജ് ഓഫ് നഴ്സിംഗിൽ നിന്ന് ‘ബെസ്റ്റ് ഔട്ട്‌സ്റ്റാൻഡിങ് സ്റ്റുഡന്റ്’ അവാർഡ് സ്വന്തമാക്കിയ ഡോണ, നഴ്സിംഗ് മേഖലയിലെ മികവിനൊപ്പം തന്നിലെ കലാകാരിയെയും വളർത്തിയെടുത്തു. നഴ്സിംഗ് പഠനശേഷം ഈ രംഗത്ത് ഒരു വർഷം പ്രവർത്തിച്ചെങ്കിലും, കലയോടുള്ള അഭിനിവേശം ഡോണയെ ആ വഴിയിലേക്ക് പൂർണമായി തിരിച്ചുവിടുകയായിരുന്നു.

ബഹ്‌റൈൻ പ്രവാസിയായ നിതിനുമായുള്ള വിവാഹശേഷം 2012ൽ ബഹ്‌റൈനിലെത്തിയ ഡോണയുടെ കലാജീവിതത്തിന് ഭർത്താവിൽ നിന്ന് ലഭിക്കുന്നത് വലിയ പിന്തുണയാണ്. കോവിഡ് കാലഘട്ടത്തിന് ശേഷമാണ് കലയെ കൂടുതൽ ഗൗരവമായി സമീപിക്കാൻ ഡോണ തുടങ്ങിയത്. 2022-ൽ യു.കെയിൽ കെയററായി ജോലിക്ക് പോയെങ്കിലും, കലയോടുള്ള അടങ്ങാത്ത അഭിനിവേശം ഡോണയെ വീണ്ടും ബഹ്‌റൈനിലെത്തിച്ചു. യു.കെയിലെ ജീവിതാനുഭവങ്ങളും അവിടുത്തെ പുതിയ കലാകാഴ്ചകളും ഡോണയുടെ ചിത്രങ്ങൾക്ക് കൂടുതൽ കരുത്തും ആഴവും പകർന്നു.

ഓർമ്മകൾ, വികാരങ്ങൾ, വൈവിധ്യമാർന്ന സാംസ്കാരിക ബന്ധങ്ങൾ, ദൈനംദിന ജീവിതത്തിലെ സൗന്ദര്യം എന്നിവയാണ് ഡോണയുടെ ചിത്രങ്ങളുടെ മുഖ്യ പ്രമേയങ്ങൾ. സംസ്കാരങ്ങളെ വികാരങ്ങളുമായി ചേർത്ത് കഥ പറയുന്ന ഡോണയുടെ ചിത്രങ്ങൾ കലാലോകത്ത് വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.

യു.എസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഓൺലൈൻ എക്സിബിഷൻ ടി.എസ്.ബി ഗാലറിയും, കണ്ടംപ്രററി ബ്രിട്ടീഷ് പെയിന്റിംഗ് പേജ് ഡോണയുടെ ‘ഗ്ലാസ് വിൻഡോ’ എന്ന ചിത്രവും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, യു.എ.ഇയിലെ പ്രമുഖ ഫീച്ചേർഡ് ആർട്ടിസ്റ്റ് ടീമായ ‘നിയോത്ത’യും ഡോണയുടെ സൃഷ്ടികളെ അഭിനന്ദനങ്ങളോടെ അടയാളപ്പെടുത്തിയിരുന്നു.

നാഷണൽ ആർട്സ് ബഹ്‌റൈൻ വെബ്സൈറ്റിൽ ഡോണയുടെ ചിത്രങ്ങൾ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഈ കലാകാരിയുടെ അന്താരാഷ്ട്ര നിലവാരത്തിനുള്ള തെളിവാണ്. ഈയിടെ ഓൺലൈനായി ബി.എ ബിരുദം പൂർത്തിയാക്കിയ ഡോണ, ആർട്ട് തെറാപ്പിയിൽ എം.എ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം, സാധാരണ കുടുംബങ്ങളിലെ കുട്ടികളിൽ ചിത്രകലാ ബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പുതിയൊരു സംരംഭത്തിന്റെ പ്രാഥമിക ഒരുക്കങ്ങളിലും ഈ കലാകാരി ഇപ്പോൾ സജീവമാണ്.

കലയിലൂടെ ലോകത്തെ കൂടുതൽ മനോഹരമാക്കാൻ സ്വപ്നം കാണുന്ന ഡോണ നിപിൻ, ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഒരേസമയം ആവേശവും അഭിമാനവുമാണ്.

Show Full Article
TAGS:art show Culture Art Painting 
News Summary - Malayali inspiration in the world of stripes
Next Story