വിശ്വസാഹിത്യ ചക്രവാളത്തിലൂടെ സഞ്ചരിച്ച് റിധി രാജീവൻ
text_fieldsറിധി രാജീവൻ
മനാമ: വിശ്വസാഹിത്യകാരന്മാരുടെ വിഖ്യാത കൃതികൾ 30 ദിവസം തുടർച്ചയായി വിലയിരുത്തി ബഹ്റൈൻ പ്രവാസിയായ മലയാളി വിദ്യാർഥിനി. ബഹ്റൈൻ പ്രവാസിയായ റിധി രാജീവനാണ് ലോകപ്രസിദ്ധ എഴുത്തുകാരെക്കുറിച്ച് ഓരോ ദിവസവും വിലയിരുത്തി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്.
വലിയ പരിശ്രമത്തിലൂടെയാണ് റിധി രാജീവൻ ഇത് തയാറാക്കി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചത്. ബഹ്റൈൻ പ്രവാസിയും കവിയും മാധ്യമ-കലാ-സാംസ്കാരിക പ്രവർത്തകനുമായ കണ്ണൂർ പയ്യന്നൂർ പാടിയോട്ട്ചാൽ സ്വദേശി ഇ.വി. രാജീവന്റെയും നിധി രാജീവന്റെയും മകളായ റിധി ബഹ്റൈനിലാണ് ജനിച്ചുവളർന്നത്. എൽ.കെ.ജി മുതൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന റിധി ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
റൂമി, എമിലി ഡിക്കിൻസൺ, പാബ്ലോ നെരൂദ, ഹോമർ, വില്യം ഷേക്സ്പിയർ, ജോർജ് ഓർവെൽ, വിക്ടർ ഹ്യൂഗോ, ഫ്രാൻസ് കാഫ്ക, വിർജിൽ, ഏണസ്റ്റ് ഹെമിങ്വേ, ആൽബർട്ട് കാമുസ്, ഹരുക്കി മുറകാമി, ഹെൻറിക് ഇബ്സൺ, ജോർജ് ബെർണാഡ് ഷാ, അലക്സാണ്ടർ പുഷ്കിൻ, ഓർഹാൻ പാമുക്ക്, ഖലീൽ ജിബ്രാൻ, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, പൗലോ കൊയ്ലോ, ഫയോഡോർ ദസ്തയേവ്സ്കി, ഡാൻ ബ്രൗൺ, ജെയ്ൻ ഓസ്റ്റിൻ, വിർജീനിയ വൂൾഫ്, ചാൾസ് ഡിക്കൻസ്, മായ ആഞ്ചലോ, മാർക്ക് ട്വെയ്ൻ, വോൾട്ടയർ, ഡാന്റേ അലിഗിയേരി, ജെ.ആർ.ആർ. ടോൾകീൻ, ലിയോ ടോൾസ്റ്റോയ് എന്നീ വിഖ്യാത എഴുത്തുകാരുടെ കൃതികളാണ് ഈ മിടുക്കി വിലയിരുത്തിയത്. റൂമിയുടെ നിഗൂഢമായ രഹസ്യങ്ങൾ മുതൽ ഷേക്സ്പിയറുടെ ജീവിത ഘട്ടം വരെ, ഹോമറിന്റെ ഇതിഹാസങ്ങൾ മുതൽ ഓർവെല്ലിന്റെ സത്യങ്ങൾ വരെ, ഓരോ എഴുത്തുകാരനും തെളിയിച്ച ജ്വാലയുടെ വെളിച്ചത്തിലൂടെ താൻ സഞ്ചരിച്ചെന്ന് റിധി പറഞ്ഞു.
ഇനിയും ഇത്തരത്തിൽ മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും എഴുത്തുകാരെയും കൃതികളെയും കുറിച്ചുള്ള വിലയിരുത്തലുകൾ അവതരിപ്പിക്കണമെന്നാണ് റിധിയുടെ ആഗ്രഹം. മലയാളത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളാണ് ഏറെ ഇഷ്ടം. അച്ഛനും അമ്മയും നല്ല വായനക്കാരായതിനാൽ നന്നെ ചെറുപ്രായം മുതൽ നല്ല വായനശീലം കിട്ടിയെന്ന് റിധി പറഞ്ഞു. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ കേരളീയസമാജം, ബി.എം.സി, കെ.സി.എ, ഡാസ്ലേഴ്സ് ഗവേൽ ക്ലബ് തുടങ്ങി വിവിധ വേദികളിൽ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള നിരവധി പ്രസംഗമത്സരങ്ങളിലും കവിത, കഥ, ലേഖന, കാപ്ഷൻ എഴുത്തുമത്സരങ്ങളിലും മോണോ ആക്ട് മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 12000 ത്തിൽ പരം കോപ്പികൾ അടിക്കുന്ന ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ മാഗസിനിൽ മലയാളത്തിൽ കഴിഞ്ഞ രണ്ടുവർഷങ്ങളായി എഴുതിയ ലേഖനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബഹ്റൈൻ കേരളീയ സമാജം ഉൾപ്പെടെയുള്ള വേദികളിൽ അവതാരകയായും റിധി തിളങ്ങിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള റിധിയുടെ മനോഹരമായ അവതരണം ഏറെ ആകർഷണീയമാണ്.
പ്രശസ്ത എഴുത്തുകാരി സുധാ മേനോന്റെ പ്രസിദ്ധമായ പുസ്തകം ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന കൃതിയെ വിലയിരുത്തി ബഹ്റൈൻ ഒ.ഐ.സി.സി ഹാളിൽ നടത്തിയ അര മണിക്കൂറോളം നീണ്ട പുസ്തകപരിചയം സദസ്സിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സഹോദരൻ റിദാൻ രാജീവൻ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യർഥിയാണ്.


