ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ സംഘടനകൾ
text_fieldsവിയോഗം തീരാനഷ്ടം -ഒ.ഐ.സി.സി
ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ നേതാവും റോമിന്റെ ഭരണാധികാരിയും ആയിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ലോക സമാധാന ശ്രമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുസ്മരിച്ചു. യുദ്ധത്തിലും ആക്രമണത്തിലും അഭിരമിക്കുന്ന ഭരണാധികാരികളുള്ള ലോകത്ത് വലുപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും ചെറിയ രാജ്യമായ റോമിന്റെ ഭരണാധികാരിയുടെ വാക്കുകളെ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സമാധാന ശ്രമങ്ങൾമൂലം ഉണ്ടായത്.
ലോകത്തിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച നേതാവ് ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് ഒ.ഐ.സി.സി ദേശീയ ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.
ക്രിസ്തു സുവിശേഷം സാക്ഷ്യപ്പെടുത്തി തന്റെ പദവികൾ പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിച്ച മഹാപുരോഹിതൻ കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ ആയിരിക്കില്ല ലോകം സാക്ഷ്യപ്പെടുത്തുന്നത്. സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം പരിശുദ്ധ പിതാവ് റോമിൽ തന്റെ മുഖ്യ കാർമികത്വത്തിൽ വിളിച്ചുചേർത്തപ്പോൾ അതിൽ ഒരു പ്രതിനിധിയായി പങ്കെടുക്കാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമായി കരുതുന്നു. വലുപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരോടും ഏകോദര സഹോദരങ്ങളേപ്പോലെ തിരക്കിനിടയിൽ കുശലം പറയാനും പുഞ്ചിരിയോടുകൂടി ഹസ്തദാനം നൽകാനും സന്മനസ്സുള്ള വലിയ മനസ്സിന്റെ ഉടമയായി അതിലുപരി ഒരു സാധാരണ മനുഷ്യനായി ജീവിച്ചവരാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത് നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ചെറിയവനെപ്പോലെ മറ്റുള്ളവർക്ക് സേവനം ചെയ്യാൻ സന്മനസ്സുള്ള സേവകൻ ആയിരിക്കണം എന്നാണ്. - അബ്രഹാം ജോൺ
വടകര സഹൃദയ വേദി
ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ബഹ്റൈൻ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. ലാളിത്യം നിറഞ്ഞ തന്റെ ജീവിത യാത്രയിൽ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനതയെയും അഭയാർഥികളെയും ചേർത്തുനിർത്തുകയും, അവരുടെ കണ്ണീരൊപ്പുകയും ചെയ്ത മനുഷ്യസ്നേഹി ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് സഹൃദയ വേദി അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ
മാർപാപ്പയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസത്തിന്റെ ആഗോളതലത്തിൽ സമാധാനവും സഹവർത്തിത്വവുമെല്ലാം പ്രതിനിധാനം ചെയ്ത മാർപാപ്പ ഫ്രാൻസിസിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ അറിയിച്ചു. 2022ന്റെ ബഹ്റൈൻ സന്ദർശനം ഇവിടത്തെ പ്രവാസികളുടെയും വിശ്വാസികളുടെയും ഹൃദയങ്ങളിൽ ഇന്നും അഗാധമായ ഓർമകളായി നിലനിൽക്കുന്നു. ഏറ്റവും ഒടുവിലെ ഈസ്റ്റർ സന്ദേശത്തിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് ഒപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പോപ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അസോസിയേഷന്റെ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ
പാർശ്വവത്കരിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കും വേണ്ടി നിരന്തരം സംസാരിക്കുകയും, ലോകത്തോട് സമാധാനത്തിന്റെ സന്ദേശം നൽകുകയും മനുഷ്യത്വത്തിനും സമത്വത്തിനും വേണ്ടി ലോകത്തോട് സംസാരിക്കുകയും ചെയ്തിരുന്ന മഹാനായ ഇടയനായിരുന്നു മാർപാപ്പ. അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന് തീരാ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

എ.കെ.സി.സി ബഹ്റൈൻ അനുശോചിച്ചു
മാർപാപ്പയുടെ വേർപാടിൽ എ.കെ.സി.സി ബഹ്റൈൻ അഗാധ ദുഃഖം രേഖപ്പെടുത്തി. കലവറ റസ്റ്റാറന്റിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു.
