ഒസാക്ക എക്സ്പോ 2025; ബഹ്റൈന്റെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് കിരീടാവകാശി
text_fieldsമനാമ: ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ലെ ബഹ്റൈന്റെ ദേശീയ ദിനാഘോഷത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു.ലോക എക്സ്പോയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനും ഒരു പ്രധാന വേദിയായി വർത്തിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
ബഹ്റൈൻ പവിലിയൻ രാജ്യത്തിന്റെ പൈതൃകവും നേട്ടങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണെന്ന് കിരീടാവകാശി പറഞ്ഞു. ഇത് പങ്കാളിരാജ്യങ്ങളുമായി സാംസ്കാരികവും സാമ്പത്തികവുമായ കൈമാറ്റങ്ങൾ വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്പോയിൽ നടന്ന പൈതൃക കലാരൂപങ്ങളും കലാപ്രദർശനങ്ങളും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും സംസ്കാരത്തെയും പ്രതിഫലിക്കുന്നതാണെന്ന് അദ്ദേഹം പ്രശംസിച്ചു.
സുസ്ഥിരമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനായി ബഹ്റൈന്റെ നിക്ഷേപ, സാമ്പത്തികസാധ്യതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയും കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരവും പുരോഗതിയും മനോഹരമായി അവതരിപ്പിച്ചതിന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിനും (ബി.എ.സി.എ) പവിലിയന്റെ സംഘാടകർക്കും അദ്ദേഹം നന്ദി അറിയിച്ചു. ബഹ്റൈന്റെ ദേശീയ തൊഴിലാളികളുടെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും അവരുടെ കഠിനാധ്വാനം രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർധിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
ജപ്പാനുമായുള്ള ഉഭയകക്ഷി ബന്ധം
ജപ്പാൻ മന്ത്രി കോഗ യോച്ചിറോ ദേശീയ ദിനാഘോഷത്തിൽ ബഹ്റൈന് അഭിനന്ദനങ്ങൾ അറിയിച്ചു.രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും ദീർഘകാല സൗഹൃദത്തെയും അദ്ദേഹം പ്രകീർത്തിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുശേഷം, കിരീടാവകാശി ജാപ്പനീസ് പവലിയൻ സന്ദർശിക്കുകയും ജപ്പാന്റെ സാംസ്കാരിക പൈതൃകവും ശാസ്ത്ര-സാങ്കേതിക പുരോഗതിയും നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു.
ജപ്പാന്റെ നേട്ടങ്ങളെയും എക്സ്പോ വിജയകരമായി സംഘടിപ്പിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിച്ചു.