പ്രമുഖ ടെലികോം കമ്പനിയുടേതെന്ന് തെറ്റിദ്ധരിച്ച്, വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് റീ ചാർജ് ചെയ്ത നിരവധി പേരുടെ പണം നഷ്ടപ്പെട്ടു
text_fieldsപ്രത്യക്ഷപ്പെടുന്ന വ്യാജ വെബ്സൈറ്റ്
മനാമ: ബഹ്റൈനിലെ പ്രമുഖ ടെലികോം കമ്പനിയുടേതെന്ന് തെറ്റിദ്ധരിച്ച് വ്യാജ വൈബ്സൈറ്റ് ഉപയോഗിച്ച് റീ ചാർജ് ചെയ്ത മലയാളികളുടേതടക്കം നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഓൺലൈൻ വഴി മൊബൈൽ റീ ചാർജ് ചെയ്യാൻ ശ്രമിച്ചവരുടെ പണമാണ് നഷ്ടപ്പെട്ടത്. കമ്പനിയുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്ത ശേഷം ലഭിക്കുന്ന ലിങ്ക് വഴി കമ്പനിയുടെ വെബ്സൈറ്റിൽ കയറിയാണ് പലരും റീചാർജ് ചെയ്തിരുന്നത്. എന്നാൽ നിലവിൽ ആ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നത് വ്യാജ ലിങ്കാണ്. ഒറ്റ നോട്ടത്തിൽ ഒരു വ്യത്യാസവും തോന്നാതെ കമ്പനിയുടെ ഒറിജിനൽ വെബ്സൈറ്റ് പോലെ തോന്നിപ്പിക്കുന്നതായിരുന്നു വ്യാജ ലിങ്കും വെബ്സൈറ്റും. ഇൗ വെബ്സൈറ്റ് വഴി റീചാർജ് ചെയ്ത നിരവധി പേർക്കാണ് പണം നഷ്ടമായത്.
പണം നഷ്ടപ്പെട്ട മലയാളിയുടെ അനുഭവം ഇങ്ങനെ
പതിവുപോലെ റീ ചാർജ് ചെയ്യാൻ വേണ്ടിയാണ് ഞാൻ ഗൂഗ്ൾ വഴി പ്രമുഖ കമ്പനിയുടെ സൈറ്റ് സെർച്ച് ചെയ്യുന്നത്. വർഷങ്ങളോളമായി ഞാൻ ഇതേ മാർഗമുപയോഗിച്ച് തന്നെയാണ് റീ ചാർജ് ചെയ്തിരുന്നതും. അതുകൊണ്ടുതന്നെ രണ്ടാമതൊന്ന് പരിശോധിക്കേണ്ടതിന്റെയോ സംശയിക്കപ്പെടേണ്ടതിന്റെയോ ആവശ്യം എനിക്കിതുവരെ വന്നിട്ടുമില്ലായിരുന്നു. എന്നാൽ ഇത്തവണ ഞാന് ശരിക്കും പെട്ടു. സെർച്ച് ചെയ്ത പ്രകാരം വന്ന ആദ്യ ലിങ്കിൽ തന്നെ ഞാൻ കയറി. സ്ഥിരമായി കാണുന്ന പ്രതലങ്ങളിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലാത്ത, കാഴ്ചയിൽ നമ്മൾ അന്വേഷിച്ച അതേ കമ്പനിയുടെ ലിങ്കാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അതും. അങ്ങനെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും റീ ചാർജ് ചെയ്യേണ്ട തുകയും നൽകി. പിന്നീടവർ പതിവു പോലെ ഒ.ടി.പിയും ചോദിച്ചു. എട്ട് ദീനാറായിരുന്നു ഞാൻ റീ ചാർജ് ചെയ്യാറ്. ഒ.ടി.പി നൽകിയപ്പോഴാണ് എട്ട് ദീനാറിനെക്കാൾ അധികം തുക തന്റെ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടതായി മെസേജ് വന്നത്. ഫോണിൽ റീചാർജ് ആയതും കാണുന്നില്ല. ആ സമയത്ത് ഞാൻ തട്ടിപ്പിനിരയായതായി മനസ്സിലാക്കുകയായിരുന്നു. ബാങ്ക് വിവരങ്ങൾ നൽകിയത് കൊണ്ട് ഉടനെ തന്നെ ഞാൻ ബന്ധപ്പെട്ട ബാങ്കുകാരെ അറിയിച്ച് എന്റെ കാർഡ് ബ്ലോക്കാക്കി. ബാങ്കിൽ 800 ദീനാറിലധികം തുകയുണ്ടായിരുന്നു. തട്ടിപ്പുകാർ 392 ദീനാറാണ് ആ ഒരുസമയം കൊണ്ട് മാത്രം കൈകളിലാക്കിയത്. ബാക്കി തുക എനിക്ക് സംരക്ഷിക്കാനായി. പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പോയപ്പോഴാണ് സമാന സംഭവത്തിൽ ഇതിനോടകം നിരവധി പേരുടെ തുക നഷ്ടപ്പെട്ടതായി അറിയുന്നത്. തൃശൂർ സ്വദേശിയണ് മേൽപറഞ്ഞ യുവാവ്.
ശ്രദ്ധിക്കണം, ആ ലിങ്ക് ഇപ്പോഴും നിലവിലുണ്ട്
ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ ലിങ്ക് നിർമിച്ചിരിക്കുന്നത്. ഇപ്പോഴും ആ ലിങ്ക് ഓൺലൈനിൽ നിലവിലുണ്ട് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. അതുകൊണ്ട് ഇനിയും ജനങ്ങൾ തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ടെന്നാണ് ഇരകൾ പറയുന്നത്. ടെലികോം കമ്പനിയുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നീക്കങ്ങൾ ഇക്കാര്യത്തിൽ വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
എന്നാൽ തങ്ങളുടേതല്ലാത്ത ലിങ്ക് വഴി പണം നഷ്ടമായതുകൊണ്ട് തങ്ങൾക്കിതിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് അവരുടെ മറുപടി. കേവലം ലിങ്ക് പിൻവലിപ്പിക്കാനുള്ള നടപടിയെങ്കിലും എത്രയും വേഗം വേണ്ടപ്പെട്ടവർ മുൻകൈ എടുത്ത് ചെയ്യണമെന്നാണ് അഭ്യർഥന. കഷ്ടപ്പെട്ടും പലതവണയായി സ്വരുക്കൂട്ടി വെച്ചും കരുതുന്ന പ്രവാസികളുടേതടക്കമുള്ള പണമാണ് ഇത്തരത്തിൽ അപഹരിക്കപ്പെടുന്നത് എന്നത് ഏറെ വേദനജനകമാണ്. ഇത്തരം തട്ടിപ്പുകളിൽപെടാതെ ജാഗ്രത പാലിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമുണ്ട്.