ട്രാഫിക് നിയമലംഘനത്തെത്തുടർന്ന് ഒരു അപകടത്തിൽപെട്ടാൽ ഇൻഷുറൻസിന് അർഹനാണോ?
text_fieldsഎന്റെ ഒരു സ്നേഹിതൻ ജോലി സമയത്ത് ട്രാഫിക് നിയമലംഘനത്തെത്തുടർന്ന് ഒരു അപകടത്തിൽപ്പെട്ടു. ഇപ്പോൾ ഗോസിയിൽനിന്നോ വാഹനത്തിന്റെ ഇൻഷുറൻസിൽനിന്നോ ഒരു നഷ്ടപരിഹാരവും ലഭിക്കുകയില്ലെന്ന് അറിയുന്നു. ഇത് ശരിയാണോ?
ഗോസി നിയമപ്രകാരം സ്വയം പരിക്ക് വരുത്തുകയോ സ്വന്തം അശ്രദ്ധകൊണ്ട് അപകടത്തിൽ പരിക്ക് സംഭവിക്കുകയോ പരിക്കുണ്ടായിട്ട് അത് ശ്രദ്ധിക്കാതിരിക്കുകയോ ചികിത്സ നിർദേശം പാലിക്കാതിരിക്കുകയോ പരിക്കുമൂലമുള്ള ശാരീരിക സ്ഥിതികൊണ്ട് ചെയ്യാൻ പറ്റാത്ത ജോലി ചെയ്യുകയോ ചെയ്താൽ ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹരായിരിക്കില്ല.
പക്ഷേ, ഈ കാരണങ്ങൾ കൊണ്ട് 25 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമോ, മരണമോ സംഭവിച്ചാൽ ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. ഇത് തീരുമാനിക്കുന്നത് പൊലീസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അംഗവൈകല്യത്തിന്റെ തോത് തീരുമാനിക്കുന്നത് മെഡിക്കൽ കമീഷൻ ആണ്. വാഹനാപകടമാണെങ്കിൽ ഗോസിയിൽനിന്നും നഷ്ടപരിഹാരം ലഭിച്ചാൽപിന്നെ വാഹനത്തിന്റെ ഇൻഷുറൻസിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുകയില്ല.
ഒരു ഇൻഷുറൻസിൽനിന്ന് മാത്രമേ നഷ്ട പരിഹാരം ലഭിക്കുകയുള്ളൂ. ഗോസിയുടെ പരിധിയിൽ വരാത്ത വാഹനാപകടത്തിൽ നിന്നുമുണ്ടാകുന്ന അംഗവൈകല്യത്തിനോ മരണത്തിനോ നഷ്ടപരിഹാരം ലഭിക്കുന്നത് വാഹനത്തിന്റെ ഇൻഷുറൻസിൽനിന്നാണ്. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് പൊലീസിന്റെയും ക്രിമിനൽ കോടതിയുടെയും ഉത്തരവ് പ്രകാരമാണ്. ട്രാഫിക് നിയമ ലംഘനത്തിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല.
ഉദാഹരണത്തിന് റെഡ് സിഗ്നൽ ക്രോസ് ചെയ്ത് അപകടമുണ്ടായി പരിക്കുപറ്റുകയോ മരിക്കുകയോ ചെയ്താൽ വാഹനം ഓടിച്ച ഡ്രൈവർക്ക് അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. അതുപോലെ വാഹനാപകടത്തിൽ പരിക്ക് അല്ലെങ്കിൽ മരണപ്പെട്ട മറ്റു വ്യക്തികൾക്ക് ഡ്രൈവർ നഷ്ടപരിഹാരം നൽകേണ്ടി വരും.