തൊഴിൽ കരാർ തീരുന്നതിനു മുമ്പ് ജോലി മാറാൻ
text_fields?ഞാൻ ഇപ്പോൾ ബഹ്റൈനിൽ ഒരു കോൾഡ് സ്റ്റോറിൽ സെയിൽസ് മാനായി ജോലി ചെയ്യുന്നു. വന്നിട്ട് 7 മാസമായി. ഒരു വർഷത്തെ വിസയാണ്. ജോലി എന്താണെന്ന് എനിക്ക് വരുമ്പോൾ അത്ര അറിയില്ലായിരുന്നു. എത്തിയപ്പോഴാണ് മനസ്സിലായത് എനിക്ക് പറ്റിയ ജോലി അല്ലെന്ന്. ഞാൻ ഡിഗ്രി വിത്ത് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ ആളാണ്. ബഹ്റൈൻ ഡ്രൈവിങ് ലൈസൻസ് ഉണ്ട്. എനിക്ക് ഈ ജോലിയിൽനിന്ന് മാറാൻ നിയമപരമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
• തൊഴിൽ കരാറും തൊഴിൽ വിസയും തീരുന്നതിന് മുമ്പേ താങ്കൾക്ക് തൊഴിൽ മാറുവാൻ പ്രയാസമാണ്. തൊഴിലുടമയുടെ സമ്മതമില്ലാതെ. കാരണം ഒരു ജോലി മാറണമെങ്കിൽ തൊഴിലുടമയുടെ കൂടെ കുറഞ്ഞത് ഒരുവർഷമെങ്കിലും ജോലിചെയ്യണം. താങ്കൾ തൊഴിൽ കരാറും തൊഴിൽ വിസയും തീരുന്നതിനു മുമ്പേ രണ്ട് കാര്യങ്ങൾ ചെയ്യണം. ഒന്ന്, തൊഴിലുടമയോട് പറയണം തൊഴിൽ കരാർ പുതുക്കരുതെന്ന്, രണ്ട് എൽ.എം.ആർ.എയിൽ, കൈമാറ്റം ചെയ്യാനുള്ള ഉദ്ദേശ്യം-മൊബിലിറ്റി- അപേക്ഷ നൽകണം. മൊബിലിറ്റി അപേക്ഷ കൊടുത്താൽ പിന്നെ ഇപ്പോഴത്തെ തൊഴിലുടമക്ക് താങ്കളുടെ തൊഴിൽ വിസ പുതുക്കുവാൻ സാധിക്കുകയില്ല. വിസ കഴിയുന്ന സമയത്ത് താങ്കൾക്ക് പുതിയ തൊഴിലിലേക്ക് മാറുകയോ തിരികെ നാട്ടിൽ പോവുകയോ ചെയ്യാൻ സാധിക്കും. മൊബിലിറ്റി കുറഞ്ഞത് 30 ദിവസം വിസ തീരുന്നതിനുമുമ്പേ ചെയ്യണം. അതായത് മൊബിലിറ്റി ഫയൽ ചെയ്യുമ്പോൾ വിസക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം.
സി.ആർ പുതുക്കിയില്ലെങ്കിൽ വിസ റദ്ധാകുമോ
?ഞാനൊരു കഫറ്റീരിയ വിസയിലാണ് ബഹ്റൈനിലുള്ളത്. വിസ മേയ് 10 വരെ ഉണ്ട്. എന്നാൽ, നവംബർ 5ന് സി.ആർ അവധി കഴിഞ്ഞതുകാരണം ഫൈൻ ആണ്. സി.ആറിൽ നിലവിലുള്ള വിസയും കാൻസലാവുമെന്ന് കേൾക്കുന്നു. കുടിശ്ശിക വന്ന ഗോസിയുടെ പൈസ അടച്ചാൽ മാത്രമാണോ സി.ആർ പുതുക്കുകയുള്ളൂ. മറ്റൊന്ന് ഇൻഡെമ്നിറ്റി തിരികെ
ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം?
• സി.ആർ പുതുക്കിയില്ലെങ്കിൽ 60 ദിവസം കഴിഞ്ഞാൽ ആ സി.ആർ ൽ ഉള്ള എല്ലാ വിസകളും റദ്ദാകും. ഈ കാര്യത്തിൽ താങ്കൾക്ക് ഒന്നുംതന്നെ ചെയ്യുവാൻ സാധിക്കുകയില്ല. എങ്കിലും താങ്കൾക്ക് തൊഴിലുടമയോട് സി.ആർ പുതുക്കുവാൻ ആവശ്യപ്പെടാം. 2024 മാർച്ച് കഴിഞ്ഞുള്ള ഇൻഡെമ്നിറ്റി ലഭിക്കുന്നത് സോഷ്യൽ ഇൻഷുറൻസിൽനിന്നാണ്. അതിനു മുമ്പേയുള്ള ഇൻഡെമ്നിറ്റി ലഭിക്കുന്നത് തൊഴിലുടമയുടെ കൈയിൽനിന്നാണ്. ഗോസിയിൽനിന്നും ഇൻഡെംമ്റ്റി ലഭിക്കുവാൻ താങ്കളുടെ വിസ റദ്ദുചെയ്തശേഷം താങ്കളും ഇ-കീ മുഖേന അപേക്ഷ നൽകണം. തൊഴിലുടമ താങ്കളുടെ ഇൻഡെമ്നിറ്റി നൽകിയില്ലെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും പേമന്റ് ഗോസിക്ക് നൽകാനുണ്ടെങ്കിൽ ഗോസിയിൽനിന്നും ഇൻഡെമ്നിറ്റി ലഭിക്കുകയില്ല.


