Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖ് നൈറ്റ്‌സ്...

മുഹറഖ് നൈറ്റ്‌സ് ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു; അനുമതി പൂർണമായി ലഭിക്കാത്തതും പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമാവാത്തതും പ്രധാന കാരണം

text_fields
bookmark_border
മുഹറഖ് നൈറ്റ്‌സ് ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു; അനുമതി പൂർണമായി ലഭിക്കാത്തതും പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമാവാത്തതും പ്രധാന കാരണം
cancel

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക ആഘോഷമായ ‘മുഹറഖ് നൈറ്റ്‌സ്’ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു. ആവശ്യമായ അനുമതികൾ നേടാതെയും പ്രദേശവാസികളുടെ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയും നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെതിരെയാണ് കൗൺസിലിന്റെ നടപടി.

പൈതൃക മേഖലയിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർ ഉൾപ്പെടെ നൂറോളം പ്രദേശവാസികൾ ഒപ്പിട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് കൗൺസിൽ ഇടപെട്ടത്. കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ അവതരിപ്പിച്ച അടിയന്തര പ്രമേയം യോഗം അംഗീകരിക്കുകയായിരുന്നു.

ഡിസംബർ ഒന്ന് മുതൽ 30 വരെ മുഹറഖിലെ പേളിങ് പാത്തിലാണ് മുഹറഖ് നൈറ്റ്‌സിന്റെ അഞ്ചാം പതിപ്പ് നടക്കേണ്ടത്. കൗൺസിലുമായി കൂടിയാലോചിക്കാതെയാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) മുനിസിപ്പൽ ഭൂമിയും കെട്ടിടങ്ങളും ഉപയോഗിക്കുന്നതെന്ന് അബ്ദുൽ അസീസ് അൽ നാർ കുറ്റപ്പെടുത്തി. ജനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും, ആഘോഷത്തിന് എതിരല്ലെങ്കിലും പ്രായമായവരെ പാർക്കിങ് സൗകര്യമില്ലാതെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പേ കൗൺസിലുമായി ചർച്ച നടത്തിയിരുന്നെങ്കിൽ പ്രദേശവാസികൾക്കും കച്ചവടക്കാർക്കും ബദൽ സംവിധാനങ്ങൾ ഒരുക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആഘോഷത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഒരുക്കങ്ങൾ തടസ്സപ്പെടുത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിലെ ഏറ്റവും വലിയ പൈതൃക മേളയാണിതെന്നും, ഒരുക്കങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവെക്കുന്നത് പോലും വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൗൺസിലർമാരോട് അഭ്യർത്ഥിച്ചു. എല്ലാ വർഷവും നടക്കുന്ന പരിപാടിയായതിനാൽ മുൻവർഷങ്ങളിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ബാക്ക മുന്നോട്ട് പോയതെന്നും അദ്ദേഹം വിശദീകരിച്ചു.

പരിപാടി തടസ്സപ്പെടുത്താനല്ല, മറിച്ച് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്ന് കൗൺസിൽ വൈസ് ചെയർമാൻ സാലിഹ് ബുഹസ്സ പറഞ്ഞു. ബാക്ക അധികൃതർക്ക് കൃത്യമായ അനുമതികൾ വാങ്ങി ജോലികൾ പുനരാരംഭിക്കാമെന്നും, അല്ലാത്തപക്ഷം നിലവിൽ പൂർത്തിയായ സൗകര്യങ്ങൾ വെച്ച് മാത്രം മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമദ് രാജാവ് പ്രഖ്യാപിച്ച 'ഈസ അൽ കബീർ വർഷാചരണ'ത്തിന്റെ ഭാഗമായി മുഹറഖിന്റെ പൈതൃകം ഉയർത്തിക്കാട്ടുന്നതിനാണ് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം 1,300-ലധികം സാംസ്കാരിക-സംഗീത പരിപാടികൾ മേളയുടെ ഭാഗമായി നടന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Muharraq Nights Festival Preparations Bahrain News 
News Summary - Muharraq Nights preparations temporarily suspended
Next Story