ഒരു മിനിറ്റിൽ 27 കാറുകളുടെ പേരുകൾ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മൂന്നുവയസ്സുകാരി
text_fieldsസഹ്റ ഫാത്തിമ ജാസിം
മനാമ: ഒരു മിനിറ്റ് മൂന്ന് സെക്കൻഡ് കൊണ്ട് 27 ഇന്റർനാഷനൽ കാറുകളുടെ പേരുകൾ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബഹ്റൈൻ പ്രവാസി ദമ്പതികളുടെ മൂന്നുവയസ്സുകാരിയായ മകൾ. തൃശൂർ കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി ജാസിമിന്റെയും സുനിതയുടെയും മകൾ സഹ്റ ഫാത്തിമ ജാസിമാണ് അപൂർവ നേട്ടം കൈവരിച്ചത്. ലാപ് ടോപ് സ്ക്രീനിൽ കാറുകളുടെ ചിത്രം നോക്കിയാണ് സഹ്റ കാറുകളുടെ പേര് പറഞ്ഞ് റെക്കോർഡ് കരസ്ഥമാക്കിയത്.
കുടുംബത്തോടൊപ്പം
2022 ആഗസ്റ്റ് 15ന് ബഹ്റൈനിലാണ് സഹ്റ ജനിച്ചത്. ടാൾറോപ്പ് ഇക്കോസിസ്റ്റം കമ്പനിയുടെ ബഹ്റൈൻ ഡിവിഷൻ ഹെഡ് ആയ ജാസിമും സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനുകീഴിലെ ഒരു കമ്പനിയിൽ മാനേജറായ സുനിതയും സ്ഥിരമായി യാത്ര ചെയ്യുന്നവരാണ്. യാത്രാവേളകളിൽ മകൾ സഹ്റക്ക് രണ്ട് വയസ്സ് മുതൽ കാറുകൾ കാണുമ്പോൾ പേര് പറഞ്ഞുകൊടുക്കുമായിരുന്നു. ജാസിമിന്റെ കുവൈത്തിലുള്ള സുഹൃത്ത് കുടുംബത്തോടൊപ്പം ഇടക്കിടക്ക് ബഹ്റൈനിൽ വരുമ്പോൾ സഹറയെയും കാറിൽ കയറ്റി കറങ്ങും. ഇങ്ങിനെയാണ് സഹറക്ക് കാറിനോട് കമ്പമായത്. കാറിന്റെ പേര് ചോദിച്ച് മനസ്സിലാക്കി പിന്നീട് ഓർത്തുപറയുന്നത് ശീലമായി. ജാസിമിന്റെയും
സുനിതയുടെയും മാതാപിതാക്കൾ ബഹ്റൈനിലായിരുന്നതുകൊണ്ട് ഇരുവരുടെയും കുട്ടിക്കാലം ബഹ്റൈനിലായിരുന്നു. മൂന്നുവയസ്സുകാരിയായ കുട്ടി ഇങ്ങനെയൊരു റെക്കോർഡ് കരസ്ഥമാക്കുന്നത് ആദ്യമാണ്. അതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കരൂപ്പടന്ന ജെ.ആൻഡ്.ജെ സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ വീരാൻ പി. സെയ്തിന്റെ മകനാണ് സഹ്റയുടെ പിതാവ് ജാസിം.


