Begin typing your search above and press return to search.
exit_to_app
exit_to_app
അശാന്തമായി തുടരുന്നു
cancel
camera_alt

മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇന്നലെ രാവിലെ ഉണ്ടായ ആക്രമണം


ആക്രമണത്തിൽ കേടുപാടുകൾ പറ്റിയ ക്രൗൺ പ്ലാസ

മനാമ: ബഹ്റൈനിൽ ആക്രമണത്തിന്‍റെ രണ്ടാം ദിനം തുടങ്ങിയത് അശാന്തമായ സ്ഥിതിയിലൂടെയാണ്. രാജ്യത്തെ താമസ കെട്ടിടങ്ങളിലേക്കും ഇറാൻ ആക്രമണം അഴിച്ചു വിട്ടതോടെ പ്രവാസികളടക്കം ഭീതിയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ അടക്കം ഉഗ്രസ്ഫോടന ശബ്ദങ്ങൾ ബഹ്റൈനിൽ മുഴങ്ങി. ഉച്ച വരെ ആ ഭീതി നിലനിന്നു. എന്നാൽ വൈകിട്ടോടെ സ്ഥിതി ഒരൽപ്പം ശാന്തമായെങ്കിലും രാത്രി 9 ഓടെ വീണ്ടും രാജ്യത്ത് സ്ഫോടനമുണ്ടായി. പേടിക്കേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെയിരുന്നാൽ മതിയെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പുകൾ നൽകിയരുന്നു.

പുലർച്ചെ 3.20 ഓടെയാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ പതിച്ചത്. ചെറിയ കേടുപാടുകൾ മാത്രമാണ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്ത്. ആളപായവും ഇല്ല. തുടർന്ന് രാവിലെ 7.45ഓടെ മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്‍റെ സ്ഫോടന ശബ്ദം കേട്ടാണ് ബഹ്റൈൻ ഉണർന്നത്. ഹോട്ടലിന്‍റെ മുൻ വശത്ത് വീണ ഡ്രോൺ ഹോട്ടലിന് നിസ്സാരമായ കേടുപാടുകൾ വരുത്തി. സിവിൽ ഡിഫൻസിന്‍റെ സമയോചിത ഇടപെടലിൽ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ചിലർ സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സ തേടിയതൊഴിച്ച് ആളപായമോ മറ്റ് സാരമായ പരിക്കുകളോ ഇതുവരെയും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രിയിലുടനീളം രാജ്യത്തിനകത്തേക്ക് പ്രവേശിച്ച ഒട്ടുമിക്ക ഇറാൻ മിസൈലുകലും ആകാശത്ത് നിന്ന് തന്നെ തടയാൻ പ്രതിരോധ സേനക്ക് കഴിഞ്ഞിരുന്നു.

ജുഫൈറിലെ യു.എസ് അഞ്ചാം പടക്കപ്പലിന്‍റെ സർവീസ് സെന്‍റർ തകർത്താണ് ഇറാൻ ആക്രമണം ആരംഭിച്ചത്. വൈകിട്ട് ഹൂറയിലെ ഇറ ടവറലേക്കും സീഫിലെ മറ്റൊരു കെട്ടിടത്തിലേക്കും ആക്രമണമുണ്ടായി. ആകാശത്ത് തകർക്കുന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് മുഹറഖിലും മറ്റ് ചിലയിടങ്ങളിലും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങൾ, ബഹ്‌റൈൻ റഗ്ബി ക്ലബ് തുടങ്ങിയവ താൽക്കാലികമായി അടച്ചിട്ടു. ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ റമദാൻ സംഗമം ഉൾപ്പെടെയുള്ള പല പരിപാടികളും കായിക മത്സരങ്ങളും മാറ്റി വെച്ചു. പെട്രോൾ പമ്പുകളിൽ വാഹന ഉടമകളുടെ തിരക്ക് അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് പട്രോളിംഗ് ശക്തമാക്കുകയും, ആശുപത്രികളിൽ അടിയന്തര സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
TAGS:Bahrain gulfnews gulfnewsmalayalam 
News Summary - Remains restless
Next Story