88 വർഷം ഭൂമി എഴുതിയ മഹത്തായ പുസ്തകമാണ് പാപ്പയുടെ ജീവിതം എന്ന് പ്രസിഡന്റ് പറഞ്ഞു. ജാതി മത വിദ്വേഷരഹിതമായ ഒരു ലോക ക്രമത്തിനായിരിക്കണം ഇനിയുള്ള പ്രാർഥനകൾ എന്ന് പറഞ്ഞ ലോക മത നേതാവ് ഒരുപക്ഷേ പാപ്പ മാത്രമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യകുലത്തിന്റെ ഐക്യത്തിനും നീതിക്കും വേണ്ടി നിലനിന്ന പാപ്പ പൊരുതുന്നവർക്ക് ഒപ്പം നിൽക്കാൻ ആഹ്വാനം ചെയ്ത്, സമത്വം ഉറപ്പാക്കാനും, ലോകസമാധാനത്തിനു വേണ്ടിയും കൈകോർക്കണം എന്നുകൂടി ഓർമപ്പെടുത്തിയിട്ടാണ് വിട വാങ്ങിയത് എന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.

ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, മെയ് മോൾ, അജിത ജസ്റ്റിൻ, ജെസ്സി ജെൻസൺ, രതീഷ്, അലക്സ് എന്നിവർ നേതൃത്വം നൽകി. പോളി വിതയത്തിൽ സ്വാഗതവും ജസ്റ്റിൻ ജോർജ് നന്ദിയും പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി നിലകൊണ്ട മഹദ് വ്യക്തിത്വം; ഫ്രൻഡ്സ് അസോസിയേഷൻ
മനാമ: സമൂഹത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കും പാർശ്വവത്കരിക്കപ്പെടുന്നവർക്കും വേണ്ടി നിലകൊണ്ട മഹദ് വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മാർപാപ്പയെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുസ്മരിച്ചു.
കാരുണ്യത്തിന്റെയും സാമൂഹിക നീതിയുടെയും വിശാലമായ കാഴ്ചപ്പാടിലൂടെ ദരിദ്രരെയും അടിച്ചമർത്തപ്പെട്ട മനുഷ്യരെയും ചേർത്തുപിടിക്കുമായിരുന്നു അദ്ദേഹമെപ്പോഴും. വിവിധ മതസമൂഹങ്ങളോട് അനുഭാവ പൂർവമായ നിലപാട് സ്വീകരിക്കുകയും വിശാലമായ കാഴ്ചപ്പാട് വെച്ചുപുലർത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വേർപാട് മാനവ സമൂഹത്തിന് വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. ദാരിദ്ര്യം, പരിസ്ഥിതി ചൂഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ ഫലപ്രദമായ രീതിയിൽ നേരിടാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും അറുതിവരുത്തി സമൂഹങ്ങൾക്കിടയിൽ സ്വസ്ഥതയും സമാധാനവും സാധ്യമാക്കുന്നതിന് അദ്ദേഹം എന്നും മുൻപന്തിയിൽ നിലകൊണ്ടു.

വിവിധ മത ദർശനങ്ങൾക്കിടയിൽ യോജിപ്പിന്റെ മേഖല കണ്ടെത്തുന്നതിനുള്ള ഏതുതരം ശ്രമങ്ങളെയും കലവറയില്ലാത്ത പിന്തുണകൊണ്ട് അദ്ദേഹം വിസ്മയിപ്പിക്കുകയായിരുന്നു. അദ്ദേഹം പിന്തുടർന്ന മാനവികതയുടെ പാത കൂടുതൽ തെളിമയോടെ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ ജന വിഭാഗങ്ങൾക്കും കഴിയേണ്ടതുണ്ട്. ഫലസ്തീൻ ജനതയുടെ സ്വാതന്ത്യത്തിനുവേണ്ടി നിലകൊണ്ടതോടൊപ്പം ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാനും കഷ്ടതയനുഭവിക്കുന്ന ജനതക്ക് സഹായമെത്തിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നുവെന്നും ഫ്രൻഡ്സ് അസോസിയേഷന്റെ അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.
