ബഹ്‌റൈനിൽ സബ്‌സിഡി നിരക്കിലുള്ള മാവ് ദുരുപയോഗം; ബേക്കറികൾക്കെതിരെ കർശന നടപടിക്ക് നീക്കം
text_fieldsമനാമ: ബഹ്‌റൈൻ സർക്കാർ നൽകുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്ത് അമിതവില ഈടാക്കുന്ന ബേക്കറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സബ്‌സിഡി നിരക്കിലുള്ള മാവ് ഉപയോഗിച്ച് നിർമ്മിക്കുന്ന സാധാരണ റൊട്ടിയിൽ നിസ്സാരമായ മാറ്റങ്ങൾ വരുത്തി ‘പ്രീമിയം ബ്രെഡ്’ എന്ന പേരിൽ പലമടങ്ങ് വില ഈടാക്കുന്ന പ്രവണതയ്ക്കെതിരെയാണ് ജനപ്രതിനിധികൾ രംഗത്തെത്തിയത്.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മാവിനും റൊട്ടിക്കും സബ്‌സിഡി നൽകുന്നത്. എന്നാൽ, പാൽ, എള്ള് അല്ലെങ്കിൽ നിറങ്ങൾ തുടങ്ങിയ ചെറിയ ചേരുവകൾ മാത്രം ചേർത്ത് അമിതവില ഈടാക്കുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്ന് എം.പി ഡോ. മുനീർ സുറൂർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾക്കെതിരെ ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് അടിയന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ വിലയും തൂക്കവും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ബേക്കറികളിൽ വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. സബ്‌സിഡി നൽകുന്നതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരം സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തണമെന്നും എം.പി കൂട്ടിച്ചേർത്തു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ പരസ്യപ്പെടുത്തുന്നത് പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.
മുമ്പ് റൊട്ടിയുടെ വലുപ്പം കുറച്ച് സബ്‌സിഡി ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്ത കേസുകളിൽ അധികൃതർ ഇടപെട്ടിട്ടുണ്ടെന്ന് സൗത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് ഓർമ്മിപ്പിച്ചു. ഇത്തരം പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തി ഉപഭോക്താക്കളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ സബ്‌സിഡി നിരക്കിൽ നിർമ്മിക്കുന്ന ഒരു സാധാരണ ബഹ്‌റൈനി ഖുബൂസിന് 20 ഫിൽസ് ആണ് വില ഈടാക്കുന്നത്.


