പ്രൗഢം ഗംഭീരം അഭിമാനം; ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് സമാപനം
text_fieldsമൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ ശൈഖ് ഖാലിദ്
മനാമ: ഏഷ്യൻ ഐക്യത്തിന്റെ ചൈതന്യം ലോകത്തിന് കാട്ടിക്കൊടുത്ത മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് വർണാഭമായ സമാപനം. കഴിഞ്ഞ രാത്രി ഖലീഫ സ്പോർട്സ് സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ബഹ്റൈൻ ഗെയിംസിന് വിട നൽകി.
ഏഷ്യയിലെ 45 രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളുടെ സംഘം ആവേശകരമായ ആരവങ്ങൾക്കിടയിൽ പരേഡ് നടത്തിയത് ചടങ്ങിന് വൈകാരികമായ നിമിഷം സമ്മാനിച്ചു. വെറും എട്ട് മാസത്തിനുള്ളിൽ ഇത്രയും വലിയൊരു അന്താരാഷ്ട്ര കായികമേള സംഘടിപ്പിച്ച ബഹ്റൈന്റെ ശ്രദ്ധേയമായ നേട്ടത്തിനുള്ള അംഗീകാരം കൂടിയായി ഈ നിമിഷം. ബഹ്റൈനിൽ നടന്ന മൂന്നാമത് ഗെയിംസിന്റെ വിജയകരമായ നേട്ടത്തിന് പിന്നിൽ ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നിരന്തര പരിശ്രമങ്ങളും നേതൃത്വ വൈദഗ്ധ്യവുമാണ്.
കൂടെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെയും മേൽനോട്ടവും മേളയെ പൂർണതയിലെത്തിച്ചു. ഗെയിംസ് വിജയകരമാക്കിയതിൽ ബഹ്റൈൻ വഹിച്ച പങ്കിനെ ഒ.സി.എ ഫസ്റ്റ് വൈസ് പ്രസിഡന്റ് തിമോത്തി ഫോക് പ്രശംസിച്ചു. ‘‘അത്ഭുതകരം’’ എന്നാണ് ഗെയിംസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വം ഗെയിംസിന് ഒരു ആത്മാവ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. മെഡൽ വേട്ടയിൽ ചൈന; മികച്ച പ്രകടനവുമായി ഇന്ത്യ ഒമ്പത് ദിവസം നീണ്ടുനിന്ന കൗമാര താരങ്ങളുടെ ഏഷ്യൻ ഗെയിംസിലെ 23 വേദികളിലായി 45 രാജ്യങ്ങളിൽനിന്ന് 8000ത്തിലധികം അത്ലറ്റുകളാണ് മാറ്റുരച്ചത്. മെഡൽ നേട്ടത്തിൽ ഇത്തവണയും ചൈനയുടെ ആധിപത്യമായിരുന്നു. 63 സ്വർണവും 49 വെള്ളിയും 35 വെങ്കലവുമായി 147 മെഡലുകളോടെ ചൈന ഇത്തവണയും ഒന്നാമതെത്തി. 37 സ്വർണവുമായി ഉസ്ബകിസ്താൻ രണ്ടാമതും 24 സ്വർണവുമായി കസാഖ്സ്താൻ മൂന്നാമതുമാണ്. ഇന്ത്യക്കും ചരിത്ര നേട്ടം സമ്മാനിച്ചുകൊണ്ടാണ് ഗെയിംസ് ഇത്തവണ കൊടിയിറങ്ങുന്നത്.
13 സ്വർണവും 18 വെള്ളിയും 17 വെങ്കലവുമായി 48 മെഡലുകളോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യ എക്കാലത്തേയും മികച്ച മെഡൽവേട്ട കൂടിയാണ് യൂത്ത് ഗെയിംസിൽ നടത്തിയത്. കബഡിയിലെ ഇരട്ട സ്വർണനേട്ടത്തോടെ തുടങ്ങിയ ഇന്ത്യ ബോക്സിങ്ങിൽ നാല് സ്വർണവും റെസ്ലിങ്ങിലും ബീച്ച് റെസ്ലിങ്ങിലും മൂന്നുവീതം സ്വർണവും വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഒരു സ്വർണവും നേടി.
ആതിഥേയ പതാക ഉസ്ബകിസ്താന് കൈമാറി
നാലാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ആതിഥേയത്വത്തിന് ഒരുങ്ങുന്ന ഉസ്ബകിസ്താന് ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) പതാക ഉസ്ബകിസ്താൻ ദേശീയ ഒളിമ്പിക് കമ്മിറ്റി ഫസ്റ്റ് വൈസ് പ്രസിഡന്റ് ഒടാബെക് ഉമറോവിന് കൈമാറി. 2029ലെ ഏഷ്യൻ യൂത്ത് ഗെയിംസ് ഉസ്ബകിസ്താന്റെ തലസ്ഥാനമായ താഷ്കന്റിൽ അരങ്ങേറും.
നാലാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ
പതാക കൈമാറുന്നു