സ്നേഹംകൊണ്ട് ലോകം കീഴടക്കിയ ആത്മീയ നേതാവ് -രാജു കല്ലുംപുറം
ദൈവിക സ്നേഹം ലോകത്തിന് പ്രദാനം ചെയ്ത മഹാനായ ആത്മീയ നേതാവ് ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. യുദ്ധവും ആക്രമണവും ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ട മഹാനായ നേതാവ് ആയിരുന്നു അദ്ദേഹം. ഒരു മതത്തിന്റെ നേതാവ് എന്നതിൽ ഉപരിയായി എല്ലാ മനുഷ്യരെയും ഒന്നായി കാണാവാനും, സഭ മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ആയിരിക്കണം പ്രവർത്തിക്കുന്നത് എന്നും ലോകത്തോട് വിളിച്ചുപറഞ്ഞ നേതാവ് ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.
ബഹ്റൈൻ കേരള കോൺഗ്രസ്
മാർപാപ്പയുടെ വിയോഗത്തിൽ ബഹ്റൈൻ കേരള കോൺഗ്രസ് അനുശോചിച്ചു. പാവങ്ങളുടെയും അശരണരുടെയും ആശാ കേന്ദ്രമായിരുന്ന പിതാവിന്റെ നിരീക്ഷണം നാനാജാതി മതസ്ഥർക്കും വലിയ ആശ്വാസമായിരുന്നു. പരിതസ്ഥിതിയെ കുറിച്ചുള്ള ആകുലതകളും, പ്രവാസികളെ കുറിച്ചുള്ള കരുതലും, പാവങ്ങളോടുള്ള ചേർത്തു നിൽപും ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ആഡംബര ജീവിതത്തെ അകറ്റിനിർത്തി സാധാരണക്കാരെ പോലുള്ള ജീവിതം, പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇവയെല്ലാം പാപ്പയെ വ്യത്യസ്തമാക്കി. ദേശീയ പ്രസിഡന്റ് പൊൻകുന്നം സോബി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിം സെബാസ്റ്റ്യൻ, ജോസഫ് മീൻകുന്നം, മധു രവി, പ്രസാദ് കണ്ണൂർ, ഷമീർ, സിനോജ്, മാത്യു പുത്തൻപുരക്കൽ, സാജൻ ജോസഫ്, വർഗീസ്, അനിൽ ചാക്കോ, അശ്വവിൻ എന്നിവർ സംസാരിച്ചു.
അനുശോചനം രേഖപ്പെടുത്തി പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ
മാർപാപ്പയുടെ ദേഹവിയോഗത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ (കാലിക്കറ്റ് കമ്യൂണിറ്റി ബഹ്റൈൻ) അനുശോചനം രേഖപ്പെടുത്തി.സഭക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നു അദ്ദേഹം.

മഹാ ശ്രേഷ്ഠ ഇടയനായ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ ലോക ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും, അനുശോചനം രേഖപ്പെടുത്തുന്നതായും പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത്, ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, ട്രഷറർ മുസ്തഫ കുന്നുമ്മൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അർപ്പിച്ച് മൈത്രി ബഹ്റൈൻ
മാർപാപ്പയുടെ വിയോഗത്തിൽ മൈത്രി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളോടും അഭയാർഥികളോടും യുദ്ധത്തിനെതിരായും നിരന്തരം അദ്ദേഹം ശബ്ദം ഉയർത്തിയിരുന്നു. തന്റെ അവസാന നിമിഷത്തിലും ഫലസ്തീൻ ജനതക്കു മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം എന്ന് അദ്ദേഹം ആവർത്തിച്ചു.
നാം ജീവിക്കുന്ന ഈ ലോകത്തെ കൂടുതൽ മാനുഷികവും നീതിയുക്തവും സമാധാന -സ്നേഹനിർഭരവുമായ ഇടമാക്കി മാറ്റുന്നതിനു വേണ്ടി സർവാത്മകവും ദീർഘവീക്ഷണമുള്ളതുമായ കാഴ്ചപ്പാടിലൂടെയും ആചഞ്ചലമായ ദൗത്യത്തിലൂടെയും ചരിത്രത്തിൽ അത്യന്താപേക്ഷിതനായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ മൈത്രി ബഹ്റൈൻ പറഞ്ഞു.