സ്വാതന്ത്ര്യദിനം കുട്ടികൾക്ക് ചിറക് തുന്നുന്നു
text_fields‘ദേശീയ ഗാനത്തിന്റ വില ശരിക്കുമറിയുന്നത് കുഞ്ഞുങ്ങളാണ്. എന്നും അത് പാടിത്തീരുന്ന മുറക്ക് അവർക്ക് സ്വാതന്ത്ര്യം കിട്ടുന്നു’
വീരാൻകുട്ടി മാഷിന്റെ ഈ ചെറിയ കവിത വായിച്ചപ്പോഴാണ് എന്നെയും കൂട്ടി കാലം തിരിഞ്ഞുനടന്നത്. ചിന്തകളുടെ റൺവേയിലേക്ക് ബാല്യകാലത്തെയും കൂട്ടി ഓർമകളുടെ ഒരു വിമാനം ടേക് ഓഫ് ചെയ്തത്.
സ്കൂള് വിടുന്നതിന്റെ അവസാനത്തെ ബെല്ലുകൾ തുരുതുരാ അടിക്കുന്ന ശബ്ദം കാതുകളിൽ ഇരമ്പിക്കൊണ്ടേയിരുന്നു. ദേശീയഗാനം ആലപിക്കുന്നതിനിടയിൽ അക്ഷമയോടെ നിൽക്കുന്ന ആ കുരുന്നു കൂട്ടത്തിൽ ഒരുവൻ ഞാനാണ്. ‘ജയ ജയ ജയ ജയ ഹേ’... കൂട്ടിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ട കുരുവികളെ പോലെ ഞങ്ങൾ പുറത്തേക്ക് പറന്നു. ഈ കവിതയിൽ പറഞ്ഞത് എത്രമാത്രം വാസ്തവമാണ്. ശരിക്കും സ്വാതന്ത്ര്യം കുഞ്ഞുങ്ങളല്ലാതെ മറ്റാരാണ് അനുഭവിച്ചിട്ടുള്ളത്. ഇടപഴകലിലൂടെ പല ബന്ധങ്ങൾ പോലും ബന്ധനങ്ങളാണെന്ന് തിരിച്ചറിയാതെ ഉഴറുന്നവരല്ലേ നമ്മൾ. മതിലുകളില്ലാത്ത ആകാശം തന്നെയാണ് കുട്ടികളുടെ സ്വാതന്ത്ര്യം. അതവർക്കു വിട്ടുകൊടുക്കുക എന്ന ചെറിയ ഒരു പ്രവർത്തനം മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളൂ.
ഓരോ ആഗസ്റ്റ് പതിനഞ്ചും അവർക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ തുന്നുന്നു. അന്നൊക്കെ ഞാൻ കരുതിപ്പോന്നത് സ്വാതന്ത്ര്യത്തിന്റെ പര്യായപദങ്ങളിൽ ഒന്നാണ് ആഗസ്റ്റ് പതിനഞ്ച് എന്നാണ്. ആ ഒരു ചിന്തക്ക് കാര്യമായ മാറ്റം വന്നുതുടങ്ങിയത് ഈയടുത്ത കാലത്താണ്; ഇന്നിന്റെ പുതിയ ഇന്ത്യൻ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ തുല്യതയല്ലാത്ത അനീതിയുടെ വാർത്തകൾ കേട്ടുതുടങ്ങിയതു മുതൽ. അസമത്വങ്ങളുടെയും വിദ്വേഷങ്ങളുടെയും മുൾവേലികൾ കെട്ടുന്നതാരാണ്? നീ എന്ത് കഴിക്കണം, എന്തുടുക്കണം, എവിടെ പോകണം, എന്തു പറയണം എന്നതുവരെ ഭയത്തിന്റെ മൂടുപടലം നമ്മളിൽ തീർക്കുന്നതാരാണ്? ഓ.. ഞാനിതെങ്ങോട്ടാ കേറിപ്പോകുന്നേ. നമുക്ക് നമ്മുടെ ബാല്യത്തിലേക്കുതന്നെ തിരിച്ചുപോകാം.
എന്റെ ഓർമയിൽ തങ്ങിനിക്കുന്ന ഏറ്റവും ആദ്യത്തെ ഒരു സ്വാതന്ത്ര്യദിനാഘോഷം നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്നു ഞാൻ പാറേമ്മൽ സ്കൂൾ അതായത് മുയിപ്ര എൽ.പി സ്കൂളിലാണ് പഠിച്ചിരുന്നത്. ഓല മേഞ്ഞ, നീളത്തിൽ മൂന്ന് ക്ലാസുകൾ ഉൾക്കൊള്ളുന്ന പഴകിയ ഒരു കെട്ടിടം. ഒന്ന്, രണ്ട്, മൂന്ന്... എന്നിങ്ങനെ ക്ലാസുകൾ കർട്ടനിട്ട് അതിര് തിരിച്ചിരിക്കുന്നു. അതിൽത്തന്നെ മറ്റൊരു കർട്ടൻ ഹെഡ്മാസ്റ്റർ വാഹിദ് മാഷിന്റെ ഓഫിസ് മുറി. നാലാം ക്ലാസ് പുറത്താണ് ഒറ്റക്കൊരു മുറി. സകലതും കാണാനുള്ള സ്വാതന്ത്ര്യം. നിരത്തിലൂടെ നടന്നുപോകുന്നവർ, പൂച്ചകൾ, പൂമ്പറ്റകൾ, മഴ, വെയിൽ എല്ലാം. ചുമരുകൾ ഇല്ലാതാകുമ്പോൾ സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന് നാലാം ക്ലാസ് പ്രവേശനത്തിലൂടെ ഞാൻ പഠിച്ചു.
സ്കൂളിനു മുന്നിലായി സ്ഥിതിചെയ്യുന്ന ചെറിയ പറമ്പണ് ഞങ്ങളുടെ മൈതാനം. മൈതാനം എന്നുപറഞ്ഞാൽ, ഒരു നാലുപേർക്ക് നീണ്ടു നിവർന്ന് കള്ളനും പൊലീസും കളിക്കാൻ പോലും സ്ഥലം തികയില്ല എന്നതാണ് സത്യം. അതിനോട് ചേർന്നൊരു ചെമ്പകമരവും ഒത്ത പിന്നിലായി ഒരു പാറക്കെട്ടും ഉണ്ട്. ആഗസ്റ്റ് 15 പോലുള്ള വിശിഷ്ട ദിനങ്ങളിൽ അസംബ്ലി കൂടാറുള്ളത് ഇവിടെയാണ്. അന്നൊക്കെ പാറക്കെട്ടായിരുന്നു പ്രധാന സ്റ്റേജും.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു ആഗസ്റ്റ് 15. ഓണം, ബക്രീദ്, ക്രിസ്മസ്, വിഷുഎന്നിവ പോലെ അതും ഞങ്ങൾക്കൊരു ഉത്സവമായിരുന്നു. എല്ലാ മതക്കാരും ഒരേപോലെ ആഘോഷിക്കുന്ന ഒരു ഉത്സവം. എല്ലാവരുമായി ഒരുത്സവം ഉണ്ടാക്കിത്തന്നതിന് ബാപ്പുവിനോട് മനസ്സറിഞ്ഞു നന്ദിപറഞ്ഞിട്ടുണ്ട്.
പതാക ഉയർത്തിക്കഴിഞ്ഞാൽ പിന്നെ സ്‌കൂളിൽ നിന്നിങ്ങു പോരും. പായസവും കൊടിയും കിട്ടും. ചിലപ്പോൾ ഗാന്ധിജിയും, ചാച്ചാജിയും ഒക്കെയായി ഒരു ഘോഷയാത്രയും ഉണ്ടാകും. എന്തായാലും അസംബ്ലി കഴിഞ്ഞയുടനെ ഓടണം. റഹീമിന് അവന്റെ ഉമ്മ പുതിയ നങ്കിസും കൊളുത്തും വാങ്ങിക്കൊടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മണ്ണിരയെ പിടിച്ച് വെള്ളിത്തണ്ടിലയിൽ പൊതിഞ്ഞും വെച്ചിട്ടുണ്ട്.
