വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച വിദേശി അധ്യാപകന് ബഹ്‌റൈനിൽ തടവുശിക്ഷയും നാടുകടത്തലും
text_fieldsമനാമ: വ്യാജ സർവകലാശാലാ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച വിദേശി അധ്യാപകന് ബഹ്‌റൈനിൽ തടവുശിക്ഷയും നാടുകടത്തലും. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിന് പ്രതിക്ക് ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റ് കണ്ടുകെട്ടാനും കോടതി നിർദേശിച്ചു.
ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ലഭിക്കുന്നതിനായി പ്രതി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക പരിശോധനാ സംവിധാനത്തിലൂടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തി. സാക്ഷിമൊഴികൾ, പരിശോധനാ റിപ്പോർട്ടുകൾ, സർട്ടിഫിക്കറ്റ് നൽകിയതെന്ന് അവകാശപ്പെടുന്ന സർവകലാശാല നൽകിയ മറുപടി എന്നിവയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്നാണ് കേസ് കോടതിയിലേക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.


