പ്രവാസി വിഷയങ്ങളിൽ ശക്തമായി ഇടപെടും-ഷാഫി പറമ്പിൽ എം.പി
text_fieldsബഹ്റൈനിൽ യു.ഡി.ഫ് ആർ.എം.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുന്ന ഷാഫി പറമ്പിൽ എം.പി - ചിത്രം: സത്യൻ പേരാമ്പ്ര
മനാമ: പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർതലത്തിൽ ഇടപെടുമെന്നും അതിനായി ബന്ധപ്പെട്ടവരിലേക്ക് വിഷയങ്ങൾ എത്തിക്കുമെന്നും പുനർ നടപടികൾക്കായി പിന്തുടരുമെന്നും ഷാഫി പറമ്പിൽ എം.പി. ബഹ്റൈൻ സന്ദർശനത്തിനിടെ മനാമയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും മറ്റു വിഷയങ്ങൾ സൂചിപ്പിച്ചതായും ഷാഫി പറഞ്ഞു.
പ്രവാസികളുടെ ടിക്കറ്റ് വിലയിലെ കൊള്ള, പ്രവാസി നികുതി ആനുകൂല്യങ്ങൾ നിഷേധിക്കൽ, ലഗേജിന്റെ കാര്യത്തിലുള്ള പ്രശ്നങ്ങൾ, മരണ ശേഷം ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കൽ, പാസ്പോർട്ട് പുതുക്കി നൽകുന്നതിന്റെ കാലതാമസം തുടങ്ങിയ കാര്യങ്ങൾ പരിഹരിക്കാനുള്ള നടപടികൾക്കായി ശ്രമിക്കുമെന്നും അതിന്റെ തീരുമാനങ്ങൾക്കായി വിഷയത്തെ നിരന്തരം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം പലിശക്കെടുക്കുന്നവരും ഈടായി പാസ്പോർട്ട് നൽകുന്നതുമായ സംഭവങ്ങളിൽ പ്രവാസികൾ വിട്ടുനിൽക്കണമെന്നും പാസ്പോർട്ട് കൈവശപ്പെടുത്തിയ മലയാളികളടക്കമുള്ളവർ അത് വിട്ടുകൊടുക്കാനുള്ള തീരുമാനമെടുക്കണമെന്നും ഷാഫി പറഞ്ഞു.
ഗൾഫ് എയർ കോഴിക്കോട്ടേക്കുള്ള സർവിസ് കുറച്ച കാര്യത്തിൽ എംബസിയുമായും ഏവിയേഷൻ മന്ത്രിയുമായും സംസാരിച്ചിരുന്നു. അടുത്ത പത്താം തീയതി തുടങ്ങുന്ന പാർലമെന്റ് സമ്മേളന സമയത്ത് ഗൾഫ് എയർ പ്രതിനിധികളുമായി മന്ത്രിയുടെ ചേംബറിൽ കൂടിക്കാഴ്ച നടത്താമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഈ കാര്യങ്ങളിലെല്ലാം ഒരു തീരുമാനമെടുക്കാനുള്ള അധികാരം എനിക്കില്ലായെന്നും എല്ലാ വിഷയങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ കഴിയുക എന്നും അത് ഞാൻ ചെയ്യുമെന്നും ഷാഫി കൂട്ടിച്ചേർത്തു.
കണ്ണൂർ എയർപോർട്ടിനുള്ള പോയന്റ് ഓഫ് കാൾ പദവി വ്യക്തമായ ലോപി മൂലം നഷ്ടപ്പെടുത്തുന്നതാണെന്നും ഇതിനുള്ള തീരുമാനത്തിനായി കണ്ണൂർ എം.പി കെ. സുധാകരനുമൊന്നിച്ച് ഞങ്ങൾ ബന്ധപ്പെട്ട മന്ത്രിയെ കണ്ടിരുന്നുവെന്നും ഒരു പരീക്ഷണം എന്ന നിലക്ക് കുറഞ്ഞ കാലത്തേങ്കിലും ആ പദവി കണ്ണൂർ എയർപോർട്ടിന് നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഷാഫി പറഞ്ഞു. ബഹ്റൈനിൽ യു.ഡി.ഫ് ആർ.എം.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാഫി.