ഇന്ത്യ-ബഹ്റൈൻ ആത്മബന്ധങ്ങളുടെ അഭിമാനഗാഥ
text_fieldsബഹ്റൈൻ എയർ ഷോയിൽ പങ്കെടുത്ത ഇന്ത്യയുടെ സാരംഗ് ഹെലികോപ്ടർ ടീം
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്ന നാടിനെ ഒന്നിച്ചുചേർത്ത് ഇന്ത്യയെന്ന രാജ്യം നിർമിക്കാൻ പരിശ്രമിച്ച, സ്വാതന്ത്ര്യ സമരത്തിന് മുന്നിൽനിന്ന എത്രയോ പേർ നമ്മുടെ ഓർമയിലുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ മുൻ നിർത്തി മുന്നോട്ടുപോകുന്ന ഇന്ത്യ റിപ്പബ്ലിക്കിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ്...
ഭരണഘടന നിലവില്‍ വന്ന നാള്‍ മുതല്‍ ഇന്നുവരെ, മറ്റു പല രാജ്യങ്ങള്‍ക്കും പ്രചോദനവും വിസ്മയകരവുമായ യാത്രയായിരുന്നു ഇന്ത്യയുടേത്. 76ാം റിപ്പബ്ലിക്ക് ആഘോഷങ്ങൾക്കൊരുങ്ങുമ്പോഴും ഓരോ പൗരനും ഇന്ത്യയുടെ ഗാഥയില്‍ അഭിമാനിക്കാനുള്ള വകയുണ്ട്. ഏകീകൃതവും നീതിയുക്തവുമായ രാജ്യം വിഭാവനം ചെയ്തവരുടെ സ്വപ്നങ്ങളാണ് ഇന്ത്യൻ ഭരണഘടന പ്രതിഫലിപ്പിക്കുന്നത്. അതിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജാഗ്രതയോടെ തുടരുക എന്നതാണ് നാം രാജ്യത്തോട് ചെയ്യാനുള്ള കടമയായി കാണേണ്ടത്. ഇന്ത്യയെന്ന ഒറ്റവികാരവും അതിലുയരുന്ന ദേശീയബോധവും ലോകത്തെവിടെയായാലും നിലനിർത്താനും അനുവർത്തിക്കാനും നമ്മൾ ബാധ്യസ്ഥരുമാണ്.
പ്രവാസലോകത്തെ ഒരോ ഇന്ത്യക്കാരനും സ്വന്തം രാജ്യത്തോടുള്ള ബഹുമാനവും അഭിമാനവും വാനോളമുയർത്തുന്ന ദിവസങ്ങളിലൊന്നു കൂടിയാണ് റിപ്പബ്ലിക് ദിനം. ഇന്ത്യ അതിന്‍റെ 76ാം റിപ്പബ്ലിക് ആഘോഷിക്കാനിരിക്കുമ്പോൾ പവിഴദ്വീപിലെ ഇന്ത്യൻ സമൂഹത്തിനിടയിലും തെല്ലും കുറവില്ലാത്ത ആഘോഷങ്ങളാണ്. മതമൈത്രിയധിഷ്ഠിതമായി വൈവിധ്യമാർന്ന പരിപാടികളും മറ്റുമായി പ്രവാസി സംഘടനകൾ രാജ്യ ഭരണഘടനയുടെ വാർഷികത്തിൽ ഒന്നിച്ചുകൂടുന്നത് പതിവാണ്. ബഹ്റൈനിലെ ആഘോഷങ്ങൾക്ക് തുടക്കമാകുന്നതും മാറ്റുകൂടുന്നതും ഇന്ത്യൻ എംബസിയിൽ ത്രിവർണ പതാക വാനിലേക്കുയർന്നു തുടങ്ങുമ്പോഴാണ്.
പാരമ്പര്യത്തിലധിഷ്ഠിതമായ വാണിജ്യ ബന്ധങ്ങൾ നിലനിന്നിരുന്ന അത്ഭുത ദ്വീപാണ് ഇന്ത്യക്കെന്നും ബഹ്റൈൻ. ഏകദേശം 5000 വർഷത്തോളം പഴക്കമുള്ള വാണിജ്യബന്ധം ഇരുവരും തമ്മിലുണ്ടെന്നതാണ് ചരിത്രം. മുത്തും പവിഴവും ശേഖരിച്ചിരുന്ന കാലം മുതൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി വരെ ഇന്ത്യയുമായുള്ള ആത്മബന്ധത്തെ സാക്ഷിയാക്കിയതാണ്. അത് ഒട്ടും കുറവില്ലാതെ ദൃഢമായി നിലനിർത്തിപ്പോരുന്നു എന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ പെരുമയെ പ്രതിഫലിപ്പിക്കുന്നു.
15 ലക്ഷത്തോളം പേർ മാത്രമുള്ള ബഹ്റൈനിലെ ആകെ ജനസംഖ്യയിൽ ഏഴു ലക്ഷം, അതായത് 40 ശതമാനവും പ്രവാസികളാണ്. അതിൽ മൂന്നര ലക്ഷത്തോളം ഇന്ത്യൻ സമൂഹമാണെന്നതാണ് കൗതുകം. ഇന്ത്യക്കാർക്കിടയിൽ മലയാളികളുടെ എണ്ണത്തിനാണ് തൂക്കം കൂടുതൽ, ഏതാണ്ട് രണ്ട് ലക്ഷത്തിലധികം. അതായത് പകുതിയിലധികവും ഇന്ത്യക്കാരായ മലയാളികളാണ് പവിഴ ദ്വീപിലുള്ളത്.
ഇന്ത്യക്കാരുടെ പ്രധാന തൊഴിൽ ദാതാക്കളായ ബഹ്റൈന് ഇന്ത്യൻ ഭരണാധികാരികളും സമൂഹവും നൽകുന്ന പരിഗണനയും മറ്റാർക്കും അവകാശപ്പെടാനാവുന്നതിനേക്കാൾ മൂല്യമേറിയതുമാണ്. രാജ്യത്തിന്‍റെ ആകെ ജനസംഖ്യയുടെ പകുതിയോളം പ്രവാസികാളെണെന്നിരിക്കെ ബഹ്റൈന്‍റെ ഉയർച്ചയിലും വളർച്ചയിലും പ്രവാസികൾക്കുള്ള പങ്കും പവിഴദ്വീപ് മൂല്യത്തോടെ മാത്രമെ പരിഗണിച്ചിട്ടുള്ളൂ.
1971ൽ ആരംഭിച്ച ഇരുവരും തമ്മിലുള്ള ഡിപ്ലോമാറ്റിക് ബന്ധം പിന്നീടിങ്ങോട്ട് കരുത്തായി തന്നെ വളരുകയായിരുന്നു. 1973 ജനുവരിയിലാണ് ബഹ്റൈനിൽ ഇന്ത്യൻ എംബസി സ്ഥാപിതമാകുന്നത്. 34 വർഷങ്ങൾക്കു ശേഷം 2007 ൽ ഇന്ത്യയിലെ ബഹ്റൈൻ എംബസി ഡൽഹിയിൽ ആരംഭിച്ചു. വാണിജ്യം, വ്യവസായം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലെ നിർണായ വ്യവസ്ഥകളിൽ ഇരുവരും അനിഷേധ്യമായ ബന്ധം വളർത്തിയെടുത്തു. 2019ൽ നരേന്ദ്ര മോദിയുടെ ബഹ്റൈൻ സന്ദർശനത്തിലൂടെ പവിഴ ദ്വീപ് സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ഖ്യാതിയും അതുവഴി വളർത്തിയെടുത്ത ബന്ധങ്ങളും ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളായി.
മനാമയിൽ നടന്ന ഡയലോഗിന്റെ പ്ലീനറി സെഷനിൽ സംസാരിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ
രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ബഹ്റൈൻ സന്ദർശിച്ചും തിരിച്ച് ബഹ്റൈനിലെ മന്ത്രിമാരും നയതന്ത്രജ്ഞരും ഇന്ത്യയിലേക്കെത്തിയും വളർത്തിയെടുത്ത ആത്മബന്ധങ്ങളുടെ പോരിശയും കാലങ്ങളോളമായി തുടർന്നു പോരുന്നതാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ കഴിഞ്ഞ ഡിസംബറിലാണ് രാജ്യം സന്ദർശിച്ചിരുന്നത്. ഡിസംബർ ഏഴു മുതൽ ഒമ്പതു വരെ രാജ്യത്തെ വിവിധ ഔദ്യോഗിക പരിപാടികളിലും കൂടിക്കാഴ്ചയിലും അദ്ദേഹം ഭാഗവാക്കായി.
