ദോഹയെ സംഗീതസാന്ദ്രമാക്കാൻ 'ബ്ലാക്ക് ഐഡ് പീസ്'
text_fieldsബ്ലാക്ക് ഐഡ് പീസ് ടീം
ദോഹ: പാശ്ചാത്യ സംഗീതപ്രേമികൾക്കൊരു സന്തോഷവാർത്ത. സംഗീതലോകത്തെ സൂപ്പർതാരങ്ങളായ 'ലോസ് ആഞ്ജലസ് ട്രിയോ' ബ്ലാക്ക് ഐഡ് പീസും പ്രസിദ്ധ റെഗെറ്റൺ സൂപ്പർ സ്റ്റാർ ജെ. ബാൽവിനും ലോകകപ്പിനോടനുബന്ധിച്ച് ദോഹയിൽ സംഗീതനിശ അവതരിപ്പിക്കുന്നു. ദോഹ ഗോൾഫ് ക്ലബിൽ ആറ് രാത്രികളിലായി ഖത്തർ ടൂറിസമാണ് സംഗീതപരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ 20ന് ബ്ലാക്ക് ഐഡ് പീസിന്റെ ഐതിഹാസിക സംഗീതനിശയോടെയാണ് വേൾഡ് സ്റ്റേജിന് തുടക്കംകുറിക്കുക. സംഗീതത്തിലെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമി അവാർഡ് ആറുതവണ കരസ്ഥമാക്കിയ ബ്ലാക്ക് ഐഡ് പീസ് സെമിനൽ റിലീസുകളിലൂടെ 35 ദശലക്ഷം ആൽബങ്ങളുടെയും 120 ദശലക്ഷം സിംഗിളുകളുടെയും വിൽപന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
ലോകമെമ്പാടും ആരാധകരുള്ള റെഗറ്റൺ സൂപ്പർസ്റ്റാർ ജെ. ബാൽവിൻ അവതരിപ്പിക്കുന്ന സംഗീതപരിപാടി നവംബർ 24ന് ദോഹ ഗോൾഫ് ക്ലബ് വേൾഡ് സ്റ്റേജിൽ നടക്കും. 35 ദശലക്ഷത്തിലധികം റെക്കോഡുകൾ വിറ്റഴിച്ച് ലാറ്റിൻ സംഗീതജ്ഞരിൽ പ്രമുഖനാണ് ബാൽവിൻ. ലോകകപ്പ് വേദിയിലെത്തുന്ന മറ്റു കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും ടിക്കറ്റുൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സംഘാടകർ അറിയിച്ചു. പൈറോ ടെക്നിക്കുകൾ, സംഗീതശക്തി, ചടുലമായ സംഗീത സർഗാത്മകതയുടെ സമൃദ്ധി ഇവയെല്ലാം ദോഹ ഗോൾഫ് ക്ലബിലെ ആറ് രാവുകളിൽ വേൾഡ് സ്റ്റേജിൽ സംഗമിക്കും.
ലോകപ്രസിദ്ധരായ നിരവധി ആരാധകരുള്ള സംഗീത കലാകാരന്മാരെ ഖത്തറിലെത്തിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായും ദോഹയിലെ ആദ്യത്തേതും താരനിബിഢവുമായ ഏകെ വേൾഡ് സ്റ്റേജിനെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീതശക്തി നിങ്ങളിലേക്കെത്തിക്കാൻ ആൽക്കെമി പ്രോജക്ട് കാത്തിരിക്കുകയാണെന്നും ആൽക്കെമി പ്രോജക്ട് സി.ഇ.ഒ മാക്സ് എസ്ഫർ പറഞ്ഞു. ഖത്തർ എയർവേസ്, ഖത്തർ ടൂറിസം എന്നിവർ പ്രായോജകരായ വേൾഡ് സ്റ്റേജിന്റെ സ്പോൺസർമാർ ഉരീദുവാണ്.