യുദ്ധത്തിന്റെ നിഴലിലൂടെ: ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പുകൾ
text_fields19 വർഷങ്ങളായുള്ള ഗൾഫ് പ്രവാസജീവിതത്തിനിടയിൽ, ഒരിക്കൽപോലും യുദ്ധത്തിന്റെ ഭീകരത നേരിൽ അനുഭവിക്കേണ്ടി വന്നിട്ടിലാത്ത എന്റെ ജീവിതത്തിലേക്ക് നിനച്ചിരിക്കാതെയാണ് യുദ്ധം കടന്നു വന്നത്. തീർത്തും അപ്രതീക്ഷിതമായെത്തിയ യുദ്ധം എന്റെ ദിനങ്ങളെയും ചിന്തകളെയും കീഴടക്കി. ഈ വർഷം ഫെബ്രുവരി 28ന് രാവിലെ, വാർത്താമാധ്യമങ്ങളിലൂടെ ഇറാനിൽ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയെന്ന വാർത്ത കണ്ടപ്പോൾ പോലും, അതിന്റെ പ്രകമ്പനം നമ്മുടെ ജീവിതത്തെയും സ്പർശിക്കുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാൽ മണിക്കൂറുകൾക്കകം തന്നെ ബഹ്റൈന്റെ പല ഭാഗങ്ങളിൽ നിന്നായി സ്ഫോടനശബ്ദങ്ങൾ ഉയരാൻ തുടങ്ങി. ഞങ്ങളുടെ കമ്പനി പ്രതിരോധ സേനാതാവളത്തിന് സമീപമായിരുന്നതിനാൽ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിന്റെയും ആകാശത്ത് മിസൈലുകൾ പൊട്ടിത്തെറിക്കുന്നതിന്റെയും കാതടപ്പിക്കുന്ന ശബ്ദങ്ങൾ ഭീതിയെ ഇരട്ടിയാക്കി. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകാതെ ഞങ്ങൾ പരിഭ്രാന്തരായി നിന്നു. അന്ന് രാവിലെ ഉണരുന്നതുവരെ, “യുദ്ധം” എന്ന വാക്ക് ഇങ്ങനെ പെട്ടെന്ന് ജീവിതത്തിലേക്ക് കടന്നുവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കാരണം, ഇത്രയും വർഷങ്ങളായുള്ള ഗൾഫ് ജീവിതത്തിൽ യാതൊരു യുദ്ധാന്തരീക്ഷവും നേരിടേണ്ടിവന്നിട്ടില്ലായിരുന്നു. തുടർന്നുവന്ന ദിവസങ്ങൾ ഉറക്കമില്ലാത്ത രാത്രികളുടെ നീണ്ട പരമ്പരയായി മാറി. ഇവിടുത്തെ ഒരു പ്രതിരോധ സേനാതാവളത്തിനടുത്തു തന്നെയാണ് ഞങ്ങളുടെ താമസം. അതുകൊണ്ട് രാത്രിയൊട്ടാകെ പ്രവർത്തിച്ചിരുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിക്ഷേപണശബ്ദങ്ങൾ ഉറക്കത്തെ പൂർണമായും കവർന്നു.
നിരവധി യുദ്ധങ്ങൾ അനുഭവിച്ച ചരിത്രമുള്ള ഒരു രാജ്യത്തിന്റെ പൗരനായിട്ടും, ഇന്ത്യയിൽ ജീവിച്ചിരുന്നപ്പോൾ യുദ്ധഭീതി ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നതാണ് സത്യം. അതിർത്തികളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ വസിക്കുന്നതായിരിക്കും ആ സുരക്ഷിതത്വത്തിന്റെ കാരണം. എന്നാൽ അതിർത്തി സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം എത്രത്തോളം അനിശ്ചിതത്വങ്ങളാൽ ചുറ്റപ്പെട്ടതാണെന്ന് അന്നാണ് മനസ്സിലായത്. നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലായ്പ്പോഴും നമ്മുക്ക് വെറും കഥകളായി മാത്രം തോന്നുന്നു എന്നത് എത്ര ആഴമുള്ള സത്യമാണ്.
ഒരു യുദ്ധം എത്ര വേഗത്തിലാണ് സാധാരണ മനുഷ്യരുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്! തൊഴിലിടങ്ങളിൽ ജോലി കുറഞ്ഞു; അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടിവന്നവർക്ക് യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയായി. വ്യോമപാതകൾ അടച്ചതോടെ യാത്രാചിലവുകൾ കുത്തനെ ഉയർന്നു. അവശ്യസാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും നാട്ടിലെ പാചകവാതക പ്രതിസന്ധിയും ഉൾപ്പെടെ അനവധി പ്രത്യാഘാതങ്ങൾ യുദ്ധത്തിന്റെ നിഴലായി മാറി.
ഇവിടെ യുദ്ധം സാധാരണ ജനങ്ങളെ നേരിട്ട് ബാധിച്ചിരുന്നില്ലെങ്കിലും, മുൻകരുതലുകളുടെ ഭാഗമായി അധികൃതർ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതരായി തുടരുക മാത്രമായിരുന്നു ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നത്.
ഈ ഭീതിനിറഞ്ഞ ദിവസങ്ങളിൽ, പാതിരാത്രിയിലും സ്ഫോടനശബ്ദങ്ങൾ കേൾക്കുമ്പോൾ വിളിച്ച് ഞങ്ങളുടെ സുരക്ഷിതത്വം അന്വേഷിച്ച പ്രിയപ്പെട്ടവരെ ഇന്നും നിറഞ്ഞ സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുന്നു. കേവലം ഒരു മാസക്കാലം നീണ്ടുനിന്ന ഈ യുദ്ധം തന്നെ നമ്മെ ഇത്രത്തോളം വേദനിപ്പിച്ചുവെങ്കിൽ, ഫലസ്തീനിലെയും സിറിയയിലെയും ജനത വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ ആഴം നമ്മുടെ ചിന്തകൾക്കുമപ്പുറമാണ്.
അഭയാർത്ഥി ക്യാമ്പുകളിൽ വിശപ്പും വേദനയും സഹിച്ച് കഴിയുന്ന കുരുന്നുകളുടെയും, ധരിക്കാൻ വസ്ത്രമോ തലചായ്ക്കാൻ ഒരു കൂരയോ പോലും ഇല്ലാതെ ജീവിതം തള്ളിനീക്കുന്ന വൃദ്ധമാതാക്കളുടെയും ദൈന്യത നിറഞ്ഞ മുഖങ്ങളിൽ യുദ്ധത്തിന്റെ ക്രൂരത വ്യക്തമായി കാണാം.
സ്ഫോടനങ്ങളുടെ ഭീതിയും അനാഥമായ ബാല്യങ്ങളുടെ നിലവിളികളും ഇല്ലാത്ത, ശാന്തിയും സമാധാനവും നിറഞ്ഞ ഒരു വസന്തകാലം വീണ്ടും വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. കണ്ണുനീർ വറ്റിയ കുഞ്ഞുമുഖങ്ങളിൽ വീണ്ടും പുഞ്ചിരികൾ വിരിയുന്ന പ്രഭാതങ്ങൾ ഉടൻ പുലരട്ടെ.