“ഇഞ്ചേന്തിനാ തെരക്കാക്കുന്നേ?”
“മീന പിടിക്കാൻ പോണ്ടേ”
“പോടാ പൊട്ടാ, ഇന്ന് വെള്ളിയാഴ്ചയല്ലേ”
“ഓ… ഞാനത് മറന്നു”
വാഹിദ് മാഷ് പതാക ഉയർത്തി, അനിത ടീച്ചർ പ്രതിജ്ഞ വായിച്ചു. അശോകൻ മാഷ് പ്രസംഗിച്ചുതുടങ്ങി. എന്റെ ഉള്ളിൽ തിടുക്കമാണ്. പള്ളിയിൽ പോന്ന പോക്കിൽ റഹീമിന്റെ വീട്ടിൽ കയറും. അവന്റെ ഉമ്മ ഞങ്ങൾക്ക് രണ്ടുപേർക്കുമായി ഓട്ടു പത്തിലും തേങ്ങ ചെരണ്ടി പഞ്ചസാരയും കുഴച്ചുതരും. ഓർത്തപ്പോൾ വായിൽ വെള്ളമൂറി. എന്റെ ഉള്ള് എപ്പോഴേ അവിടന്നു പോയി. അശോകൻ മാഷ് സ്വാതന്ത്ര്യദിനത്തിൽ തന്നെ വാക്കുകൾ കൊണ്ട് ഞങ്ങളെ ബന്ദിയാക്കി വെച്ചിരിക്കുന്നു, സ്വാതന്ത്ര്യനിഷേധി. അതിനിടയിൽ ഹസ്സൻ മാഷ് വെള്ളിയാഴ്ചയാണെന്ന് വാച്ച് നോക്കി അശോകൻ മാഷിനെ ഓർമിപ്പിച്ചു.
പള്ളി കഴിഞ്ഞ് പോരുമ്പോൾ ഉപ്പാപ്പ ഞങ്ങളെയും കൂട്ടി ഖബർസ്ഥാനിലേക്ക് നടന്നു. സ്വാതന്ത്ര്യ ദിനത്തിൽ ആദ്യത്തെ സന്ദർശനം വിശിഷ്ടമായ സ്ഥലംതന്നെ. കൈയിൽ പതാകയുമുണ്ട്. ഉറങ്ങിക്കിടക്കുന്നവരേ ഉണരൂ, നാളെക്കായി പൊരുതൂ. ഉപ്പാപ്പ പ്രാർഥിച്ചു. ഞങ്ങൾ കൊടി ഉയർത്തിപ്പിടിച്ചുതന്നെ ആമീൻ പറഞ്ഞു. നിങ്ങൾ സ്വതന്ത്രരായവരാണ്. ഞങ്ങൾ ബന്ധികളും. ഇവർക്കൊക്കെ എന്ത് സുഖാ ല്ലേ. സ്വർഗത്തിൽ സ്വതന്ത്രരായി പക്ഷികളെ പോലെ പാറിപ്പറക്കുന്നു. ശരിക്കും, ആരാണ് സ്വതന്ത്രർ, മരിച്ചിരിക്കുന്ന നിങ്ങളോ ജീവിക്കുന്ന ഞങ്ങളോ? ചോദ്യം ഒരു കനലായ് ഭൂതകാലത്തിൽനിന്നും വർത്തമാന കാലത്തിന്റെ കത്തിജ്വലിക്കുന്ന ചൂളയിലേക്ക് എന്നെക്കൊണ്ടുപോയിട്ടു. ശരിക്കും, ആരാണ് സ്വതന്ത്രർ? മരിച്ചിരിക്കുന്ന നിങ്ങളോ ജീവിച്ചിരിക്കുന്ന ഞങ്ങളോ? മനസ്സ് വീണ്ടു വീണ്ടും ആ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു. ജീവിക്കുന്നു എന്നല്ല മരിച്ചവരായി ജീവിക്കുന്നവർ എന്നു പറയണം. സ്വാതന്ത്ര്യദിനത്തിന്റെ 78 ാം വാർഷികം ആഘോഷിക്കുമ്പോൾ ശരിക്കും നമ്മളിൽ, ആരാണ് സ്വതന്ത്രർ. അടിച്ചമർത്തലുകൾ, തല്ലിക്കൊല്ലലുകൾ, നാടുകടത്തലുകൾ. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്.
