വിസ കാലാവധിയും ഗ്രേസ് പീരിയഡും
text_fields?1 ഗ്രേസ് പീരിയഡിലുള്ള വിസകൾ ഇവിടെത്തന്നെ സാധുവാക്കാൻ എന്താണ് ചെയ്യേണ്ടത്?
തൊഴിൽ വിസയുടെ കാലാവധി കഴിയുന്നതിനുമുമ്പേ ഇപ്പോഴത്തെ വിസ റദ്ദ് ചെയ്താൽ ഒരു മാസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ആ സമയത്ത് ജോലി മാറാനോ അല്ലെങ്കിൽ തിരികെ നാട്ടിലേക്ക് പോകാനോ സാധിക്കും. ഗ്രേസ് പീരിയഡിൽ നിലവിലുള്ള തൊഴിലുടമയുടെ കൂടെ ജോലി ചെയ്യാൻ പാടില്ല. പുതിയ വിസ ലഭിച്ചാൽ മാത്രമേ പുറത്തെ ജോലിയും ചെയ്യാൻ പാടുള്ളൂ. വിസ തീരുന്നതിന് മുമ്പേ വിസ റദ്ദ് ചെയ്തില്ലെങ്കിൽ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ നിന്ന് നീട്ടി നൽകും. എന്നാൽ അതിനുള്ള പിഴ നൽകണം. പുതിയ വിസ എടുക്കുന്ന സമയത്ത് നിലവിലുള്ള വിസ പുതുക്കുകയും വേണം. എന്നാൽ മാത്രമേ പുതിയ വിസക്ക് എൽ.എം.ആർ.എ മുഖേന അപേക്ഷ നൽകാനാവൂ. പുതിയ വിസ ലഭിക്കുന്നതുവരെ വേറെ ജോലി ചെയ്യാൻ പാടില്ല. വിസ ഇല്ലാതെ ഒരു ദിവസം പോലും ഇവിടെ നിൽക്കാൻ പാടില്ല എന്നാണ് നിയമം. ആദ്യത്തെ 30 ദിവസം മുകളിൽ പറഞ്ഞതുപോലെ വിസ റദ്ദ് ചെയ്താൽ ഫൈൻ ഉണ്ടാവില്ല. ഇനി നീട്ടണമെങ്കിൽ പിഴ നൽകണം.
?2- എന്റെ വിസ കഴിഞ്ഞിട്ട് രണ്ടുമാസമായി. എനിക്ക് ഇനി എത്രകാലം പിഴയില്ലാതെ ഇവിടെ തുടരാൻ കഴിയും. അതുപോലെ കമ്പനി നാട്ടിലേക്ക് പോകാൻ എനിക്ക് ടിക്കറ്റ് നൽകുന്നില്ലെങ്കിൽ നിയമപരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?
എൽ.എം.ആർ.എ നിയമപ്രകാരം ഒരു തൊഴിലാളിയുടെ വിസ റദ്ദ് ചെയ്താലോ അല്ലെങ്കിൽ ജോലി കഴിഞ്ഞാൽ ആ തൊഴിലാളിയെ തിരികെവിടുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കണം. അതുകൊണ്ട് തിരികെ പോകാനുള്ള ടിക്കറ്റ് ലഭിക്കാൻ താങ്കൾക്ക് അർഹതയുണ്ട്. ഇവിടെ നിന്ന് വേറെ ജോലിയിലേക്ക് മാറുകയാണെങ്കിൽ ടിക്കറ്റ് ലഭിക്കാൻ അർഹതയുണ്ടാവില്ല. ഗ്രേസ് പീരിയഡ് സമയത്ത് പുതിയ തൊഴിലുടമയാണ് വിസ എടുക്കേണ്ടത്. അദ്ദേഹം എൽ.എം.ആർ.എ നിയമപ്രകാരമുള്ള എല്ലാ രേഖകളും തൊഴിൽ കരാറും നിലവിലുള്ള വിസ എക്സറ്റൻഷൻ സഹിതം എൽ.എം.ആർ.എയിൽ അപേക്ഷ നൽകണം. അർഹതയുണ്ടെങ്കിൽ പുതിയ വിസ ലഭിക്കും.