പ്രവാസ കേരളം ഷാർജയിൽ; മഹാമേളക്ക് പ്രൗഢ തുടക്കം
text_fields‘ഗൾഫ് മാധ്യമം കമോൺ കേരള’ അഞ്ചാം എഡിഷന്റെ ഉദ്ഘാടനം ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി നിർവഹിക്കുന്നു. ‘ഗൾഫ് മാധ്യമം-മീഡിയവൺ’ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ എം.ഡി ഡോ. ആസാദ് മൂപ്പൻ, സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ്, ജലീൽ ഹോൾഡിങ്സ് എം.ഡി സമീർ കെ. മുഹമ്മദ്, ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് ജി.എം ജസ്റ്റിൻ സണ്ണി, ഹൈലൈറ്റ് ഗ്രൂപ് എം.ഡിയും ചെയർമാനുമായ
പി. സുലൈമാൻ, ‘ഗൾഫ് മാധ്യമം-മീഡിയവൺ’ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ട് എന്നിവർ സമീപം
ഷാർജ: അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് ഇന്ത്യൻ പ്രവാസത്തിന്റെ മഹാമേളക്ക് കേളികൊട്ടുയർന്നു. ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷന് ഷാർജ എക്സ്പോ സെന്ററിൽ പ്രൗഢതുടക്കം. ഇന്ത്യ-യു.എ.ഇ വാണിജ്യ സൗഹൃദത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ, വിനോദത്തിന്റെ മഹാമേളയിലേക്ക് മൂന്ന് ദിനരാത്രങ്ങളിലായി പ്രവാസലോകം ഒഴുകിയെത്തും.
പ്രദർശനങ്ങളുടെ ഉദ്ഘാടനം ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി നിർവഹിച്ചു. സാംസ്കാരിക പരിപാടികൾ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ മുഖ്യാതിഥിയായിരുന്നു.
തൊഴിൽ തട്ടിപ്പ് തടയുന്നതിന് ഗൾഫ് മാധ്യമവും സ്മാർട്ട് ട്രാവലും ചേർന്ന് രൂപപ്പെടുത്തിയ ‘എക്സ്പാറ്റ് ഗൈഡ്’ പദ്ധതിയുടെ ലോഗോ പ്രകാശനം ഡോ. ആസാദ് മൂപ്പൻ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു.