പൊതു പാർക്കിങ് കൈയേറ്റം; മുന്നറിയിപ്പുമായി കാപിറ്റൽ മുനിസിപ്പാലിറ്റി
text_fieldsഅനധികൃത പാർക്കിങ് കൈയേറ്റങ്ങൾ അധികൃതർ നീക്കുന്നു
മനാമ: മനാമയിലെ പൊതു ഇടങ്ങളിലെ ക്രമസമാധാനവും പ്രവേശനക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാപിറ്റൽ മുനിസിപ്പാലിറ്റി ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ബ്ലോക്ക് 338ൽ വ്യാപക പരിശോധന നടത്തി. അനധികൃതമായി കൈയേറിയ പാർക്കിങ് സ്ഥലങ്ങളും മറ്റ് റോഡ് തടസ്സങ്ങളും നീക്കുന്നതിനാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യമിട്ടത്.
പൊതുജനങ്ങൾക്ക് പാർക്കിങ് സ്ഥലങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്ന നിയമലംഘനങ്ങളാണ് അധികൃതർ പ്രധാനമായും നീക്കിയത്. വ്യക്തികളോ സ്ഥാപനങ്ങളോ തങ്ങളുടെ സ്വകാര്യ ഉപയോഗത്തിനായി ബാരിയറുകൾ, കോണുകൾ, സ്വകാര്യ ബോർഡുകൾ എന്നിവ ഉപയോഗിച്ച് പൊതു പാർക്കിങ് സ്ഥലങ്ങൾ കൈവശപ്പെടുത്തിയിരുന്നത് ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. പൊതു റോഡുകളും പാർക്കിങ് സ്ഥലങ്ങളും എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
ബഹ്റൈനിലെ തലസ്ഥാനജില്ലകളിലുടനീളം ക്രമം, പ്രവേശനക്ഷമത, സുരക്ഷ എന്നിവ നിലനിർത്തുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കാപിറ്റൽ മുനിസിപ്പാലിറ്റി ആവർത്തിച്ച് വ്യക്തമാക്കി.