ആഘോഷത്തിന്‍റെ കൗതുക കാഴ്ചകളുമായി ‘മറാഇ’ തുടരുന്നു
text_fieldsബഹ്‌റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ നടക്കുന്ന മറാഇ 2026ൽ നിന്നുള്ള കാഴ്ചകൾ
മനാമ: ബഹ്റൈന്‍റെ വാർഷിക വിന്‍റർ ഇവന്‍റായ മറാഇ ഫെസ്റ്റിൽ ജനപ്രവാഹം. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ബുധനാഴ്ച രാവിലെ മുതലാണ് പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. രാജ്യത്തെ കാർഷിക, മൃഗസംരക്ഷണ മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് വർഷാ വർഷവും സല്ലാക്കിലെ ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധയിനം വളർത്തു പക്ഷി മൃഗാദികളും ബഹ്റൈന്‍റെ പൈതൃകത്തനിമയും വിനോദ പരിപാടികളും കോർത്തിണക്കിയ പ്രദർശനം കാണാൻ രണ്ടാം ദിനവും സ്വദേശികളും പ്രവാസികളുമടക്കം വൻ ജനപങ്കാളിത്തമാണ് മേളയിലേക്കെത്തിയത്. നവംബർ 15 ഞായറാഴ്ച വരെ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ഫെസ്റ്റ്. പ്രവേശനം സൗജന്യമാണ്.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രതിനിധിയായി എത്തിയ, മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
അറേബ്യൻ കുതിരകളുടെ പ്രദർശനം, ഒട്ടകങ്ങൾ, വിവിധയിനം കന്നുകാലികൾ, അപൂർവ പക്ഷികൾ, മുയലുകൾ, നായകൾ തുടങ്ങിയവ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി സജ്ജമാക്കിയ കളിസ്ഥലങ്ങളും കാഴ്ചകളും മേളയുടെ മറ്റൊരു ആകർഷണമാണ്. പ്രാദേശിക കർഷകരുടെയും മൃഗസംരക്ഷകരുടെയും അനുഭവങ്ങളും അപൂർവയിനം ജീവികളെക്കുറിച്ചുള്ള വിശേഷങ്ങളും മനസ്സിലാക്കാനും പഠിക്കാനും ഫെസ്റ്റിൽ അവസരമുണ്ട്.
കാർഷിക ഉൽപ്പാദന രംഗത്തെ ആധുനിക സാങ്കേതികവിദ്യകൾ, നൂതന കൃഷിരീതികൾ, കാർഷിക-മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന വിവിധ പവലിയനുകളും മേളയിലുണ്ട്.
കൂടാതെ, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന രീതിയിൽ സാംസ്കാരിക, കലാ, വിജ്ഞാന, വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മൊറോക്കോയിൽ നിന്നുള്ള കുതിരകളുടെ പ്രത്യേക അഭ്യാസ പ്രകടനങ്ങളും ഡോഗ് ഷോ, ഫാൽക്കൺ ഷോ മുതലായവയും മേളയുടെ മാറ്റുകൂട്ടുന്നു.
ഫെസ്റ്റ് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് സന്ദർശിച്ച് വിലയിരുത്തി. രാജ്യത്തെ കാർഷിക, മൃഗസംരക്ഷണ മേഖലകൾക്ക് രാജാവ് നൽകുന്ന തുടർച്ചയായ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളുമാണ് ഇത്തരമൊരു പ്രദർശനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഉൽപ്പാദന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഇത് വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദർശനത്തിലെ വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രി കർഷകർ, മൃഗസംരക്ഷകർ, വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തി. അവരുടെ ഉൽപ്പന്നങ്ങളും പദ്ധതികളും അദ്ദേഹം നേരിട്ട് കണ്ടു വിലയിരുത്തി.



