പീഡന വാർത്തകൾ, വേറിട്ടൊരു വിചിന്തനം
text_fieldsകുറ്റകൃത്യങ്ങളെ വ്യക്തിഗതമായി മാത്രം സമീപിച്ചുകൊണ്ട് സ്വന്തം പാർട്ടിക്കാരനാണെങ്കിൽ മൗനത്തിന്റെ മൺപുറ്റിനകത്തേക്ക് നൂണ്ട് കയറുകയും എന്നാൽ എതിർചേരിക്കാരനാണെങ്കിൽ പൗരബോധം സടകുടഞ്ഞെഴുന്നേൽക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെ ഉത്തമ ഉദാഹരണങ്ങളായി നമ്മുടെ രാഷ്ട്രീയപ്രവർത്തകർ മാറിക്കഴിഞ്ഞത് വല്ലാത്ത ഓക്കാനമുണ്ടാക്കുന്നു.
അതുകൊണ്ടുതന്നെ സ്ത്രീപീഡന സംബന്ധിയായി ഏത് രാഷ്ട്രീയപാർട്ടിയും പ്രക്ഷോഭം ഉയർത്തിക്കൊണ്ട് വന്നാലും മുൻകാലത്ത് സ്വന്തം നേതാവിനെ രക്ഷിക്കാൻ അവർ സ്വീകരിച്ച ന്യായീകരണ മഹാമഹങ്ങൾ പൊങ്ങിവരുകയും കാപട്യം തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നു എന്നതുകൊണ്ട് ഫലത്തിൽ പൊതുപ്രവർത്തകരുടെ വിശ്വാസ്യത നഷ്ടപ്പെട്ടുപോകുന്നു എന്നത് ഒരു നഗ്നസത്യം തന്നെയാണ്.കുറ്റം ആര് ചെയ്താലും തെളിയിക്കപ്പെട്ടുകഴിഞ്ഞാൽ തള്ളിപ്പറയാനുള്ള ആർജവം ഓരോ പാർട്ടിനേതൃത്വവും കാണിച്ചാലേ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനാവൂയെന്ന് തീർച്ചയായും ബന്ധപ്പെട്ടവർ തിരിച്ചറിയുകതന്നെ വേണം.
ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു വസ്തുതയെന്തെന്നാൽ പണ്ടുകാലത്ത് തൊഴിലാളിപ്രസ്ഥാനങ്ങളെ ഉപയോഗിച്ച് സമരം നടത്തിച്ച് തനിക്കെതിര് നിൽക്കുന്ന വ്യവസായ സ്ഥാപനങ്ങളെ പൂട്ടിക്കാൻ ചില മുതലാളിമാർ ശ്രമിച്ച പോലെ ഒരു വ്യക്തി സാഹിത്യത്തിലോ സിനിമയിലോ രാഷ്ട്രീയത്തിലോ ഉയർന്നുവരുന്നുണ്ടെങ്കിൽ അയാളെ തകർക്കാൻ വേണ്ടി സ്ത്രീകളെ രംഗത്തിറക്കി ആരോപണം ഉന്നയിപ്പിക്കുന്നു എന്നതും ഒരു നഗ്നയാഥാർഥ്യമാണ്. തീവ്രവാദകേസുകളിൽ പ്രതിയാക്കപ്പെടുന്നതുപോലെ തന്നെ പീഡനപരാതികളിലും പ്രതിസ്ഥാനത്തുനിൽക്കുന്ന വ്യക്തിയെ ന്യായീകരിക്കാൻ സത്യം അറിയാമെങ്കിൽപോലും മാധ്യമരോഷം ഭയന്ന് ആരും തയാറാവുന്നില്ല. ഫലത്തിൽ പ്രസ്തുത വ്യക്തി വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു.
അപകടത്തിൽപെട്ട കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന പത്രലേഖകന്റെ വാചകമാണ് പി.ടി. ചാക്കോ എന്ന അധികായനായ നേതാവിന്റെ രാഷ്ട്രീയമായ പതനത്തിന് നിദാനമായത് എന്ന വസ്തുത നാം മറന്നുപോവരുത്.കാലമിത്രയായിട്ടും ആർക്കും തെളിയിക്കാൻ പറ്റാതെ പോയ ആ സ്ത്രീ പ്രയോഗത്തിൽ ഒരു നല്ല നേതാവിനെയാണ് കേരളത്തിന് നഷ്ടപ്പെട്ടു പോയത്. സത്യത്തിൽ പീഡനാരോപണങ്ങൾ സത്യസന്ധമാവുന്നത് സംഭവം നടന്നുകഴിയുമ്പോൾ തന്നെ അതിനെതിരെ പ്രതികരിക്കപ്പെടുമ്പോഴാണ്.
ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങൾ ഒരു കുറ്റമല്ലാത്ത നമ്മുടെ നാട്ടിൽ രണ്ട് വ്യക്തികൾ അവരുടെ സൗഹൃദകാലത്ത് പരസ്പര സന്തോഷത്തോടെയും സമ്മതത്തോടെയും നടത്തിയ പലതും വർഷങ്ങൾക്ക് ശേഷം തമ്മിൽ തെറ്റിയാൽ വിളിച്ചുപറയുകയും പിന്നീട് പൊതുസമൂഹവും മാധ്യമങ്ങളും അയാൾക്കുനേരെ ചാടി വീഴുകയും ചെയ്യുന്ന പ്രവണത അത്യന്തം ഹീനം എന്നല്ലാതെ എന്തുപറയാൻ. പീഡന ആരോപണങ്ങളിൽ കുടുങ്ങികിടക്കുന്നവരെ ന്യായീകരിക്കാൻ വേണ്ടിയല്ല ഈ കുറിപ്പ് എന്ന് കട്ടായമായിതന്നെ പറയട്ടെ. മറിച്ച് ചില നിരപരാധികൾ എങ്കിലും അപരാധികളായി സമൂഹത്തിന്റെ മുമ്പിൽ വിവസ്ത്രരാക്കപ്പെടുന്നു എന്ന നഗ്നസത്യത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ്.
ആത്യന്തികമായി, എതിർലിംഗത്തിൽപ്പെട്ടവരോട് ഇടപഴകുമ്പോൾ ഒരു അതിർ വരമ്പുവെക്കാൻ പൊതുപ്രവർത്തകർ തയാറാകണം. ഇല്ലെങ്കിൽ ഒരു വാട്സ്ആപ് ചാറ്റ് മതി തന്റെ ഭാവി നശിച്ച നാറാണക്കല്ലെടുക്കാൻ എന്ന് എപ്പോഴും ഒരു ബോധം ഉണ്ടായിരിക്കുന്നത് തീർച്ചയായും നല്ലതാണ്.സ്വന്തം സഹോദരികളെ ഓർത്തുകൊണ്ടുമാത്രം സഹപ്രവർത്തകയോട് ഇടപെടാനുള്ള പക്വതയാണ് യഥാർഥത്തിൽ വളരാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും കാണിക്കേണ്ടത്. കാലത്തിന്റെ അങ്ങേക്കരയിൽനിന്ന് പൂന്താനം ഇപ്പോഴും ഉച്ചത്തിൽ ആ വരികൾ ചൊല്ലുകയാണ്. മാളിക മുകളേറിയ മന്നന്റെ !!!.