മനാമയിൽ നടന്ന ഡയലോഗിന്റെ പ്ലീനറി സെഷനിൽ പങ്കെടുത്ത അദ്ദേഹം ഇന്ത്യയെ വാണിജ്യ, വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മിഡിലീസ്റ്റ്, യൂറോപ്പ് എന്നിവയുൾപ്പെടെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇന്റർ നാഷനൽ മാരിടൈം ആൻഡ് എനർജി കോറിഡോറാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പരസ്പരാശ്രിതത്വത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
പിന്നീട് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റഷീദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തിയ ജയ്ശങ്കർ ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള മാർഗങ്ങൾ പരിശോധിച്ചു. പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ചും, മിഡിലീസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ചും, മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിനായി ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും നൽകുന്ന പിന്തുണയെ പ്രശംസിച്ചു. രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാനും കിങ് ഫഹദ് കോസ്വേ സന്ദർശിക്കാനും അദ്ദേഹം സമയം ചെലവഴിച്ചു. 2024 ഡിസംബർ മൂന്നിന് ഇന്ത്യ സന്ദർശിച്ച ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യവസായം, വ്യാപാരം, നിക്ഷേപം എന്നിവയിലെ സഹകരണത്തെക്കുറിച്ചും ഇന്ത്യയുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
സെപ്റ്റംബർ രണ്ടിന് യുവജന, കായിക കാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖിയും ഇന്ത്യൻ യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും വെർച്വൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡിന്റെ മുഖ്യകാര്യ നിർവാഹകയും സുസ്ഥിര വികസന മന്ത്രിയായ നൂർ ബിൻത് അലി അൽ ഖുലൈഫിന്‍റെ നേതൃത്തിൽ ഉന്നതതല ബിസിനസ് പ്രതിനിധി സംഘം 2024 സെപ്റ്റംബർ 9 മുതൽ14 വരെ ഇന്ത്യയുടെപ്രധാന നഗരങ്ങൾ സന്ദർശിച്ചിരുന്നു.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ സെപ്റ്റംബർ ഒമ്പതിന് റിയാദിൽ നടന്ന ഇന്ത്യ-ജി.സി.സി സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്‌റൈന്റെ വിവിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ആരാഞ്ഞു.
സഹകരണം വർധിപ്പിക്കുക, ഓഡിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും കൈമാറുക, സ്റ്റാഫുകളുടെ പ്രഫഷനൽ വൈദഗ്ധ്യം വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) എച്ച്. ഇ. ഗിരീഷ് ചന്ദ്ര മുർമു 2024 ആഗസ്റ്റ് 27ന് ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനം നടത്തി ബഹ്‌റൈന്റെ നാഷനൽ ഓഡിറ്റ് ഓഫിസു (എൻ.എ.ഒ)മായി കരാർ ഒപ്പിട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സാമ്പത്തികവുമായ ബന്ധങ്ങളും കഴിഞ്ഞ വർഷക്കാലയളവിൽ ശക്തമായിതന്നെ തുടർന്നു. 1.73 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണ് 2023 -24 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നതായി കണക്കാക്കുന്നത്. പവിഴദ്വീപിലെ ആറാമത്തെ വലിയ നിക്ഷേപകർ കൂടിയാണ് ഇന്ത്യ. ബഹ്റൈന്‍റെ ഏഴാമത് എയർഷോയിൽ പങ്കാളികളായതോടെ ഇന്ത്യ കഴിഞ്ഞ വർഷം പ്രതിരോധ മേഖലയിലും ഒരു നിർണായക ചുവടുവെപ്പ് നടത്തി.
നയതന്ത്രബന്ധങ്ങളുടെ കെട്ടുറപ്പിന് കരുത്താകുന്ന തീരുമാനങ്ങൾക്ക് ഇരുരാജ്യങ്ങളും നൽകുന്ന പരിഗണന എക്കാലവും ഗാഢമായിത്തന്നെ തുടരേണ്ടതുണ്ട്.