വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കണം
text_fieldsമനാമ: രാജ്യത്തെ വിദേശതൊഴിലാളികളുടെ അക്കാദമിക്, പ്രഫഷനൽ യോഗ്യതകൾ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് പരിശോധിക്കുന്നതിനായി പുതിയ സമിതിക്ക് രൂപം നൽകാൻ പാർലമെന്റിൽ നിർദേശം. തൊഴിൽവിപണിയുടെ മൂല്യങ്ങളും പൊതു-സ്വകാര്യ സേവനങ്ങളുടെ ഗുണമേന്മയും ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം പാർലമെൻറ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചത്. സ്പീക്കർ ഇത് കൂടുതൽ അവലോകനത്തിനായി സർവിസ് കമ്മിറ്റിക്ക് കൈമാറി.
വിവിധ മേഖലകളിൽ വിദേശതൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവരുടെ യോഗ്യതാസർട്ടിഫിക്കറ്റുകൾ യഥാർഥവും ഔദ്യോഗികമായി അംഗീകരിച്ചതുമാണെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യമാണ് നിർദേശം പ്രധാനമായും മുന്നോട്ടുവെക്കുന്നത്. വ്യാജ യോഗ്യതകൾ ഉപയോഗിച്ച് ജോലി നേടുന്ന കേസുകൾ രാജ്യത്ത് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. തൊഴിൽ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, എൽ.എം.ആർ.എ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത ഭരണസമിതി സ്ഥാപിക്കാനാണ് എം.പിമാർ ആവശ്യപ്പെടുന്നത്. രാജ്യത്ത് ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളികളുടെ യോഗ്യതാപത്രങ്ങളുടെ ആധികാരികത പരിശോധിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.
കൂടാതെ, എല്ലാ സർക്കാർ ഏജൻസികളെയും ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഡേറ്റാബേസ് നിർമിക്കുന്നതിനും പരിശോധിച്ച യോഗ്യതകളിലേക്ക് തത്സമയം പ്രവേശനം അനുവദിക്കുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനും സമിതി മേൽനോട്ടം വഹിക്കും.
ആരോഗ്യം, വിദ്യാഭ്യാസം, എൻജിനീയറിങ് തുടങ്ങിയ സെൻസിറ്റീവായ മേഖലകളിലെ നിർണായക റോളുകളിൽ യോഗ്യതയില്ലാത്ത വ്യക്തികൾ പ്രവേശിക്കുന്നത് മൂലമുള്ള അപകടസാധ്യതകൾ കുറക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് നിർദേശത്തെ പിന്തുണക്കുന്നവർ കരുതുന്നു. കൂടാതെ, ഇത് പ്രവാസി തൊഴിലാളികളിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും.
യഥാർഥത്തിൽ യോഗ്യതയുള്ള പ്രഫഷനലുകളെ മാത്രം നിയമിക്കുന്നതിലൂടെ രാജ്യത്തിന് വ്യവസായങ്ങളിലുടനീളമുള്ള സേവനനിലവാരം ഉയർത്താനും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും മികച്ച ഫലങ്ങൾ ഉറപ്പാക്കാനും കഴിയുമെന്നാണ് വിലിയിരുത്തുന്നത്. നിർദേശത്തെക്കുറിച്ച് സർവിസ് കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് ഉടൻ പാർലമെന്റിൽ സമർപ്പിക്കും. അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഈ ഭരണപരമായ ഘടനയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കാൻ സർക്കാറിനോട് ആവശ്യപ്പെടും.