ഷംസ് കൊച്ചിൻ: വിടപറഞ്ഞത് സ്നേഹിക്കാൻ മാത്രമറിയുന്ന മനുഷ്യൻ
text_fieldsഏറെ ഉള്ളുലയ്ക്കുന്ന വാർത്ത കേട്ടാണ് ബഹ്റൈനിലെ മലയാളി കലാ ഹൃദയം ഇന്നലെ ഉറക്കമുണർന്നത്. പ്രിയ കലാകാരനും പവിഴദ്വീപിന്റെ മലയാളി മുഖവുമായിരുന്ന ഏവരുടെയും പ്രിയപ്പെട്ട ഷംസ് കൊച്ചിൻ വിടപറഞ്ഞിട്ട് സമയമധികമായിട്ടില്ല.
പ്രിയപ്പെട്ടവരുടെ വിയോഗം എത്രത്തോളം മനുഷ്യന്റെ ഉള്ളുലയ്ക്കുമോ അത്രതന്നെ വേദന ബഹ്റൈനിലെ അദ്ദേഹത്തെ അറിയുന്ന അദ്ദേഹം അറിയുന്ന മനുഷ്യർക്കുണ്ട്. നിറപുഞ്ചിരിയോടെ മനുഷ്യരെ സ്നേഹിക്കുന്ന അതിരുകളില്ലാത്ത സ്നേഹത്തിന്റെ വക്താവ് എന്നതിലുപരി പരിചയപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന അമൂല്യത അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പരിചയപ്പെട്ടവരാരും പിന്നീടദ്ദേഹത്തെ വിട്ടുപോയിട്ടില്ല. കാലങ്ങളോളമായുള്ള ബന്ധങ്ങളുടെ മൂല്യത്തെയും ചേർത്തുപിടിക്കലിനെയും അതിമനോഹരമായി ഓർക്കുന്ന കുറച്ചധികം മനുഷ്യരെ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. മുഹറഖിലെ താമസസ്ഥലത്ത് സ്ഥിരമായി സംഗീതാസ്വദകരായ ചില മനുഷ്യരോടൊപ്പം കീബോർഡും ഹാർമോണിയവുമൊക്കെയായി സംഗീത സാഗരത്തിൽ ലയിച്ചിരുന്ന രാത്രികളും ഓർക്കുന്നവരുണ്ട്.
ഓരോ മരണവും ഒരു ശൂന്യതയാണ് അതേല്ക്കുന്നവരുടെയുള്ളില് സൃഷ്ടിക്കുന്നതെന്ന വസ്തുതയെ പ്രതിഫലിപ്പിക്കുന്ന കാഴ്ചകളാണ് ആ വിശാല സുഹൃദ് ബന്ധങ്ങളുടെ അനുസ്മരണ വാക്കുകളിൽ പ്രകടമാകുന്നത്.
നാല് പതിറ്റാണ്ടു കാലത്തിലധികമായി ഷംസ് ബഹ്റൈനിലെ പ്രവാസിയായിട്ട്. ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായാണ് പവിഴദ്വീപിലെത്തിയത്. നാട്ടിലെ കലാപരമായ ചുറ്റുവട്ടത്തുനിന്ന് പ്രവാസലോകത്തേക്ക് പറിച്ചുനടപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സംഗീതരംഗത്ത് സാന്നിധ്യമറിയിച്ച കുടുംബത്തിലെ കണ്ണിയെന്ന നിലക്ക് ഷംസുക്കയും ജനഹൃദയങ്ങളിൾ രാഗം പോലെ കടന്നുകൂടിയിരുന്നു. അതിന്റെ അത്യുച്ചം അനുഭവിക്കാനും ആസ്വദിക്കാനുമായത് ബഹ്റൈനിലെ അദ്ദേഹത്തിന്റെ സ്വന്തം മനുഷ്യർക്കാണ്. കീബോർഡുകളിൽ മാന്ത്രികത വിരിയിക്കുന്ന ആ വിരലുകളെ ആസ്വദിക്കാത്ത മലയാളികൾ ഇവിടെ ചുരുക്കമാകും. പ്രവാസലോകത്തെ വേദനകളും സങ്കടങ്ങളും ഷംസുക്കാന്റെ കീബോർഡുകൾ വായിച്ചുകേട്ടിട്ടുണ്ട്. കേരള സമാജത്തിലും ഇന്ത്യൻ ക്ലബിലും സ്ഥിരമായുണ്ടാകുന്ന മിക്ക കലാപരാപാടികളുടെയും ഓർക്കസ്ട്ര ഷംസുക്ക കൂടി അടങ്ങിയതാവും. പ്രമുഖരായ പല കലാകാരന്മാരുമായും അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കാൻ ഷംസുക്ക എന്നും ശ്രമിച്ചിരുന്നു. ബഹ്റൈനിലെ മലയാളി അസോസിയേഷനുകളുമായും സംഘടനകളുമായും അദ്ദേഹത്തിന് ഇഴയടുപ്പമായിരുന്നു. പിന്നീട് പടവ് എന്ന സംഘടന രൂപവത്കരിക്കുകയും അതിന്റെ രക്ഷാധികാരിയായി ഏറെ നാൾ പ്രവർത്തിക്കുകയും ചെയ്തു. വിദ്യാർഥികൾക്ക് സംഗീതത്തിന്റെ ആദ്യക്ഷരങ്ങൾ പഠിപ്പിക്കുന്നതിലും ഷംസ് പ്രത്യേക താൽപര്യം കാണിക്കുമായിരുന്നു.
കാലാ കാലവും കെട്ടുകളുള്ള പ്രവാസിയെന്ന ചിന്തകളെ നവീകരിക്കാൻ സ്വന്തമായി ബിസിനസ് ചെയ്യാമെന്ന തീരുമാനവും, അതിനു ശേഷമുണ്ടായ അപ്രതീക്ഷിത പരാജയങ്ങളും അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തി. ആ സമയത്തിനു ശേഷം സംഗീത ഉപകരണങ്ങളെയും ആ മാന്ത്രികതയെയും പൊതുവേദിയിലെത്തിക്കാൻ പിന്നീട് ഷംസുക്ക ശ്രമിച്ചിരുന്നില്ല എന്നത് ഏറെ ദുഃഖമുണ്ടാക്കിയ കാര്യമായിരുന്നു.
രോഗം വല്ലാതെ പ്രയാസപ്പെടുത്തിയപ്പോഴും ആത്മധൈര്യത്തോടെ നേരിടുന്ന ഷംസുക്കാനെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ. കഴിഞ്ഞ ഡിസംബറിലാണ് രോഗ പരിചരണത്തിനായി നാട്ടിലേക്ക് പോയത്. ബഹ്റൈൻ വിടാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. അത്രയേറെ മനോഹരമായി കെട്ടിയുയർത്തിയ ദൃഢബന്ധങ്ങൾ ആ യാത്ര പറച്ചിലുകൾ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രമുഖ ഗായകൻ അഫ്സലും കലാഭവൻ അൻവറും സഹോദരങ്ങളാണ്.
ഭാര്യ സുനിതയും മക്കളായ നഹ് ലയും, നിഹാലും ബഹ്റൈനിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജീവിതമൂഹൂര്ത്തങ്ങളുടെ അന്യാദൃശമായ കാന്തികളെ കണക്കിലെടുക്കാതെ വന്നു കയറുന്ന മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നല്ലാതെ ഈ സാഹചര്യത്തിൽ മറ്റെന്ത് പറഞ്ഞാണ് വിശേഷിപ്പിക്കാനാവുക.