മെഗാ ഡാൻസ് പ്രോഗ്രാമുമായി വീണ്ടും രമ്യ-ബിനോജ് ദമ്പതികൾ
text_fieldsരമ്യയും ബിനോജും കുട്ടികളും
മനാമ: ഈ വർഷവും ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ മെഗാ ഡാൻസ് പ്രോഗ്രാമിന് നേതൃത്വം നൽകിയത് രമ്യ ബിനോജ് - ബിനോജ് പാവറട്ടി ദമ്പതികളാണ്.
2021 മുതൽ തുടർച്ചയായി സമാജത്തിൽ മെഗാ പ്രോഗ്രാം ചെയ്യുന്ന ഇവർ ഇപ്രാവശ്യം 170 പേർ പങ്കെടുത്ത ഫ്യൂഷൻ ഡാൻസ് ‘സംയോഗ്’ ആണ് നടത്തിയത്. മൂന്ന് തവണ നൂറിലധികം പേർ പങ്കെടുത്ത മെഗാ തിരുവാതിരയും ഒരു തവണ 200 പേർ അടങ്ങുന്ന മെഗാ കൈകൊട്ടിക്കളിയും രമ്യയുടെയും ബിനോജിന്റെയും നേതൃത്വത്തിൽ നടത്തി. രമ്യയും ബിനോജും ബഹ്റൈനിലെ കലാരംഗത്ത് സജീവമാണ്. ഒരു പ്രമുഖ എൻജിനീയറിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയാണ് ബിനോജ് ജോലി ചെയ്യുന്നത്. തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് പാവറട്ടി സ്വദേശികളായ ഇവർ ബഹ്റൈനിൽ വന്നിട്ട് 10 വർഷമായി. രമ്യ നാട്ടിൽ കലാക്ഷേത്ര ഡാൻസ് അക്കാദമി എന്ന സ്ഥാപനം നടത്തിയിരുന്നു. 10 വർഷമായി ബഹ്റൈനിൽ സ്വന്തമായി ഡാൻസ് ക്ലാസ് നടത്തുന്നുണ്ട്. അഞ്ചു വയസ്സിൽ തുടങ്ങിയ നൃത്തം ഇന്നും തുടരുന്നു.
ബഹ്റൈനിലെ വിവിധ വേദികളിലെ നൃത്ത മത്സരങ്ങളിൽ ജഡ്ജിയായും അധ്യാപികയായും ഡാൻസറായും രമ്യ സ്ഥിരസാന്നിധ്യമാണ്. ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ മില്ലെനിയം സ്കൂൾ എന്നിവിടങ്ങളിലും നൃത്ത പരിശീലനം നൽകാൻ പല അവസരങ്ങളും രമ്യക്ക് കിട്ടിയിട്ടുണ്ട്.
സംസ്കാര തൃശൂർ എന്ന സംഘടനയിലൂടെയാണ് ഇവർ ബഹ്റൈനിൽ കലാപ്രവർത്തനം തുടങ്ങിയത്. 2022ലും ഈ വർഷവും ഇവരുടെ നേതൃത്വത്തിൽ 60 ഓളം പേരെ പങ്കെടുപ്പിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ ഷെഫും അവതാരകനുമായ രാജ് കലേഷും ഇവരോടൊപ്പം ഫ്ലാഷ് മോബിൽ പങ്കെടുത്തിരുന്നു.
ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മകൾ മാളവികയുടെ ഭരതനാട്യം അരങ്ങേറ്റം അമ്മയുടെ ശിക്ഷണത്തിൽ നടന്നുകഴിഞ്ഞു. 2020ൽ കേരളീയ സമാജം ബാലകലോത്സവത്തിൽ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ്പിന് മാളവിക അർഹയായിട്ടുണ്ട്.
2020ൽ ലോകനാടക വാർത്തകൾ എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിൽ ബഹ്റൈൻ പ്രതിഭയുടെ സഹകരണത്തോടെ നടത്തിയ കുട്ടികൾക്കായുള്ള മനോധർമ അഭിനയ മത്സരത്തിൽ 13 രാജ്യങ്ങളിൽ നിന്നായി 120 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ സ്പെഷൽ ജൂറി അവാർഡ്, സോഷ്യൽ മീഡിയ ബെസ്റ്റ് പെർഫോർമർ അവാർഡ് ഉൾപ്പെടെ രണ്ട് അവാർഡുകൾ മാളവിക നേടുകയുണ്ടായി.
രണ്ടര വയസ്സുകാരിയായ മിഴിക എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. വിശ്രമമില്ലാതെ കലാസപര്യ തുടരുന്ന ഈ കലാകുടുംബം ഇനിയും നല്ല അവസരങ്ങളും മികച്ച നേട്ടങ്ങളും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ്.


