റോടാക്സ് കാർട്ടിങ് ഗ്രാൻഡ് ഫൈനൽ; ബഹ്റൈന് അഭിമാനമായി മലയാളി യുവതാരം
text_fieldsവേദാന്ത് മേനോൻ മത്സരത്തിനിടെ,വേദാന്ത് മേനോൻ സഹ മത്സരാർഥികളോടൊപ്പം പോഡിയത്തിൽ (ഇടത്)
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ കാർട്ടിങ് സർക്യൂട്ടിൽ നടന്ന 2025ലെ റോടാക്സ് മാക്സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽസിൽ ബഹ്റൈൻ ടീമിനായി ചരിത്രനേട്ടം കുറിച്ച് മലയാളി യുവതാരം വേദാന്ത് മേനോൻ. 60 രാജ്യങ്ങളിൽ നിന്നുള്ള മികച്ച 363 ഡ്രൈവർമാർ പങ്കെടുത്ത ഈ അഭിമാനകരമായ ഇവന്റിൽ, ഇ-20 സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം (വൈസ് ചാമ്പ്യൻ) നേടിയാണ് വേദാന്ത് പോഡിയത്തിൽ ഇടംപിടിച്ചത്. റോട്ടാക്സ് ലോക ഫൈനൽസിന്റെ പോഡിയത്തിൽ എത്തുന്ന ആദ്യ ബഹ്റൈൻ മത്സരാർഥിയെന്ന ഖ്യാതി കൂടിയാണ് വേദാന്ത് ഈ നേട്ടത്തിലൂടെ സ്വന്തമാക്കിയത്. ചാമ്പ്യനായ 29 കാരൻ ജർമനിയുടെ ജാനിക് ജേക്കബ്സിനെക്കാൾ 0.4 സെക്കൻഡ് മാത്രം പിന്നിലായാണ് 16 കാരനായ വേദാന്ത് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ ആറ് വർഷമായി ബഹ്റൈൻ നാഷനൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വേദാന്ത് മേനോൻ കഴിഞ്ഞവർഷം ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. പാലക്കാട് സ്വദേശികളായ വിവേക് മേനോനും മിനിമേനോനും മാതാപിതാക്കളാണ്. 2020ലാണ് ഇവർ ബഹ്റൈനിലേക്ക് ജോലിക്കായെത്തുന്നത്. അന്ന് 11 വയസ്സ് മാത്രമുണ്ടായിരുന്ന വേദാന്ത് കാർ റൈസിങ്ങിലും മോട്ടോ സ്പോട്ടിലും അതിയായ താൽപര്യം കാണിച്ചിരുന്നു.
ബഹ്റൈൻ ഇന്റർനാഷനൽ കാർട്ടിങ് സർക്യൂട്ട് സന്ദർശിക്കാൻ പോയതുമുതലാണ് വഴിത്തിരിവാകുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഡ്രൈവിങ്ങിലുള്ള തന്റെ സ്വാഭാവിക കഴിവ് പ്രകടിപ്പിക്കാൻ വേദാന്തിനായി. തുടർന്ന് കാർട്ടിങ് ഔദ്യോഗികമായി തന്നെ പഠിച്ചുതുടങ്ങുകയായിരുന്നു. 2020ൽ തന്നെ കാർട്ടിങ് കരിയർ ആരംഭിച്ചു. പിന്നീട് തുടർച്ചയായ പോഡിയം ഫിനിഷുകളിലൂടെയും ചാമ്പ്യൻഷിപ് പോരാട്ടങ്ങളിലൂടെയും താരം തന്റെ കഴിവ് തെളിയിച്ചുകൊണ്ടേയിരുന്നു. ഈ വർഷം ബഹ്റൈൻ ടീമിൽ നിന്ന് ലോകവേദിയിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 11 കാർട്ടിങ് റേസർമാരിൽ പോഡിയം ഫിനിഷ് ചെയ്ത ഏക ഡ്രൈവറും വേദാന്താണ്. ഈ നേട്ടത്തിലൂടെ ടീം ബഹ്റൈനും രാജ്യത്തിനും അഭിമാനകരമായ നിമിഷമാണെണ് നൽകിയിരിക്കുന്നത്. ബഹ്റൈനിലെ ഏറ്റവും മികച്ച മോട്ടോർസ്പോർട്ട് വേദികളിലൊന്നായ ബി.ഐ.കെ.സിയിൽ നടന്ന ലോകോത്തര മത്സരത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് ചരിത്രം സൃഷ്ടിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ യുവതാരം. സെന്റ് ക്രിസ്റ്റഫർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് വേദാന്ത്.


