ദുരിതക്കടൽ നീന്തി ആശ്വാസ തീരത്തേക്ക്; പീഡനം അനുഭവിച്ച മലയാളി യുവതിയെ നാട്ടിലെത്തിച്ചു
text_fieldsമനാമ: ബഹ്റൈനിൽ രണ്ടുമാസക്കാലം കടുത്ത മാനസികവും ശാരീരികവുമായ പീഡനം അനുഭവിച്ചിരുന്ന യുവതിയെ നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയും ബഹ്റൈൻ അധികൃതരും തമ്മിലുള്ള ഏകോപിച്ച പ്രവർത്തനത്തിലൂടെയാണ് യുവതിയെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചത്. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലും നിർണായകമായി. കഴിഞ്ഞ ജൂണിലാണ് എറണാകുളം സ്വദേശിനിയായ പ്രഭ ഒരു ഏജൻസി മുഖേന ബഹ്റൈനിൽ വീട്ടുജോലിക്കായെത്തുന്നത്. വാനോളം പ്രതീക്ഷകളുമായി ജീവിതം കെട്ടിപ്പടുക്കാൻ എല്ലാ പ്രവാസികളെയും പോലെ കടൽ കടന്നെത്തിയതായിരുന്നു പ്രഭയും. ആശ്വാസത്തോടെ പ്രതീക്ഷകളെ പൂവണിയിക്കാമെന്നുമുള്ള പ്രഭയുടെ മോഹങ്ങൾക്കുമേൽ എന്നാൽ ദുരിതങ്ങളുടെ കടന്നാക്രമണമായിരുന്നു.
വീട്ടുജോലിക്കാരിയായി തുടരുന്നതിനിടയിൽ വീട്ടുകാരിൽനിന്ന് മോശമായ അനുഭവമായിരുന്നു പ്രഭക്ക് കിട്ടിക്കൊണ്ടിരുന്നത്. രാവിലെ നൽകുന്ന ഖൂബ്ബൂസും തൈരുമായിരുന്നു പ്രധാന ഭക്ഷണം. മറ്റുനേരങ്ങളിലും അത് മിച്ചം വെച്ച് വേണം ഭക്ഷിക്കാൻ. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി പിന്നീട്. ഈ സാഹചര്യത്തിലാണ് ബഹ്റെനിലെ സാമൂഹികപ്രവർത്തകൻ അമൽ ദേവിനെ പ്രഭ ബന്ധപ്പെടുന്നത്. തന്റെ ദുരിതങ്ങൾ വിവരിച്ച പ്രഭ വീട്ടുകാരുടെ നമ്പറും അമലിന് കൈമാറി. തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വഴി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിലേക്ക് മെയിൽ വഴി വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന നിർദേശം നൽകി. പിന്നീട് എംബസി അധികൃതർ പ്രഭയുമായി സംസാരിച്ച ശേഷം ബഹ്റൈനിലെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
എംബസി ഉദ്യോഗസ്ഥർ ബഹ്റൈൻ അധികാരികളുമായി ചേർന്ന് അതിവേഗം പ്രഭയെ കണ്ടെത്തുകയും നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനുള്ള എല്ലാ പിന്തുണയും നൽകുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ 30ന് രാത്രി തന്നെ പ്രഭ നാട്ടിലേക്ക് മടങ്ങി.ബഹ്റൈനിൽ ദുരിതത്തിലകപ്പെടുന്ന ഇന്ത്യക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന പ്രവൃത്തി തന്നെയാണ് എംബസിയുടെ ഭാഗത്ത് നിന്നുണ്ടായത്. തങ്ങളോടൊപ്പം ഏത് പ്രതിസന്ധിയിലും എംബസിയും അധികൃതരുമുണ്ടെന്ന കാര്യം ഈ വിഷയം പ്രതിഫലിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ എംബസിയുടെയും പ്രാദേശിക അധികാരികളുടെയും തക്ക സമയത്തുള്ള ഇടപെടലും പിന്തുണയും പ്രഭയുടെ സുരക്ഷിതമായ തിരിച്ചുവരവിന് സഹായകമായെന്നാണ് അമൽ ദേവ് പറയുന്നത്. ഗാർഹിക തൊഴിലാളികൾ ചൂഷണങ്ങളിൽ അകപ്പെടാതിരിക്കാനും കബളിപ്പിക്കപ്പെടാതിരിക്കാനും എംബസി വഴിയോ നോർക്ക പോലുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെയോ മാത്രമേ ജോലിക്കായി വിദേശത്ത് പോകാൻ ശ്രമിക്കാവൂവെന്നും അദ്ദേഹം അറിയിച്ചു.