Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘മുഹറഖ് നൈറ്റ്‌സ്’...

‘മുഹറഖ് നൈറ്റ്‌സ്’ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ

text_fields
bookmark_border
‘മുഹറഖ് നൈറ്റ്‌സ്’ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ
cancel

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക ആഘോഷമായ ‘മുഹറഖ് നൈറ്റ്‌സ്’ ഫെസ്റ്റിവൽ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. മേള മാറ്റിവെച്ചതായും റദ്ദാക്കിയതായും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 1 മുതൽ 30 വരെ മുഹറഖിലെ പേളിങ് പാത്തിലാണ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് അരങ്ങേറുന്നത്.

മുഹറഖ് മുനിസിപ്പൽ കൗൺസിലുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ചില ഒരുക്കങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു. ഈ നടപടിക്രമങ്ങൾ ഒരു തരത്തിലും മേള മാറ്റിവെക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള തീരുമാനമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുമ്പോൾ കൃത്യത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ആവശ്യമായ അനുമതികൾ നേടാതെയും പ്രദേശവാസികളുടെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കാതെയും ഒരുക്കങ്ങൾ മുന്നോട്ടുപോകുന്നുവെന്നാരോപിച്ച് മുഹറഖ് മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മേഖലയിലെ മുതിർന്ന പൗരന്മാർ ഉൾപ്പെടെ നൂറോളം പേർ ഒപ്പിട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കൗൺസിലിന്റെ ഇടപെടൽ.

കൗൺസിലുമായി കൂടിയാലോചിക്കാതെയാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) മുനിസിപ്പൽ ഭൂമിയും കെട്ടിടങ്ങളും ഉപയോഗിക്കുന്നതെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളുടെ സുഖസൗകര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും, ആഘോഷത്തിന് എതിരല്ലെങ്കിലും പ്രായമായവരെ പാർക്കിങ് സൗകര്യമില്ലാതെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഘോഷത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഒരുക്കങ്ങൾ തടസ്സപ്പെടുത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൈതൃക മേളയായതിനാൽ ഒരുക്കങ്ങൾ വൈകുന്നത് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൗൺസിലർമാരോട് അഭ്യർത്ഥിച്ചു. എല്ലാ വർഷവും നടക്കുന്ന പരിപാടിയായതിനാൽ മുൻവർഷങ്ങളിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ‘ബാക്ക’ മുന്നോട്ടുപോയതെന്നും അദ്ദേഹം വിശദീകരിച്ചു.

പരിപാടി തടസ്സപ്പെടുത്താനല്ല, മറിച്ച് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കൗൺസിൽ ഈ നിലപാടെടുത്തതെന്ന് കൗൺസിൽ വൈസ് ചെയർമാൻ സാലിഹ് ബുഹസ്സ വ്യക്തമാക്കി. ‘ബാക്ക’ അധികൃതർക്ക് കൃത്യമായ അനുമതികൾ വാങ്ങി ജോലികൾ പുനരാരംഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നാണ് ഫെസ്റ്റിവൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Muharraq Muharraq Nights Festival Bahrain 
News Summary - Muharraq Nights Festival Confirmed
Next Story