ടാക്സി മേഖലയിൽ പുതിയ നിയമം; ഒരു ടാക്സിക്ക് മൂന്ന് അംഗീകൃത ഡ്രൈവർമാർ വരെ ആകാം
text_fieldsമനാമ: ബഹ്റൈനിൽ ഇനിമുതൽ ഒരു ടാക്സിക്ക് മൂന്ന് അംഗീകൃത ഡ്രൈവർമാർ വരെ ഉണ്ടാകാമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചു. ടാക്സി മേഖലയിൽ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് ഗതാഗത മന്ത്രാലയം. ബഹ്റൈനി ടാക്സി ഡ്രൈവർമാർക്ക് അവരുടെ അടുത്ത ബന്ധുക്കളെ (ഫസ്റ്റ്-ഡിഗ്രി റിലേറ്റീവ്സ്) അസിസ്റ്റന്റ് ഡ്രൈവർമാരായി ഒരേ വാഹനത്തിൽ ജോലി ചെയ്യാൻ അനുവദിക്കും.
തുടർച്ചയായ ടാക്സി സേവനം ഉറപ്പാക്കുക, പൗരന്മാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, കൂടാതെ ഈ മേഖലയിൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഫാത്തിമ അൽ ദായിൻ വ്യക്തമാക്കി.
വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിനും ഈ തീരുമാനം സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.സേവനത്തിന്റെ ഗുണനിലവാരവും ചിട്ടയായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.ലൈസൻസുള്ള ഡ്രൈവർമാർക്ക് ആവശ്യമായ വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mtt.gov.bhൽ ലഭ്യമാണ്.