ബഹ്റൈൻ ഗ്രാൻഡ് പ്രീ; 'ഓസ്കാർ' വിന്നർ
text_fieldsഓസ്കാർ പിയസ്ട്രി,ജോർജ് റസൽ
മനാമ: കാറോട്ട പ്രേമികൾ കാത്തിരുന്ന ഫോർമുല വൺ വേഗപ്പോരിന്റെ രാജാവായി മക്ലാരന്‍റെ ഓസ്കാർ പിയസ്ട്രി. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച ഓസ്കാർ ലാപുകൾ വിട്ടുനൽകാതെ വിജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. മേഴ്സിഡസിന്‍റെ ജോർജ് റസലാണ് രണ്ടാമത് ഫിനിഷ് ചെയ്തത്. ഫെറാരിയുടെ ചാൾസ് ലെക്ലാർക്കുമായി അവസാന ലാപിൽ നടന്ന ചൂടേറിയ പോരാട്ടിത്തിനൊടുവിൽ മക്ലാരന്‍റെ ലാൻഡോ നോറിസ് മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
ലെക്ലാർക്ക് നാലം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫെറാരിയുടെ ലെവിസ് ഹാമിൾട്ടൻ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് തവണ ബഹ്റൈൻ ഗ്രാൻഡ് പ്രീ എഫ് വൺ ജേതാവായ മാർക്സ് വെസ്റ്റാപ്പൻ ഇത്തവണ ആരാധകരെ നിരാശരാക്കി. ആറാമതായാണ് വെസ്റ്റാപ്പൻ ലാപ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാക്ടീസ് മത്സരങ്ങളിൽ മക്ലാരൻ ടീമിന്‍റെ സമ്പൂർണാധിപത്യമായിരുന്നു. ആദ്യ മത്സരത്തിൽ ലാൻഡോ നോറിസ് നേടിയ നേട്ടങ്ങൾ രണ്ടും മൂന്നൂം പരിശീലന മത്സരത്തിലും ക്വാളിഫെയർ മത്സരത്തിലും ഓസ്കാർ പിയസ്ട്രി നിലനിർത്തി.
എഫ് വൺ മത്സരത്തിന്‍റെ മുൻനിരയിലെ ആദ്യ സ്ഥാനത്തിനായുള്ള സ്റ്റാർട്ടിങ് ഗ്രിഡ് മത്സരത്തിലും പിയസ്ട്രിക്കായിരുന്നു ആധിപത്യം. എഫ് വൺ മത്സരത്തിൽ രണ്ടാമതായി ഫെരാരിയുടെ ചാൾസ് ലെക്ലർക്കും മൂന്നാമതായി മേഴ്സിഡസിന്‍റെ ജോർജ് റസലുമാണ് സ്റ്റാർട്ട് ചെയ്തത്.
സ്റ്റാർട്ടിങ് ഗ്രിഡിൽ ആറാമതായാണ് നോറിസ് തുടങ്ങിയത്. തുടർ വിജയങ്ങളുടെ ആത്മവിശ്വാസം ഒട്ടും ചോരാതെ തന്നെയാണ് പിയസ്ട്രി ഫോർമുല വൺ മത്സരത്തിനിറങ്ങിയത്. അവസാന അങ്കവും അനായാസം പിയസ്ട്രി സ്വന്തമാക്കുകയായിരുന്നു.
ആവേശത്തിൽ കാണികൾ
നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയ ആവേശ പോരാട്ടത്തിൽ കാണികളെ പ്രകമ്പനം കൊള്ളിക്കുന്ന വേഗതയിലാണ് മത്സരാർഥികൾ ട്രാക്കിനെ തീപ്പിടിപ്പിച്ച് കുതിച്ചുകൊണ്ടിരുന്നത്. പ്രിയ താരങ്ങളുടെ പ്രകടനങ്ങൾ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു.
ചീറിപായുന്ന കാറുകളോടൊപ്പം ഗാലറിയിൽ ചൂര് കൂടിക്കൊണ്ടിരുന്നു. 57 ലാപ് മത്സരങ്ങളായിരുന്നു ബഹ്റൈൻ ഗ്രാൻഡ് പ്രീയിലേത്. 5.412 കിലോ മീറ്ററാണ് ഒരു ലാപ്പിന്‍റെ ദൂരം. 308.238 കിലോ മീറ്ററായിരുന്നു ആകെ റേസ് ദൂരം. 20 പേരടങ്ങുന്ന 10 ടീമുകളായാണ് മത്സരത്തിനിറങ്ങിയത്.
