Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസതീഷ് പുലാപ്പറ്റ:...

സതീഷ് പുലാപ്പറ്റ: ബഹ്റൈനിലെ ബഹുമുഖ പ്രതിഭ

text_fields
bookmark_border
സതീഷ് പുലാപ്പറ്റ: ബഹ്റൈനിലെ ബഹുമുഖ പ്രതിഭ
cancel
camera_alt

സതീഷ് പുലാപ്പറ്റ

മനാമ: കലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് കഴിഞ്ഞ 22 വർഷമായി ബഹ്റൈൻ പ്രവാസിയായ പാലക്കാട് ജില്ലയിലെ പുലാപ്പറ്റ സ്വദേശിയായ സതീഷ്. ഗാനരചയിതാവ്, നാടകസംവിധായകൻ, സോപാന സംഗീത ഗായകൻ, ചെണ്ടവാദ്യ കലാകാരൻ, അഭിനേതാവ് എന്നീ നിലകളിൽ സതീഷ് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സതീഷിന്റെ നാല് ആൽബം ഗാനങ്ങൾ 2023-ലെ കൊയിലാണ്ടി ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. ഇതിൽ 'താളതരംഗം' എന്ന ആൽബത്തിനായി മികച്ച ഗാനരചയിതാവിനുള്ള സ്പെഷ്യൽ ജൂറി അവാർഡ് അദ്ദേഹത്തെ തേടിയെത്തി.

പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനം ഉൾപ്പെടുന്ന ഈ ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതേ ഫെസ്റ്റിവലിൽ വിദ്യാധരൻ മാസ്റ്റർക്ക് മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചത് സതീഷ് രചിച്ച ദേവമാശ്രയെ ' എന്ന ഗാനത്തിന് ആയിരുന്നു. ബഹ്റൈനിലെ സോപാനം വാദ്യ കലാസംഘം അംഗമായ സതീഷ് ഗുരു സന്തോഷ് കൈലാസിൻ്റെ കീഴിൽ ക്ഷേത്രവാദ്യകല അഭ്യസിച്ചു. ബഹ്റൈനിൽ തന്നെ പഞ്ചാരിമേളം, പാണ്ടിമേളം, സോപാനസംഗീതം എന്നിവയിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ട് . കലാരംഗത്ത് സതീഷ് നടത്തുന്നത് ആത്മസമർപ്പണവും നിരന്തര പരിശ്രമവുമാണ്.

ബഹ്റൈൻ കേരളീയ സമാജത്തിന്റെ വേദിയിൽ 15-ലധികം നാടകങ്ങളിലും സ്കിറ്റുകളിലും സതീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മെഗാ നാടകങ്ങളായ 'യെർമ' യിലും 'ചെമ്മീനി"ലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ചെമ്മീൻ' നാടകത്തിലെ 'തുറയിൽ അരയൻ' എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 'എന്മകജെ' എന്ന നാടകത്തിലൂടെയാണ് സതീഷ് ആദ്യമായി സംവിധാനരംഗത്തേക്ക് കടന്നുവന്നത്. അതിന് മുന്നേ രണ്ട് റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുകയും, അതിൽ ആദ്യ റേഡിയോ നാടകമായ 'പഞ്ചാരിമേളം' എന്ന കൃതിയുടെ രചനയും നിർവഹിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഏകാഭിനയ നാടകം 'ദക്ഷിണായനം' ബഹ്റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ആ സീസണിലെ മികച്ച അവതരണങ്ങളിലൊന്നായി പ്രേക്ഷകരുടെ പ്രശംസ നേടി. അടുത്തിടെ ഹ്രസ്വചലച്ചിത്രങ്ങളിലും അഭിനയിച്ച അദ്ദേഹം, പ്രതിഭ ബഹ്റൈൻ സംഘടിപ്പിച്ച റീൽ മത്സരത്തിൽ സമ്മാനാർഹമായ ഒരു റീലിലെ പ്രധാന കഥാ പാത്രത്തെ അവതരിപ്പിച്ചിരുന്നു. സതീഷ് പുലാപ്പറ്റ ബഹ്റൈനിൽ ഐ.ടി. എൻജിനീയറായാണ് ജോലി ചെയ്യുന്നത്. ഭാര്യ നിഷ സതീഷ് ബഹ്റൈനിൽ എക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മക്കളായ സംവൃത് സതീഷ്, സാവന്ത് സതീഷ് എന്നിവരും കലാരംഗത്ത് സജീവമാണ്. സംവൃത് ബഹ്റൈനിലെ ശ്രദ്ധേയനായ യുവഗായകനാണ്. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ജി.സി.സി. ബാലകലോത്സവത്തിൽ കലാപ്രതിഭ പുരസ്കാരം നേടിയിട്ടുണ്ട്.

ഇളയ മകൻ സാവന്ത് സംഗീതവും നൃത്തവും അഭ്യസിച്ചുകൊണ്ട് കലയുടെ പാതയിൽ തന്നെ മുന്നേറുകയാണ്. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ അസോസിയേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന സതീഷ് പുലാപ്പറ്റ പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലാ-സാംസ്കാരിക രംഗത്ത് തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

Show Full Article
TAGS:gulfnews gulfnewsmalayalam Bahrain 
News Summary - Satheesh Pulappatta: The Multifaceted Talent in Bahrain
Next Story