പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം ആർക്കാണ്?
text_fieldsമനാമ: പ്രിയപ്പെട്ടവരോ ഉറ്റവരോ ഉടയവരോ പ്രവാസ ലോകത്ത് മരണപ്പെടുന്നത് വളരെ വേദന നിറഞ്ഞ കാര്യമാണ്. ബന്ധപ്പെട്ടവർ പ്രിയപ്പെട്ടയാളെ അവസാനമൊരു നോക്ക് കാണാനെന്ന നിലക്ക് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേക്കാവും പിന്നീട് ചിന്തിക്കുക. അതിനായി പണം കണ്ടെത്തിയും മറ്റും ധിറുതിയിൽ തീരുമാനമെടുക്കുന്ന കാഴ്ചയും വിരളമല്ല. എന്നാൽ ബഹ്റൈന് നിഷ്കർഷിക്കുന്ന 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നിയമം 19ലെ ആർട്ടിക്ൾ 27 പ്രകാരം തൊഴിലാളി മരണപ്പെട്ടാൽ മരണാനന്തര നടപടികൾ തൊഴിലുടമയാണ് നിർവഹിക്കേണ്ടത്.
മരണപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ തൊഴിലുടമ മൃതദേഹം ഏറ്റെടുത്തിട്ടില്ലെങ്കിൽ ഹോസ്പിറ്റലിലെ സോഷ്യൽ സർവിസ് ഓഫിസർ സ്വമേധയാ തൊഴിലുടമയെ വിവരമറിയിക്കാൻ ശ്രമിക്കും. തൊഴിലുടമ അതിനും സഹകരിക്കുന്നില്ല എങ്കിൽ വിവരം അതത് എംബസികളിൽ ലെറ്റർ മുഖേന അറിയിക്കണം. എംബസി എൽ.എം.ആർ.എയിലേക്കും ആഭ്യന്തര മന്ത്രാലയത്തിലേക്കും പരാതി സമർപ്പിക്കും.
ശേഷം അവരുടെ കീഴിലുള്ള മന്ത്രലയത്തിന്റെ ഉത്തരവാദിത്തത്തോടെ മൃതദേഹം നാട്ടിലെത്തിക്കുകയും അതിന് വന്ന ചെലവുകൾ തൊഴിലുടമയിൽനിന്ന് ഈടാക്കുകയും ചെയ്യും. ഈ നിയമം നിലനിൽക്കെത്തന്നെ പലരും മരണാനന്തര നടപടികൾക്ക് മറ്റുള്ള വഴികൾ ആശ്രയിക്കുന്നതും പണം മുടക്കുന്നതും സ്ഥിര കാഴ്ചയാണ്. ഇത്തരം നിയമങ്ങളിലെ അവബോധമില്ലായ്മയോ ശ്രമിക്കാനുള്ള മടിയോ കാരണം പലരും അവഗണിക്കുകയാണെന്നതാണ് വസ്തുത.
തൊഴിലുടമയുടെ കടമകൾ
തൊഴിലാളിക്ക് പെട്ടെന്നുള്ള മരണം സംഭവിച്ചാൽ തൊഴിലുടമ ആരോഗ്യ മന്ത്രാലയത്തിന്റെ മരണ സർട്ടിഫിക്കറ്റ് സ്വീകരിക്കണം. ശേഷം തൊഴിലാളിയുടെ സാലറി സർട്ടിഫിക്കറ്റ് അതത് എംബസിയിൽ സമർപ്പിക്കണം. മിനിമം ഒരു വർഷം തന്നെയെങ്കിലും ഒരു തൊഴിലുടമയുടെ കീഴിൽ ജോലിയെടുത്താൽ പെട്ടെന്നുള്ള മരണങ്ങളിൽ തൊഴിലാളിക്ക് രണ്ട് മാസത്തെ അധിക ശമ്പളം ലഭിക്കാൻ അർഹതയുണ്ട്.
