ആക്രമണം തുടർന്ന്..!
text_fieldsമനാമ: ആശ്വാസമാകുമെന്ന് കരുതിയ രാവും പകലും ബഹ്റൈന് നേരെ ആക്രമണങ്ങൾ നടത്തി ഇറാൻ. ശനിയാഴ്ച രാവിലെ ഇറാൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനവും അതിന് ശേഷം വൈകിട്ട് വരെ ശാന്തമായ അന്തരീക്ഷവും ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അതെല്ലാം തെറ്റിക്കുന്ന കാഴ്ചക്കാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയും പകലും ബഹ്റൈൻ സാക്ഷിയായത്. ശനിയാഴ്ച രാത്രി മനാമയിലെ താമസ കെട്ടിടത്തെ ലക്ഷ്യമിട്ട് ആരംഭിച്ച ആക്രമണം പുലർച്ചെ 12.50 ഓടെ ഒന്നു കൂടി തീവ്രമായി. മനാമയില റോഡിൽ പതിച്ച മിസൈൽ അവശിഷ്ടം കാരണം സമീപത്തെ കടകൾക്കും കെട്ടിടങ്ങൾ കേടുപാടുകൾ സംഭവിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഉഗ്രസ്ഫോടനത്തിന്‍റെ പ്രകമ്പനം വിട്ടൊഴിയും മുമ്പാണ് മിന സൽമാനിലും അടുത്ത ആക്രമണമുണ്ടാകുന്നത്. ഇതിനിടയിൽ രാജ്യാതിർത്തി കടന്നെത്തിയ നിരവധി ഡ്രോണുകളും മിസൈലുകളും പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കിയിരുന്നു. മിന സൽമാനിലെ തീപ്പിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കി. പിന്നീട് പകൽ പിറക്കും വരെ ശാന്തതയിൽ തുടർന്നു. രാവിലെ 8.30 ഓടെ മുഹറഖിലെ ഒരു യൂനിവേഴ്സിറ്റിയെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം ഉണ്ടായി. ഇത് മൂന്ന് പേർക്ക് പരിക്കേൽക്കാൽക്കാനും കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കാനും ഇടയായി. തുടർന്ന് 30 മിനുട്ടുകൾക്ക് ശേഷം രാജ്യത്തെ പ്രധാന കടൽ ജലശുദ്ധീകരണ പാന്‍റ് ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. പ്ലാന്‍റിന് ചില കേടുപാടുകൾ സംഭവിച്ചെങ്കിലും ജല-വൈദ്യുത വിതരണത്തെ ഇത് ബാധിക്കില്ലെന്ന് ഇവ പ്രസ്താവനയിറക്കിയത് ഏറെ ആശ്വാസം നൽകി. പ്രവാസികളടക്കം ഒരൽപ്പം ഭീതിയിലായെങ്കിലും കൃത്യമായ ജാഗ്രത നിർദേശം നൽകിയും സുരക്ഷിതമാക്കിയും ആഭ്യന്തര വകുപ്പ് സ്ഥിഗതികൾ ശാന്തമാക്കിയിരുന്നു. രാത്രി വരെ പിന്നീട് ആക്രമണങ്ങളൊന്നും ഉണ്ടായില്ല എന്നതും ആശ്വാസകരമാണ്.
നിലവിലെ സാഹചര്യം തുടരുന്ന സാഹചര്യത്തിൽ ബഹ്റൈൻ വ്യോമപാത അടഞ്ഞു തന്നെ കിടക്കുകയാണ്.സ്ഥിതഗതികൾ പൂർണമായും ശാന്തമായാൽ മാത്രമേ വിമാനത്താവളം പ്രവർത്തന സജ്ജമാകുള്ളൂ. എല്ലാം വേഗത്തിൽ ശാന്തമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ള താമസക്കാർ.
250ലധികം ആക്രമണങ്ങൾ തടഞ്ഞ് ബി.ഡി.എഫ്
95 ബാലസ്റ്റിക് മിസൈലുകളും 164 ഡ്രോണുകളും നിർവീര്യമാക്കി
മനാമ: ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈൻ ലക്ഷ്യമാക്കി വന്ന 95 ബാലസ്റ്റിക് മിസൈലുകളും 164 ഡ്രോണുകളും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിന്‍റെ ആകാശം സുരക്ഷിതമാണെന്നും സൈനികർ അസാമാന്യമായ പോരാട്ടവീര്യമാണ് കാഴ്ചവെക്കുന്നതെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പുതിയ നിയന്ത്രണങ്ങളും മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം
ആരാധനാലയങ്ങൾ, സ്പോർട്സ് ക്ലബുകൾ, ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, റസ്റ്റാറന്‍റുകൾ എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശിക്കാം
മനാമ: രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സിവിൽ ഡിഫൻസ് കൗൺസിൽ പുതിയ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ക്യാപ്റ്റൻ അബ്ദുല്ല വഹീദ് അൽ മന്നായ് കഴിഞ്ഞ രാത്രി മാധ്യമങ്ങളുമായി നടത്തിയ ചർച്ചയിലാണ് പ്രധാന തീരുമാനങ്ങൾ അറിയിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ പ്രൊട്ടക്ഷൻ നടപടികൾ ശക്തമാക്കുന്നതിനുമായി തെരുവുകളിലും പബ്ലിക് സ്വകയറുകളിലും ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കുന്നത് സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആരാധനാലയങ്ങൾ, സ്പോർട്സ് ക്ലബുകൾ, ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, റസ്റ്റാറന്‍റുകൾ എന്നിവിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശിക്കാവുന്നതാണ്.
ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും നിരവധി പേർക്കെതിരെ നിയമനടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പകർത്തുക അവ പ്രചരിപ്പിക്കുക, സൈനിക കേന്ദ്രങ്ങളുടെ വീഡിയോ എടുക്കുക, സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക എന്നീ പ്രവർത്തികൾ കുറ്റകരമായി കണക്കാക്കും. ഇത്തരം പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതിനും രാജ്യസുരക്ഷയെ ബാധിക്കുന്നതിനും കാരണമാകുമെന്ന് അധികൃതർ ഓർമിപ്പിച്ചു.


