സൗഹൃദങ്ങളുടെ ഗൃഹാതുരത പുതുക്കി ഷാഫി പറമ്പിലും സഹപാഠികളും
text_fieldsറസാഖ്, ഷാസ് പോക്കുട്ടി, നിസാർ കുന്നംകുളത്തിങ്ങൽ, ഉസ്മാൻ എന്നിവർ ഷാഫി പറമ്പിൽ എം.പിയോടൊപ്പം ബഹ്റൈൻ സന്ദർശനവേളയിൽ
മനാമ: സൗഹൃദം എപ്പോഴും ഒരു മധുരമുള്ള ഉത്തരവാദിത്തമാണെന്നാണ് പറയപ്പെടാറ്. അത്തരത്തിൽ ഒരു സൗഹൃദം അവിസ്മരണീയമാക്കിയതിന്റെ പെരുമയിലാണ് നിസാറും റസാഖും ബഹ്റൈനിലെ മറ്റു സുഹൃത്തുക്കളും. യു.ഡി.ഫ് കോഴിക്കോട് ജില്ല കമ്മിറ്റി ഒരുക്കിയ പവിഴ ദ്വീപിന്റെ സ്നേഹാദരവുകൾ സ്വീകരിക്കാനെത്തിയ വടകരയുടെ എം.പി ഷാഫി പറമ്പിലിന് തന്നെ താനാക്കിയ സൗഹൃദങ്ങളുടെ ഗൃഹാതുരത പുതുക്കാനൊരു ഇടം നൽകുകയായിരുന്നു ബഹ്റൈൻ സന്ദർശനം. കൊടിപിടിച്ചു തുടങ്ങിയ തന്റെ രാഷ്ട്രീയ ചരിത്ര താളുകളിലെ ആദ്യപാഠമായി ഷാഫി കുറിച്ചുവെച്ചത് പട്ടാമ്പി കോളജിന്റെ വരാന്തകളും നിസാറിന്റെയും മറ്റു സുഹൃത്തുക്കളുടെയും ഇമ്പമുള്ള സൗഹൃദത്തിന്റെ ഓർമകളുമാണ്. പാലക്കാട് ഓങ്ങല്ലൂരിന്റെ ഗ്രാമാന്തരങ്ങളിൽ ഫുട്ബാളും ക്രിക്കറ്റുമൊക്കെയായി കളം നിറഞ്ഞ കാലം തൊട്ട് നിസാറിന് ഷാഫിയെ അറിയാം. അന്നുമുതലവർ ഒന്നിച്ചാണ്. ഷാഫിയുടെ പട്ടാമ്പി എം.ഇ.എസ് സ്കൂളിലെ പ്ലസ് ടു പഠനശേഷം ഡിഗ്രി പഠനത്തിനായി പട്ടാമ്പി കോളജിലേക്ക് ചേക്കേറിയ കാലത്ത് നിസാറും റസാക്കുമെല്ലാം അവിടെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളായിരുന്നു. മാത്രമല്ല, കോളജിലെ കെ.എസ്.യുവിനെ നയിച്ചിരുന്നതും ഇവരുടെ നേതൃത്വത്തിലായിരുന്നു.
കെ.എസ്.യുവിന് ദീർഘ വീക്ഷണത്തിൽ പോലും സാധ്യതയില്ലാതിരുന്ന പട്ടാമ്പി കോളജിന്റെ ചെങ്കോട്ടയിൽ പട്ടാമ്പിക്കാരായ മറ്റു സുഹൃത്തുക്കളോടൊപ്പം യുവത്വത്തിന്റെ ചൂരും ചൂടുമായി രാഷ്ട്രീയ കളം പിടിക്കാനുള്ള ഇവരുടെ ശ്രമങ്ങൾക്കിടയിലാണ് നിസാറിന്റെ നാട്ടുകാരനും കൂട്ടുകാരനുമായ ഷാഫി ആ കോളജിലേക്ക് കടന്നുവരുന്നത്. ആദ്യമായൊരു രാഷ്ട്രീയ വിദ്യാർഥി സംഘടനയുടെ കൊടി ഷാഫി പിടിക്കുന്നതും പട്ടാമ്പി കോളജിന്റെ അങ്കണത്തിൽ വെച്ചാണ്. ഒരു തുടക്കക്കാരന്റെ വേവലാതിയില്ലാതെ ഷാഫിയും പതിയെ അവരോടൊപ്പം ആദ്യ പാഠം പഠിച്ചുതുടങ്ങി.
ഒരുമിച്ചൊരു ബൈക്കിൽ സഞ്ചരിച്ചും സംഘടന പ്രവർത്തനങ്ങൾ ഒരുക്കിയും സജീവമായിത്തുടങ്ങിയ ആ കാലത്താണ് ഒരു രാഷ്ട്രീയ സംഘട്ടനം കോളജിലുണ്ടാവുന്നത്. എസ്.എഫ്.ഐയുമായി ഉണ്ടായ പ്രശ്നത്തെത്തുടർന്ന് അവിചാരിതമായി ഷാഫിക്കടക്കം പൊലീസ് കേസ് വന്നു. നിസാറും റസാഖുമെല്ലാം കേസിലുൾപ്പെട്ടിരുന്നെങ്കിലും ഷാഫി മാത്രമാണ് റിമാൻഡിലായത്.
അത് ഷാഫിയിൽ നിന്ന് ഷാഫി പറമ്പിലെന്ന പൊതുപ്രവർത്തകനിലേക്കുള്ള ആദ്യ പടിയായിരുന്നു. സമ്പൂർണ രാഷ്ട്രീയക്കാരനിലേക്കുള്ള പടവുകൾ ഷാഫിയും കൂട്ടുകാരും അന്ന് പട്ടാമ്പി കോളജിന്റെ മുറ്റത്തുനിന്ന് വെട്ടിത്തുടങ്ങി. രണ്ടാം വർഷം കോമേഴ്സ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാർഥിയായി മത്സരിച്ച ഷാഫി ജയിച്ചുകയറിയതും എസ്.എഫ്.ഐയുടെ ചെങ്കോട്ടകളിൽ വിള്ളലിട്ടു തുടങ്ങിയതും അക്കാലത്താണ്. മൂന്നാം വർഷം നിസാറും റസാഖുമെല്ലാം പാസ് ഔട്ടായപ്പോഴേക്കും പട്ടാമ്പി കോളജിൽ ഷാഫി കഠിന പ്രയത്നം കൊണ്ടും ഹൃദ്യമായ പെരുമാറ്റം കൊണ്ടും തന്റേതായൊരിടം പടുത്തുയർത്തിയിരുന്നു. പിന്നീടു വന്ന തെരഞ്ഞെടുപ്പിൽ കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയായി വിജയിച്ചാണ് ഷാഫി തന്റെ പ്രഭ തെളിയിച്ചത്. ശേഷം തൃശൂരിലെ എം.ബി.എ പഠന കാലത്തും ഒന്നിച്ചായിരുന്നു ഇവർ. തുടർന്ന് ഷാഫി കെ.എസ്.യു ജില്ല സെക്രട്ടിറിയായും പ്രസിഡന്റായും പിന്നീട് സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഈ സൗഹൃദം കൂടെയുണ്ടായിരുന്നു. ജോലി ആവശ്യാർഥം പ്രവാസ ലോകത്തേക്ക് ചേക്കേറിയപ്പോഴും ഇവർ ഷാഫിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. കേരള രാഷ്ട്രീയത്തിൽ ശോഭിച്ചു നിൽക്കുമ്പോഴും എം.എൽ.എ, എം.പി എന്ന ഖ്യാതികൾ വന്നപ്പോഴും സുഹൃത്തുക്കൾക്ക് ഷാഫി പഴയ ഷാഫി തന്നെയാണ്. കഴിഞ്ഞ പത്തു വർഷമായി ബഹ്റൈനിലുള്ള നിസാർ കലിമ ഗ്രൂപ്പിന്റെ ഡയറക്ടറും ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാനുമാണ്. ലുലു ഗ്രൂപ്പിൽ ബയർ ആയി പ്രവർത്തിക്കുകയാണ് റസാഖ്. ഇവരെ കൂടാതെ ഇന്റർകോളിൽ ജോലി ചെയ്യുന്ന ഉസ്മാനും കാർഗോ കെയർ സെയിൽസ് മാനേജറായി പ്രവർത്തിക്കുന്ന ഷാസ് പോക്കുട്ടിയും അനുമോദും എല്ലാം പഠനകാലത്തേ തുടർന്ന സൗഹൃദ വലയങ്ങളാണ്.
പുതുതലമുറയിലെ ഉമ്മൻ ചാണ്ടിയെന്ന വിശേഷണവുമായി ഷാഫി വളരുമ്പോഴും ഒരുപാട് തിരക്കുള്ള തങ്ങളുടെ സഹപാഠിയോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ സുഹൃത്തുക്കൾ.