പട്ടിണിയിൽ നിലക്കുന്ന ഗസ്സയിലെ കുഞ്ഞുബാല്യങ്ങൾ
text_fieldsഗസ്സയിൽ നിന്നുള്ള വാർത്തകൾ അതിദുഃഖകരമാണ്. മരുന്ന്, ഭക്ഷണം, കുടിവെള്ളം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനആവശ്യങ്ങൾ പോലും ലഭിക്കാതെ കുഞ്ഞുങ്ങളടക്കം നിരവധിയാളുകൾ മരണപ്പെടുന്നു. രാഷ്ട്രീയപരമായ വിഷയങ്ങൾ ഒരുവശത്ത് നിൽക്കുമ്പോഴും, മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിച്ച് ഈ പട്ടിണിമരണം അവസാനിപ്പിക്കാനുള്ള നടപടികൾ അത്യാവശ്യമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ, ഒരു ജനതയുടെ മുഴുവൻ ജീവനും നഷ്ടമാകുന്ന ഗുരുതരമായ അവസ്ഥക്ക് ലോകം സാക്ഷ്യംവഹിക്കും.
സമാധാനത്തിനുള്ള ആഹ്വാനം: ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ രാഷ്ട്രീയവിഷയങ്ങൾക്ക് ഇരുവിഭാഗവും ഒരു തീർപ്പിലെത്താൻ തയാറാകണം. ലോകത്ത് സ്വാധീനമുള്ള ഇന്ത്യയുൾപ്പെടെയുള്ള, ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇതിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ചില വ്യക്തിപരമായ നിർദേശങ്ങൾ :
1. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ: കഴിഞ്ഞകാല വിഷയങ്ങളും വാദങ്ങളും മാറ്റിവെച്ച്, 50:50 അനുപാതത്തിലോ അല്ലെങ്കിൽ ഇരുവിഭാഗവും ചർച്ച ചെയ്ത് ഒരുവിഭാഗത്തിന് കൂടുതൽ സ്ഥലം നൽകിയോ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ രൂപവത്കരിക്കുക.
2. അഭയാർഥി പ്രശ്നം: ഫലസ്തീൻ അഭയാർഥി പ്രശ്നങ്ങൾ പുതുതായി വരുന്ന സ്വതന്ത്ര ഫലസ്തീൻ സർക്കാർ പരിഹരിക്കണം. ഇതിനാവശ്യമായ സാമ്പത്തികസഹായങ്ങൾ ഉൾപ്പെടെയുള്ള സഹകരണങ്ങൾക്കായി അന്താരാഷ്ട്രസമൂഹത്തെ സമീപിക്കാം.
3. മേഖലയിലെ സമാധാനം: ഈ മേഖലയിൽ സമാധാനം ഉണ്ടാക്കിയെടുക്കുന്നത് പശ്ചിമേഷ്യക്കുതന്നെ വളരെ ഗുണകരമാകും.
4. ജറൂസലം: ജറൂസലം പോലെയുള്ള എല്ലാവരും ബഹുമാനിക്കുന്ന സ്ഥലങ്ങൾക്ക് ഇരുവിഭാഗവും ഒന്നിച്ചുള്ള ഒരു ഭരണസംവിധാനം ഉണ്ടാക്കി സമാധാനപരമായി എല്ലാവർക്കും വന്നുചേരാൻ സാധിക്കുന്ന സാഹചര്യം ഒരുക്കണം.
ഈ നിർദേശങ്ങൾ ഗസ്സയിലെയും ഫലസ്തീനിലെയും ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുമെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു. ഇവ പെട്ടെന്ന് നടപ്പാക്കാനാവില്ല. എന്നിരുന്നാലും, നിരന്തരമായ അന്താരാഷ്ട്ര ഇടപെടലുകളിലൂടെയും ചർച്ചകളിലൂടെയും അടുത്ത ഒരു വർഷത്തിനുള്ളിൽ ഇവ നടപ്പാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു.