ഡിജിറ്റൽ യുഗത്തിലെ പത്രവായന
text_fieldsപത്രവായനയോടെ ദിനചര്യകൾക്ക് തുടക്കം കുറിക്കുന്ന മലയാളിയുടെ ശീലം ഏറെ പെരുമയുള്ളതാണ്. വായനശാലകളിലും ചായപ്പീടികകളിലും എന്തിന് ബാർബർ ഷോപ്പുകളിൽ വരെ മറ്റൊരാൾ വായിച്ചുകൊണ്ടിരിക്കുന്ന പത്രത്താളുകൾക്കുവേണ്ടി കാത്തിരുന്ന ഓർമകൾ ഒന്നിലധികം പത്രം വായിക്കുകയെന്ന മലയാളിയുടെ അറിവന്വേഷണത്തിന്റെ ഉദാഹരണങ്ങളായിരുന്നു.
വായന മനുഷ്യനെ എല്ലാത്തലങ്ങളിലും ഉണർവ് നൽകുന്ന ഒരു പ്രക്രിയയാണ്. അറിവിന്റെ ഉറവകള്‍ തേടിയും ഭാവനയുടെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചും മനോഹരമായ ആവിഷ്കാരങ്ങള്‍ ആസ്വദിക്കാൻ വായന സഹായിക്കുന്നു. ഭാവനാതലങ്ങളിൽ പുതിയ ഉണർച്ചയുണ്ടാക്കുന്നതിൽ വായനക്ക് എമ്പാടും പങ്കുണ്ട്. സഹൃദയവികാസത്തിനൊപ്പം സർഗാത്മക രചനക്കുകൂടി വായന പ്രചോദനമായിത്തീരുന്നു.
സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ല മറിച്ച് ആരോഗ്യകരവും പ്രത്യുല്‍പാദനപരവുമായ ആശയസംവാദങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. പുതിയ കാലത്ത് ഡിജിറ്റൽ വായന സൗകര്യപ്രദമെങ്കിലും പരന്ന വായന അസാധ്യമാക്കുന്നെന്നത് ഒരു പരിമിതിയാണ്.
ഇവിടെ പരന്ന വായനകൾക്ക് അവസരമാരുക്കുകയും വാർത്തവിതരണത്തോടൊപ്പം പ്രവാസഭൂമികയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ കൂട്ടായ്മകൾക്കും സംരംഭങ്ങൾക്കും പിന്തുണയും പ്രോത്സാഹനവുമായി മാറാൻ കഴിഞ്ഞകാലങ്ങളിൽ ‘ഗൾഫ് മാധ്യമ’ത്തിന് കഴിഞ്ഞിട്ടുണ്ട്.
മനുഷ്യജീവിതം തന്നെ ഡിവൈസുകളിലേക്ക് ചുരുങ്ങുന്ന പുതിയ കാലത്ത് പ്രവാസിലോകത്തും മലയാളികളുടെ വായനശീലം നിലനിർത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ഗൾഫ് മാധ്യമത്തിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. പ്രവാസത്തിന്റെ നേർക്കാഴ്ചയായി മലയാളികളുടെ കണ്ണാടിയായി മാധ്യമധർമവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നോട്ട് ഗമിക്കാൻ ഗൾഫ് മാധ്യമത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.