സ്വാതന്ത്ര്യം നേടിയിട്ട് ഇത്രവർഷം കഴിഞ്ഞിട്ടും നമ്മൾ ഇവിടെയാണ് നിൽക്കുന്നത്; ജനാധിപത്യം, ജനാധിപത്യം എന്ന് നാഴികക്ക് നാല്പത്
വട്ടം പറയുമ്പോഴും. ശരിക്കും ഒരു കാര്യത്തോടടുക്കുമ്പോൾ ജനത്തിന് പുല്ലുവിലയാണുള്ളതെന്ന് നമുക്ക് മനസ്സിലാകും. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ, ഈ അടുത്ത കാലത്ത് എത്ര ജനകീയ പ്രക്ഷോഭങ്ങൾ വിജയകരമായി അവസാനിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പലതും കാണുമ്പോൾ പച്ചയായ അനീതിയാണെന്നു തെളിഞ്ഞിട്ടും നമ്മൾ ഒരക്ഷരം പോലും മിണ്ടാതെ മൗനികളായിപ്പോകുന്നതെന്താണ്? ഒറ്റപ്പെടുന്ന ശബ്ദങ്ങളെ തുറുങ്കിലടച്ച് നമ്മെ ഭയപ്പെടുത്തുന്നതാരാണ്? ജനപ്രതിനിധികളെ പോലും പാർലമെന്റിൽ ശബ്ദമില്ലാതെയാക്കുന്നതാരാണ്? സ്വാതന്ത്ര്യത്തിന്റെ, സമത്വത്തിന്റെ വിളനിലങ്ങളിൽ അസഹിഷ്ണുതയുടെ വിഷവിത്തുകൾ വിതയ്ക്കുന്നത് ആരാണ്?
ബ്രിട്ടീഷുകാരുമായുള്ള സ്വാതന്ത്ര്യസമരം കുറച്ചുകൂടി എളുപ്പമായിരുന്നെന്ന് തോന്നുന്നു. കാരണം, ശത്രുക്കൾ പ്രത്യക്ഷത്തിൽ നമ്മുടെ മുന്നിൽ തന്നെയുണ്ടാകുന്നു. ഇനിയും ലഭിക്കാത്ത സ്വാതന്ത്ര്യം വീണ്ടെടുക്കാൻ ചങ്ങലകൾ പൊളിച്ചെറിയാൻ നാം ആരോടാണ് സമരം ചെയ്യേണ്ടത്? നമ്മളോട് തന്നെയോ? ഒരു മരത്തിന്റെ വേരിലാണ് പുഴുവെങ്കിൽ ആ മരംതന്നെ ഉണങ്ങിപ്പോകും. ആ പുഴുക്കളെ നീക്കംചെയ്യാൻ ആയാസകരമായ ചെറുത്തുനിൽപ്പുതന്നെ വേണ്ടിവരും. നമ്മുടെ സംസാരത്തിന്, നമ്മുടെ നോട്ടത്തിന്, നമ്മുടെ സഞ്ചാരത്തിന്, നമ്മുടെ വിശ്വാസത്തിന്, സകലതിനും അവർ അതിർവരമ്പുകൾ തീരുമാനിക്കുമ്പോൾ നമ്മൾ എങ്ങനെയാണ് സ്വതന്ത്രരാണെന്ന് പറയുക. ഇനിയും അങ്ങനെയാണ് മൗനികളായിരിക്കുക.