24ാം പാർട്ടി കോൺഗ്രസ്: പ്രവാസികളുടെ പ്രതിനിധിയായി സി.വി. നാരായണനും
text_fieldsസി.വി. നാരായണൻ
മനാമ: തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന സി.പി.എം 24ാം പാർട്ടി കോൺഗ്രസിൽ ബഹ്റൈൻ പ്രവാസികൾക്കും അഭിമാനിക്കാൻ വകയുണ്ട്. മലയാളികളുടെ സ്വന്തം സഖാവും ബഹ്റൈൻ ഇടത് പ്രസ്ഥാനത്തിന്റെ മുഖവുമായ സി.വി. നാരായണൻ പ്രത്യേക ക്ഷണിതാവായാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ബഹ്റൈനിൽനിന്ന് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആദ്യ ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. ജി.സി.സി രാജ്യങ്ങളിൽനിന്ന് രണ്ടു പേർക്കാണ് ഇത്തവണ ക്ഷണം. യു.എ.ഇ പ്രവാസികളെ പ്രതിനിധീകരിച്ച് എൻ.കെ. കുഞ്ഞുമുഹമ്മദ് പേരാമ്പ്രയും സി.വിയോടൊപ്പം പാർട്ടി കോൺഗ്രസിനുണ്ട്.
കണ്ണൂരിന്റെ രാഷ്ട്രീയ പാശ്ചാത്തലത്തിൽനിന്ന് പ്രവാസലോകത്തേക്ക് പറിച്ചു നടപ്പെട്ട സി.വി. നാരായണൻ പവിഴദ്വീപിലെ പ്രവാസികൾക്കെന്നും പ്രിയ സഖാവാണ്. രക്തബന്ധമോ ഒരു മുൻപരിചയമോ ഇല്ലാത്ത ഒരാളുമായി ഒറ്റവിളിയിലൂടെ ഗാഢമായ ഒരു ആത്മബന്ധം സ്ഥാപിച്ചു നൽകുന്ന പ്രത്യേകത സഖാവെന്ന വിളിക്കുണ്ട്. അതിനെ അന്വർഥമാക്കുന്ന വ്യക്തിത്വമാണ് സി.വി. പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെട്ടും പാർട്ടി പ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിച്ചും സി.വി കഴിഞ്ഞ 40 വർഷത്തിലേറെയായി ബഹ്റൈനിലുണ്ട്.
1975 മുതൽ കണ്ണൂരിലെ മാടായി പ്രദേശത്ത് തുടങ്ങിയ പാർട്ടി പ്രവർത്തനം കുറുവാട് ബ്രാഞ്ച് കമ്മിറ്റിയിലേക്കും ഏഴോം ലോക്കൽകമ്മിറ്റിയിലേക്കും വളർന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയിലടക്കം പ്രാതിനിധ്യം സ്ഥാപിച്ച സി.വി നാട്ടുകാർക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും നേതാവായ സഖാവായിരുന്നു. പിന്നീട് സാഹചര്യ പ്രതികൂലതയുടെ അതിപ്രസരം മൂലം 1983ലാണ് സി.വിയെ കടൽ കടക്കാൻ നിർബന്ധിതനാക്കുന്നത്. നാട്ടിലെ അതിയായ ഇഷ്ടങ്ങളെയും പാർട്ടി പ്രവർത്തനങ്ങളെയും മനസ്സുകൊണ്ട് ത്യജിക്കേണ്ടിവന്ന സി.വി പവിഴദ്വീപിലെത്തുന്നത് ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായാണ്. വെറുമൊരു പ്രവാസിയായി കഴിഞ്ഞു കൂടേണ്ട ആളല്ല താനെന്ന ചിന്തയിൽ സി.വി ഇവിടെയും പാർട്ടി പ്രവർത്തനങ്ങളെ മുറുകെപ്പിടിങ്ങാനൊരുങ്ങി. നാടും വീടും മാത്രേ സി.വിക്ക് മാറ്റമുള്ളതായി തോന്നിയിട്ടുള്ളൂ. ആത്മാർഥതയുള്ള പ്രിയ സഖാക്കളെ പവിഴദ്വീപിലും സി.വിക്ക് കാണാനായി.
ശ്വസിക്കുന്ന വായുവിൽപോലും പാർട്ടിയുടെ വീര്യമുള്ള സി.വി ഇവിടെയും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ബഹ്റൈനിലെ പാർട്ടി പ്രവർത്തനങ്ങൾക്കായി 1984ൽ രൂപവത്കരിച്ച ‘പ്രതിഭ’ എന്ന സംഘടനയുടെ രൂപവത്കരണ കമ്മിറ്റിയിലെ അംഗമായിരുന്നു അദ്ദേഹം. സംഘടനക്ക് ‘പ്രതിഭ’ എന്ന പേര് നിർദേശിച്ചതിന് പിന്നിലും സി.വിയാണ്. കേരള സർക്കാർ 2018ൽ ആവിഷ്കരിച്ച പദ്ധതിയായ ലോക കേരളസഭയിലെ 182 പ്രവാസി അംഗങ്ങളിൽ ഒരാളു കൂടിയാണ് അദ്ദേഹം. ഇടതുപക്ഷ പ്രസ്ഥാനത്തിലെ മൺമറഞ്ഞ് പോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടുമിക്ക നേതാക്കളുമായും വലിയ ആത്മബന്ധമുള്ള വ്യക്തികൂടിയാണ് സി.വി. നിലവിൽ സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായി പ്രവർത്തിക്കുകയാണ് അദ്ദേഹം.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. സഹോദരന്മാരായ ജനാർദനനും ബാബുവും ബഹ്റൈനിലുണ്ട്. മധുരയിലെ പാർട്ടി കോൺഗ്രസിലുള്ള സി.വി. നാരായണന്റെ സാന്നിധ്യം പ്രതിഭ എന്ന സംഘടനക്ക് മാത്രമല്ല ബഹ്റൈനിലുള്ള പ്രവാസികൾക്കും അഭിമാനിക്കാൻ വകയുള്ളതാണ്. അതിന് കാരണം സി.വി എന്ന വ്യക്തി കൂടിയാണ്.