വീട്ടുജോലിക്കാരിയെ അടിമപ്പണി എടുപ്പിച്ചു; സ്ത്രീക്ക് മൂന്ന് വർഷം തടവും പിഴയും
text_fieldsമനാമ: ഗാർഹിക തൊഴിലാളിയെക്കൊണ്ട് ഒരു വർഷത്തോളം ശമ്പളം നൽകാതെ ജോലി ചെയ്യിക്കുകയും അവരുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുകയും ചെയ്ത കേസിൽ ഒരു സ്ത്രീക്ക് മൂന്ന് വർഷം തടവും 3,000 ദിനാർ പിഴയും വിധിച്ച് കോടതി. ഏഷ്യക്കാരിയായ ഗാർഹിക തൊഴിലാളിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചിലവ് വഹിക്കാനും കോടതി ഉത്തരവിട്ടു.
യുവതിയെ ഒരു വർഷത്തോളം പ്രതി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. 25കാരിയായ യുവതി വിസിറ്റ് വിസയിലാണ് ബഹ്റൈനിലെത്തിയത്. എന്നാൽ പ്രതിയായ സ്ത്രീ ഇവരെ വീട്ടുജോലിക്കാരിയായി നിർത്തുകയും ശമ്പളം നൽകാതെ പണിയെടുപ്പിക്കുകയുമായിരുന്നു. മറ്റുവീടുകളിൽ ജോലിക്കയച്ച് സ്ത്രീ അവരെ ചൂഷണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ഒമ്പത് കുടുംബങ്ങൾക്കായി യുവതി ജോലിയെടുത്തിട്ടുണ്ട്. ആദ്യ രണ്ട് മാസം ശമ്പളം നൽകിയെങ്കിലും പിന്നീട് ഒരു തുകയും നൽകിയിട്ടില്ല. 800 ദീനാറോളം ശമ്പളാമായി തന്നെ പ്രതി നൽകാനുണ്ടെന്നാണ് കണക്ക്. കൂടാതെ യുവതിയുടെ പാസ്പോർട്ടും പ്രതി തടഞ്ഞുവെച്ചു.
ഇത്രയും കാലത്തിനിടക്ക് തനിക്ക് ആകെ ലഭിച്ചത് 200 ദീനാറാണെന്നും, ഒരു കുടുംബം നിയമപരമായി സ്പോൺസർ ചെയ്യാൻ തയാറായപ്പോൾ, പ്രതി പാസ്‌പോർട്ട് കൈമാറാൻ വിസമ്മതിക്കുകയായിരുന്നുവെന്നും യുവതി കോടതിയിൽ മൊഴി നൽകി. തന്നെ മറ്റു വീടുകളിൽ ജോലിക്ക് വിട്ട് അതിൽ നിന്ന് അവർ വരുമാനം നേടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.