ബഹ്റൈനിലെ സംഗീത സദസ്സുകളിൽ താരമായി വിജിത
text_fieldsവിജിത ശ്രീജിത്ത്
മനാമ: ബഹ്റൈനിലെ സംഗീത സദസ്സുകളിൽ സജീവ സാന്നിധ്യമായ ഗായികയാണ് വിജിത ശ്രീജിത്ത്. സ്റ്റാർ സിംഗർ 2007, ഗന്ധർവ സംഗീതം, ഇന്ത്യൻ വോയ്സ് തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ നേരത്തേതന്നെ ശ്രദ്ധേയയായ വിജിത കഴിഞ്ഞ പത്ത് വർഷമായി ബഹ്റൈനിലുണ്ട്.
ഗസലുകളും ഹിന്ദുസ്ഥാനി സംഗീതവും ജീവവായുപോലെ കൊണ്ടുനടക്കുന്ന മലബാറിലെ സംഗീത കൂട്ടായ്മകളിൽ ഹാർമോണിയവും പാട്ടുമൊക്കെയായി നിറഞ്ഞുനിന്ന ഒരു കലാകാരനായിരുന്നു വിജിതയുടെ പിതാവ് വിജയൻ താനൂർ. മുൻ പ്രവാസികൂടിയായ വിജയൻ ഗൾഫ് നാടുകളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു.
പിതാവിൽനിന്ന് ചെറുപ്പം മുതലേ ഗസലുകളും ഹിന്ദുസ്ഥാനി സംഗീതവും കേട്ടുവളർന്ന വിജിതക്ക് ഏറെ പ്രിയം ഇത്തരം ഗാനങ്ങളോടായിരുന്നു. ആദ്യമായി പാടിയ ഗാനം ഗുലാം അലിയുടെ പ്രശസ്തമായ ചുപ്കെ ചുപ്കെ ആയിരുന്നു.
അഞ്ചാം വയസ്സിൽ താനൂരിലെ ഒരു സംഗീത പരിപാടിയിൽ പാടിത്തുടങ്ങിയ വിജിത മലയാളത്തിലെ പ്രശസ്ത ഗായകരോടൊപ്പം നിരവധി വേദികളിൽ സംഗീത പരിപാടികളിൽ പാടിയിട്ടുണ്ട്. കോഴിക്കോട് ബാബുരാജ് അക്കാദമിയിൽനിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.
നജീം അർഷാദ് വിജയിയായ ഐഡിയ സ്റ്റാർ സിംഗർ 2007 ലൂടെയായിരുന്നു വിജിത ആദ്യമായി റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ശരത്ത്, എം.ജി. ശ്രീകുമാർ, ഉഷ ഉതുപ്പ് തുടങ്ങിയവർ വിധികർത്താക്കളായിരുന്ന റിയാലിറ്റി ഷോയിലൂടെ ഒരുപിടി നല്ല ഗാനങ്ങൾ പാടാൻ അവസരം കിട്ടി. പിന്നീട് കൈരളി ടി.വി ഗന്ധർവ സംഗീതത്തിൽ സെക്കൻഡ് റണ്ണറപ്പും മഴവിൽ മനോരമ ഇന്ത്യൻ വോയിസ് സെമി ഫൈനലിസ്റ്റുമായി.
കോവിഡിന്റെ പിടിയിൽനിന്നിരുന്ന കാലത്ത് ക്ലബ് ഹൗസ് നടത്തിയ ഓൺലൈൻ സംഗീത മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗായകർ പങ്കെടുത്ത മത്സരത്തിൽ വിജിതക്കായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. വിജിത കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി ശ്രീജിത്തിന്റെ ഭാര്യയാണ്.
പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ച വിജിത ശ്രദ്ധേയമായ നിരവധി ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇഴകൾ, ഇവൾ, വൈര, ന്റെ കൃഷ്ണ, തുടങ്ങിയവ ഇതിൽ ചിലതാണ്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ഗാനമേളയിൽ കേരള എ.ഡി.ജി.പി.എസ് ശ്രീജിത്തിനൊപ്പം പ്രധാന ഗായിക വിജിത ആയിരുന്നു.
കിങ്ഡം ലാൻഡ് സ്കേപ് എന്ന സ്ഥാപനത്തിൽ ഡിസൈനാറായി ജോലി ചെയ്യുന്ന ഭർത്താവ് ശ്രീജിത്ത് പറശ്ശിനി നിരവധി നാടകങ്ങളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ആലാപും രണ്ടു വയസ്സുകാരി അലംകൃതയുമാണ് മക്കൾ.