കുരുന്നു പ്രായത്തിൽ കലാരംഗത്ത് കൈയൊപ്പ് ചാർത്തി നിഹാര മിലൻ
text_fieldsനിഹാര മാതാപിതാക്കൾക്കൊപ്പം
മനാമ: കുരുന്നു പ്രായത്തിൽ കലയുടെ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തി സമ്മാനങ്ങൾ വാരിക്കൂട്ടുകയാണ് ബഹ്റൈൻ പ്രവാസിയായ നിഹാര മിലൻ എന്ന ഏഴു വയസ്സുകാരി. ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഈ കൊച്ചുമിടുക്കി ബഹ്റൈനിൽ പ്രവാസികളായ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മതിലകം സ്വദേശി മിലന്റെയും അളകയുടെയും മകളാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾക്കായി നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമത്സരമായ ബി.കെ.എസ് ജി.സി.സി കലോത്സവം 2025ൽ പത്തോളം വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച് ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കി നിഹാര ഗ്രൂപ് രണ്ടിലെ ചാമ്പ്യനുമായി. കെ.സി.എ നടത്താറുള്ള ഇന്ത്യൻ ടാലന്റ് സ്കാൻ 2024 ൽ നിഹാര ‘കലാതിലകം’ ആയിരുന്നു. കൂടാതെ കഴിഞ്ഞ വർഷത്തെ ബി.കെ.എസ് കലോത്സവത്തിലും നിഹാര ഗ്രൂപ് ഒന്നിലെ ചാമ്പ്യൻ ആയിരുന്നു.
നിഹാരയുടെ അച്ഛൻ പതിനൊന്ന് വർഷമായി ബഹ്റൈനിൽ താമസിച്ചുകൊണ്ട് സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇൻസ്പെക്ഷൻ എൻജിനീയറായാണ് ജോലി ചെയ്യുന്നത്. അമ്മ അളക മിലൻ ബഹ്റൈനിൽ സെയിൽസ് എൻജിനീയർ ആയും ജോലി ചെയ്യുന്നു. നർത്തകി കൂടിയായ നിഹാരയുടെ അമ്മ ബഹ്റൈൻ കേരള സമാജം അംഗങ്ങൾക്കായി നടത്തുന്ന കേരളോത്സവം 2025ൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. കൂടാതെ ബഹ്റൈനിലെ വിവിധ വേദികളിൽ നൃത്ത പരിപാടികളിലും അളക പങ്കെടുക്കാറുണ്ട്.
സ്കൂളിൽ നടത്താറുള്ള ഡാൻസ്, മ്യൂസിക് തുടങ്ങിയ മത്സരങ്ങളിൽനിന്നും നിരവധി സമ്മാനങ്ങൾ നിഹാരക്ക് ലഭിച്ചിട്ടുണ്ട്. യുഗപ്രഭാവൻ ഗുരുഗീതം എന്ന മ്യൂസിക് ആൽബത്തിൽ നിഹാര പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഗുരു സ്വാതി വിനിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിക്കുന്ന നിഹാരയുടെ കർണാടിക് മ്യൂസിക് ഗുരു ആർ.എൽ.വി. സന്തോഷ് ആണ്.
സിനിമാറ്റിക്, വെസ്റ്റേൺ ഡാൻസ് പ്രശാന്ത് മാസ്റ്ററുടെ കീഴിലും അഭ്യസിക്കുന്നു. വളർന്നുവരുന്ന ഈ കൊച്ചു കലാകാരിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളുമായി കലാസ്നേഹികളായ മാതാപിതാക്കൾ എപ്പോഴും ഒപ്പമുണ്ട്.


