ബഹ്റൈനിൽ 'സൂപ്പർ ഹാർവെസ്റ്റ് മൂൺ' ഇന്ന്
text_fieldsമനാമ: ബഹ്റൈനിന്റെ ആകാശം തിങ്കളാഴ്ച രാത്രി പതിവിലും കൂടുതൽ പ്രകാശിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സൂപ്പർ ഹാർവെസ്റ്റ് മൂൺ’ പ്രത്യക്ഷപ്പെടുന്നതോടെയാണിത്. ശരത്കാല വിഷുവത്തിനോട് ഏറ്റവും അടുത്തുവരുന്ന പൗർണമിയാണ് ഹാർവെസ്റ്റ് മൂൺ. ഈ വർഷം സെപ്റ്റംബർ 22നായിരുന്നു ശരത്കാല വിഷുവം. വിളവെടുപ്പ് കാലത്ത്, രാത്രി വൈകിയും ജോലി ചെയ്യാനായി കർഷകർക്ക് പ്രകാശം നൽകിയിരുന്നതിനാൽ വടക്കേ അമേരിക്കൻ ഗോത്രവർഗക്കാരാണ് ഈ പൂർണചന്ദ്രന് 'ഹാർവെസ്റ്റ് മൂൺ' എന്ന പേര് നൽകിയത്.
ഈ പൂർണചന്ദ്രൻ ഒരു 'സൂപ്പർമൂൺ' കൂടിയായിരിക്കും. അതിനാൽതന്നെ പതിവിലും വലുതും കൂടുതൽ തിളക്കമുള്ളതുമായി ഇതിനെ കാണാൻ സാധിക്കും. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനമായ 'പെരിജി'യിൽ എത്തുന്നത് ഈ സമയത്താണ്. ഏകദേശം 3,60,000 കിലോമീറ്റർ ദൂരത്തായിരിക്കും ചന്ദ്രൻ ഭൂമിയോട് അടുത്തെത്തുക.
ഇത് ചന്ദ്രന് അസാധാരണമായ ശോഭ നൽകുമെന്ന് ബഹ്റൈനിലെ വാനനിരീക്ഷണ ഗവേഷകൻ മുഹമ്മദ് റിദ അൽ അസ്ഫൂർ അറിയിച്ചു. അടുത്തമാസം ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്തേക്ക് മാറി ഇതിന് വിപരീതമായി ഒരു കാഴ്ചയായിരിക്കും നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകീട്ട് 4.48ന് സൂപ്പർ ഹാർവെസ്റ്റ് മൂൺ ഉദിച്ച് ചൊവ്വാഴ്ച രാവിലെ 5.34 വരെ രാത്രി മുഴുവൻ ദൃശ്യമാകും. രാവിലെ 6.47നാണ് ഏറ്റവും കൂടുതൽ ശോഭയിൽ എത്തുക. കൂടാതെ, ചൊവ്വാഴ്ച വൈകീട്ട് 5.24ന് ചന്ദ്രൻ വീണ്ടും ഉദിക്കും. അന്നും ഈ ആകാശവിസ്മയം കാണാൻ അവസരമുണ്ടാകും.
പ്രത്യേകിച്ച് ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമായ സമയങ്ങളിൽ, ചക്രവാളത്തോട് ചേർന്ന് കാണുമ്പോൾ ചന്ദ്രന് കൂടുതൽ വലുപ്പവും സൗന്ദര്യവും ഉണ്ടാകും. ഈ അസുലഭ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമുള്ള അവസരം വാനനിരീക്ഷണപ്രേമികൾ പ്രയോജനപ്പെടുത്തണമെന്ന് അൽ അസ്ഫൂർ അഭ്യർഥിച്ചു.