തൊഴിലാളിയും തൊഴിലുടമയും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
text_fieldsബഹ്റൈൻ തൊഴിലാളികൾക്ക് നൽകുന്നത് പരിഗണന മികച്ചതാണ്. നീതിയുക്തമായ നിയമനിർമാണങ്ങളാൽ സമൃദ്ധമാണ് ഇവിടുത്തെ തൊഴിലിടം. എന്നാൽ തൊഴിലാളികളെ ബാധിക്കുന്ന പ്രധാന നിയമങ്ങൾ ഏതൊക്കെയാണെന്ന് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കണം. ഇത്തരം നിയമങ്ങളിലുള്ള അവബോധമാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. ബഹ്റൈനിൽ തൊഴിലിനെത്തുന്ന ഓരോ പ്രവാസിയും പ്രധാനമായും അവരെ ബാധിക്കുന്ന അവർ പാലിക്കേണ്ട തൊഴിൽ നിയമങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യുന്ന അതോറിറ്റികളെ കുറിച്ചും അറിഞ്ഞിരിക്കണം.
⊿ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം(എൽ.എം.ആർ.എ)
ഈ നിയമം കൈകാര്യം ചെയ്യുന്നത് എൽ.എം.ആർ.എയാണ്. ഒരു ഏകോപന അതോറിറ്റിയാണ് എൽ.എം.ആർ.എ. പല വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നതാണ് എൽ.എം.ആർ.എയുടെ ദൗത്യം. ഒരു വിദേശ തൊഴിലാളി ബഹ്റൈനിൽ ജോലിചെയ്യുന്നതിനുമുമ്പായി വേണ്ട വിസ, മെഡിക്കൽ അപ്പോയിൻമെന്റ് ഫിംഗർ പ്രിന്റ്, സി.പി.ആർ അപ്പോയിന്റ്മെന്റ്, വിസ പുതുക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം എൽ.എം.ആർ.എ ഏകോപിപ്പിച്ചാണ് ചെയ്തു നൽകുന്നത്. ഒരു ജോലിയിൽനിന്ന് മറ്റൊരു ജോലിയിലേക്ക് മാറാനുള്ള രേഖകളുടെയും നിയമങ്ങളുടെയും കൈകാര്യം എൽ.എം.ആർ.എ തന്നെയാണ് ചെയ്യുന്നത്. അർഹതയുള്ള തൊഴിലാളികൾക്ക് ഫ്ലെക്സി വിസ നൽകുന്നതും ഫാമിലിക്ക് ആവശ്യമായ ആശ്രിത വിസ നൽകുന്നതും എൽ.എം.ആർ.എയാണ്.
⊿ സ്വകാര്യ മേഖലക്കുള്ള തൊഴിൽ നിയമം (തൊഴിൽ മന്ത്രാലയം)
തൊഴിൽ നിയമം പ്രതിപാദിക്കുന്നത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വ്യവസ്ഥകളും നിബന്ധനകളുമാണ്. ഒരു തൊഴിലാളിക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും തൊഴിൽ സമയം, തൊഴിലാളിയുടെയും തൊഴിലുടമയുടെയും ബാധ്യതകൾ, അവകാശങ്ങൾ എന്നിവയൊക്കെ ഈ നിയമത്തിൽ പറയുന്നുണ്ട്. ജോലി അവസാനിപ്പിച്ച് പോകുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ, തൊഴിൽ കരാറിലെ വ്യവസ്ഥകൾ, രോഗ അവധി, വാർഷിക അവധി തുടങ്ങിയവയും തൊഴിൽ നിയമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
⊿ സോഷ്യൽ ഇൻഷുറൻസ് നിയമം (ഗോസി) (സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ)
തൊഴിൽ സംബന്ധമായി ബഹ്റൈനിലെത്തുന്ന എല്ലാ വിദേശികൾക്കും ഈ നിയമപ്രകാരം നിർബന്ധമായും ഇൻഷുറൻസ് സംരക്ഷണത്തിന് അർഹതയുണ്ട്. തൊഴിലാളിക്ക് തൊഴിൽ സ്ഥലത്തുനിന്നും തൊഴിലിനിടയിലും ഉണ്ടാകുന്ന അപകടങ്ങൾക്കാണ് ഗോസി ആനുകൂല്യം ലഭിക്കുക.
⊿ ഇൻഡെംനിറ്റി
സർവിസ് അവസാനിപ്പിച്ച് പോകുമ്പോൾ വിദേശ തൊഴിലാളിക്ക് ലഭിക്കുന്ന ഇൻഡെംനിറ്റി തുക 2024 മാർച്ച് മുതൽ എസ്.ഐ.ഒ വഴിയാണ് ലഭിക്കുക. ഇത് നേരത്തെ തൊഴിലുടമയായിരുന്നു നൽകിയിരുന്നത്. എന്നാൽ, ഈ നിയമം വന്നതോടെ 2024 ഫെബ്രുവരി വരെയുള്ള ആനുകൂല്യങ്ങൾ തൊഴിലുടമ നൽകിയാൽ മതിയാകും. (ഗാർഹിക തൊഴിലാളികൾ സോഷ്യൽ ഇൻഷുറൻസിന്റെ പരിരക്ഷക്ക് നിലവിൽ അർഹരല്ല)
⊿ ദേശീയത, പാസ്പോർട്ട്, താമസ സൗകര്യങ്ങൾക്കായുള്ള പൊതു കാര്യാലയം (എൻ.പി.ആർ.എ) (ആഭ്യന്തര മന്ത്രാലയം)
എൻ.പി.ആർ.എ വിസ സംബന്ധമായ, എൽ.എം.ആർ.എക്ക് പുറമെയുള്ള സേവനങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യാലയമാണ്. നിക്ഷേപകർ, വിസിറ്റ്, ബിസിനസ് വിസ, ഗോൾഡൻ വിസ, ആർട്ടിസ്റ്റ് വിസ, റിട്ടയർമെന്റ് വിസ, പ്രോപ്പർട്ടി വിസ എന്നിവയാണ് എൻ.പി.ആർ.എ കൈകാര്യം ചെയ്യുന്നത്.
⊿ സെൻട്രൽ ഇൻഫർമേഷൻ ഓർഗനൈസേഷൻ (സി.ഐ.ഒ) (സ്മാർട്ട് കാർഡ് ഓഫിസ്)
സി.ഐ.ഒയാണ് ബഹ്റൈനിലെ പ്രധാന രേഖയായ സി.പി.ആർ സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
⊿ ആരോഗ്യ മന്ത്രാലയം
എല്ലാ വിദേശ തൊഴിലാളികൾക്കും പ്രൈമറി ഹെൽത്ത് കെയർ, നൽകുന്നത് മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ ഹെൽത്ത് സെന്ററാണ്.
⊿ ലേബർ കോടതി
തൊഴിൽ സംബന്ധമായ എല്ലാ തർക്കങ്ങളും പരിഹരിക്കുന്നത് തൊഴിൽ കോടതിയാണ്. തർക്കങ്ങൾ സംബന്ധമായ കാര്യങ്ങളും ഇപ്പോൾ എൽ.എം.ആർ.എ മുഖേന കോടതിയിൽ സമീപിക്കാം.
⊿ യാത്രാ നിരോധനം ആരാണ് ഏർപ്പെടുത്തുന്നത്
കോടതി ഉത്തരവ് പ്രകാരം യാത്രാനിരോധനം ഏർപ്പെടുത്തുന്നതും അത് ഒഴിവാക്കുന്നതും എമിഗ്രേഷൻ ആണ്. കോടതി ഉത്തരവ് ഇല്ലാതെ യാത്രാനിരോധനം ചെയ്യാൻ സാധിക്കില്ല. ഏതെങ്കിലും ക്രിമിനൽ കേസിൽ പെടുകയോ ശിക്ഷ ലഭിക്കുകയോ ചെയ്താൽ ബഹ്റൈനിലേക്കും മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിനും തൊഴിലെടുക്കുന്നതിനും നിരോധനം വന്നേക്കാം. പാസ്പോർട്ട് സൂക്ഷിക്കേണ്ടത് തൊഴിലാളിയാണ്
തൊഴിലാളി സ്വന്തം പാസ്പോർട്ട്, സി.പി.ആർ, തൊഴിൽ കരാറിന്റെ കോപ്പി എന്നിവ കൈയിൽ തന്നെ സൂക്ഷിക്കണം. തൊഴിലുടമയുടെ കൈവശം പാസ്പോർട്ട് ഏൽപ്പിക്കുകയാണെങ്കിൽ, അത് നൽകിയതിനുള്ള രേഖ എഴുതി വാങ്ങി സൂക്ഷിക്കണം.
നിയമങ്ങൾ തെറ്റുകൾ ചെയ്യാനോ രക്ഷപ്പെടാനോ ഉള്ളതല്ല. നീതിരാഹിത്യമായോ നിയമ വിരുദ്ധമായോ തൊഴിലാളി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ സംരക്ഷണമെന്നോണം പരിഗണിക്കാം. അതുപോലെ ഓരോരുത്തരും ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ കടമയുള്ളവരാണ്.