പൈങ്കിളിവത്കരിക്കപ്പെടുന്ന നാലാം തൂൺ
text_fieldsഅധ്യാപികയുടെ ആത്മഹത്യ, രാജ്യത്തെ ഞെട്ടിച്ച ചാരവൃത്തിക്കേസിലെ മലയാളി സാന്നിധ്യം, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പി.എസ്.സി അംഗങ്ങളുടെ ശമ്പളവും, കെ.വി. തോമസിന്റെ ബത്തയും വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം. നടുവൊടിയുന്ന നികുതിഭാരത്തിനൊപ്പം വരിഞ്ഞുമുറുക്കുന്ന ജീവിത ചെലവുകളും ഇതിനൊക്കെ പുറമെ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം, ലഹരിയുടെ അതിഭയങ്കര വിളയാട്ടം തുടങ്ങി സാധാരണ മനുഷ്യരെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും നഫീസുമ്മയുടെ മണാലി യാത്രയിൽ ആനന്ദം കണ്ടെത്തുന്ന വലിയ വിഭാഗം വാർത്താ ചാനലുകൾ ചീഞ്ഞുനാറുന്ന നാലാം തൂണിന്റെ അറപ്പുളവാക്കുന്ന മുഖമാണ് നമുക്ക് മുന്നിൽ കാണിച്ചുതരുന്നത് എന്നു പറയാതെ വയ്യ.വാർത്തകളിൽ എത്രത്തോളം പൈങ്കിളിയും അശ്ലീലതയും വയലൻസുമൊക്കെ കലർത്തി വിൽക്കാം എന്നതു മാത്രം ന്യൂസ് റൂമുകൾക്ക് കൺസേൺ ആയി മാറുന്ന ഒരു കാലത്ത് നന്മയുടെ ഉറവകൾ വറ്റിയിട്ടില്ലാത്ത മനുഷ്യരുടെ ഇടപെടലുകൾ തീർച്ചയായും അനിവാര്യമായി മാറുന്നുണ്ട്.
വർഗീയതയും വിഭാഗീയതയുമൊക്കെ വാർത്തകൾക്കിടയിൽ തിരുകിക്കയറ്റി മനസ്സുകളിൽ വിഭജനത്തിന്റെ വിത്തുകൾ മുളപ്പിക്കുന്ന മാധ്യമങ്ങളെയും ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാവേണ്ടതായിട്ടുണ്ട്. അധർമത്തിനെതിരെ അരുതെന്നു മൊഴിയാൻ പറ്റാത്ത തരത്തിൽ മനുഷ്യർ കൂടി വരുന്ന കെട്ട കാലത്ത് ചില പ്രതികരണങ്ങൾപോലും ഒരു വിപ്ലവ പ്രവർത്തനമാണ്.