കൂടാതെ എത്രകാലം ആ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടോ അതിന്റെ ഇൻഡെമിനിറ്റി തൊഴിലുടമ നൽകണം. ആദ്യ മൂന്ന് വർഷത്തേക്ക് 15 ദിവസത്തെ സാലറിയും അതു കഴിഞ്ഞിട്ട് ഒരോ വർഷത്തിനും ഒരു മാസത്തെ സാലറി എന്ന രീതിയിലാണ് ഇൻഡെമിനിറ്റി നൽകേണ്ടത്. എന്നാൽ പുതിയ നിയമപ്രകാരം 2024 ഫെബ്രുവരി വരെയുള്ള ഇൻഡെമിനിറ്റി മാത്രം തൊഴിലുടമ നൽകിയാൽ മതി. അതിനു ശേഷമുള്ളത് ഗോസി വഴിയാണ് ലഭിക്കേണ്ടത്. ഇതെല്ലാം നൽകുന്ന പ്രകാരമാണ് എംബസിയുടെ മരണസർട്ടിഫിക്കറ്റ് അനുവദിക്കുക.
അനുമതിപത്രം നൽകേണ്ട വിധം
ബന്ധുക്കൾ വിദേശത്ത് മരണപ്പെട്ടാൻ മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ടവർ എംബസിക്ക് wel2.bahrain@mea.gov.in എന്ന മെയിൽ വിലാസത്തിൽ അനുമതിപത്രം നൽകേണ്ടതുണ്ട്. വ്യക്തിയുമായി ഏറ്റവും അടുത്ത ജീവിച്ചിരിക്കുന്ന ബന്ധുവാണ് പത്രം ഒപ്പുവെക്കേണ്ടത്. വിവാഹിതനാണെങ്കിൽ ഭാര്യക്കാണ് ആദ്യ പരിഗണന. അതല്ലെങ്കിൽ മാതാപിതാക്കൾ ഒപ്പുവെക്കണം.
മുദ്രപേപ്പറിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത ശേഷം ഒപ്പിടുന്ന ബന്ധുവിന്റെ ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവ കൂടെ വെക്കണം. ഏത് എയർപോർട്ടിലേക്കാണ് കൊണ്ടുവരേണ്ടത് എന്ന വിവരവും കൂടെ രണ്ട് ഫോൺ നമ്പറുകളും നിർബന്ധമായും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മരണപ്പെട്ട വ്യക്തിയുടെ ജോലിസ്ഥലം, തൊഴിലുടമ, ജോലി ചെയ്ത സ്ഥാപനം എന്നിവയെക്കുറിച്ച് അറിയുമെങ്കിൽ അതും രേഖപ്പെടുത്തണം.
എംബസിക്ക് പുറമേ അനുമതിപത്രത്തിന്റെ പകർപ്പ് തൊഴിലുടമക്കും മരണവിവരം അറിയച്ച നിങ്ങളുമായി ബന്ധപ്പെടുന്ന വ്യക്തിക്കും നൽകണം. പണം ഒരു കാരണവശാലും അയച്ചുകൊടുക്കരുത്. തൊഴിലുടമ ഇതിന് സഹകരിക്കുന്നില്ലയെങ്കിൽ എംബസി വിവരം വേണ്ടപ്പെട്ട മന്ത്രാലയത്തെ അറിയിക്കുകയും മന്ത്രാലയം തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിയമക്കുരുക്കുകളിലകപ്പെട്ടവർ
തൊഴിലുടമയിൽനിന്ന് ഒളിച്ചോടുകയോ, വിസയിലുണ്ടായിരുന്ന നിയമക്കുരുക്കുകളോടെയോ, ഫ്ലെക്സി വിസയിൽ രാജ്യത്ത് ജോലിചെയ്ത് തുടരുകയോ ചെയ്യുന്ന സാഹചര്യത്തിൽ മരണപ്പെട്ടാൽ നിയമത്തിന് പഴുതുകളുണ്ട്. ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കുടുംബം നിവേദനം നൽകുന്ന പ്രകാരം എംബസി കൈകാര്യം ചെയ്യും.
മരണപ്പെട്ട വ്യക്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നയാളാണെങ്കിൽ പൂർണവിവരങ്ങൾ അടങ്ങിയ ഒരു നിവേദനം അദ്ദേഹത്തിന്റെ ബന്ധുക്കൾ എംബസിക്ക് കൈമാറണം. പരിശോധനകൾക്ക് ശേഷം എംബസി ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) മുഖേന മൃതദേഹം അയക്കാനുള്ള സംവിധാനം ഒരുക്കും. നിയമ വശങ്ങൾ പരിഹരിക്കേണ്ടതുള്ളതിനാൽ കുറച്ച് കാലതാമസം ഈ നടപടികൾക്കുണ്ടാവും.