പ്രമുഖ ഡ്രൈവർമാർ പലരും ആരാധകരെ നിരാശരാക്കിയ കാഴ്ചക്കും ബി.ഐ.സി ഇന്നലെ സാക്ഷിയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബഹ്റൈൻ ഇന്‍റർ നാഷനൽ സർക്യൂട്ടിൽ രാപ്പകലുകളെ ധന്യമാക്കിയ ഫോർമുല മത്സരങ്ങൾക്ക് ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്.
വിജയാഹ്ലാദത്തിൽ ഓസ്കാർ പിയസ്ട്രി
വീര്യം ചോരാതെ ട്രാക്കിലിറങ്ങി സർജാക്കി സ്റ്റുവർട്ട്
പ്രായാധിക്യത്തിലും യുവത്വത്തിന്‍റെ വീര്യത്തോടെ ട്രാക്കിലിറങ്ങി ഫോർമുല വൺ ലെജൻഡ് സർ ജാക്കി സ്റ്റുവർട്ട്. മൂന്ന് തവണ ഫോർമുല വൺ ലോക ചാംമ്പ്യനായ സർ സ്റ്റുവർട്ട് ഓർമകൾ പുതുക്കിയാണ് ബഹ്റൈൻ സർക്യൂട്ടിന്‍റെ ഒരു ലാപ് പൂർത്തിയാക്കിയത്.
ഹെൽമെറ്റും ഡ്രൈവിങ് ജാക്കറ്റുമിട്ട് ട്രാക്കിലിറങ്ങിയ സ്റ്റുവർട്ട് 1973കളിലെ വേഗപ്പോരിന്‍റെ ട്രാക്കുകളെ ഓർമപ്പെടുത്തി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വേൾഡ് ചാമ്പ്യൻ കൂടിയാണ് സ്റ്റുവർട്ട്. റേസ് എഗൈൻസ്റ്റ് ഡിമെൻഷ്യ ചാരിറ്റിയുടെ ധനസമാഹരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹം ട്രാക്കിലിറങ്ങിയത്.
ഫോർമുല ടു
മനാമ: ഇന്നലെ ഉച്ചക്ക് ശേഷംനടന്ന ഫോർമുല ടു 32 ലാപ് ഫീച്ചർ റൈസിങ്ങിൽ റോഡിൻ മോട്ടോർസ്‌പോർട്ടിലെ ഐറിഷ് ഡ്രൈവർ അലക്‌സാണ്ടർ ഡുന്നെ ജയം സ്വന്തമാക്കി. ഹൈടെക് ടിജിആറിന്റെ ബ്രിട്ടീഷ് താരം ലൂക്ക് ബ്രൗണിങ്ങാണ് രണ്ടാം സ്ഥാനത്തും ഇൻവിക്ട റേസിങ്ങിന്‍റെ താരം ഫോർണറോളി മൂന്നാമതുമായി ഫിനിഷ് ചെയ്തു. എഫ്.ടു സ്പ്രിന്‍റ് റൈസിൽ കാംപോസ് റൈസിങ്ങിന്‍റെ ജെ. മാർട്ടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഫോർമുല ത്രീ
മനാമ: ഞായറാഴ്ച നടന്ന എഫ്.ഐ.എ ഫോർമുല ത്രീ ചാമ്പ്യൻഷിപ്പ് ഫീച്ചർ റൈസിൽ വിജയം നേടി ട്രിഡെന്‍റിന്‍റെ ബ്രസീലിയൻ താരം റാഫേൽ കാമെറ. 22 ലാപ്പുകളുള്ള ആദ്യ മത്സരത്തിൽതന്നെ ലീഡ് നഷ്ടപ്പെട്ട കാമറെ റോഡിൻ മോട്ടോസ്പോട്ടിന്‍റെ ബ്രിട്ടീഷ് താം കെല്ലം വോയ്സിനുമായുള്ള പോരാട്ടത്തിനൊടുവിൽ അഞ്ചാം ലാപിൽ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.
ഒരു മിനിറ്റ് 52.931 സെക്കന്‍റാണ് കാമെറെയുടെ മികച്ച സമയം. തൊട്ടു പിന്നിലുള്ള വോയ്സിൻ 1.53.585 സെക്കന്‍റാണ് മികച്ചാതായി കുറിച്ചത്. ഫോർമുല ത്രീ സ്പ്രിന്‍റ് റൈസ് കാംപോസ് റൈസിങ്ങിന്‍റഎ ബൾഗേറിയൻ താരം നിക്കോല ടിസോൾവും സ്വന്തമാക്കി.