അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ് വിപുലീകരിക്കുന്നു
text_fieldsഅജ്മാനിലെ കടൽതീരം
അജ്മാന്: കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ് വിപുലീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അജ്മാൻ ടൂറിസ, സാംസ്കാരിക, മാധ്യമ വകുപ്പ് എന്ന പേരിലായിരിക്കും പുതിയ ഔദ്യോഗിക നാമം. വിനോദ സഞ്ചാരം, സംസ്കാരം, മാധ്യമങ്ങൾ എന്നിവയുൾപ്പെടെ മൂന്ന് സുപ്രധാന മേഖലകളിലെ സ്ഥാപന സംയോജനമാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
അജ്മാൻ ടൂറിസം വികസന വകുപ്പും അജ്മാൻ സാംസ്കാരിക, മാധ്യമ വകുപ്പും ലയിപ്പിച്ച് പുതിയ പേരിൽ ഒരൊറ്റ സ്ഥാപനം രൂപീകരിച്ചതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി പുറപ്പെടുവിച്ച 2025ലെ നിയമം നമ്പർ 2 പ്രകാരവും അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശങ്ങൾക്ക് അനുസൃതമായുമാണ് പുതിയ പേര് സ്ഥാപിതമായത്.
മൂന്ന് മേഖലകളിലും പൂർണമായ സംയോജനം കൈവരിക്കുന്നതിനൊപ്പം, ഏകോപനം ശക്തിപ്പെടുത്തുന്നതിനും, പ്രകടന കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ഫലപ്രദമായ സർക്കാർ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും ലയിപ്പിക്കൽ സഹായിക്കും. കൂടുതൽ കാര്യക്ഷമവും വഴക്കമുള്ളതുമായ സർക്കാർ പ്രവർത്തന മാതൃക വികസിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അജ്മാൻ ടൂറിസം, സാംസ്കാരിക, മാധ്യമ വകുപ്പിന്റെ ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
പ്രതിഭകളെയും സർഗാത്മ പ്രവർത്തനങ്ങളെയും പിന്തുണക്കുക, ഡിജിറ്റൽ പരിവർത്തനങ്ങളും ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളും യോജിപ്പിക്കുന്നതിന് മാധ്യമ മേഖല വികസിപ്പിക്കുക, അതുവഴി എല്ലാ പ്ലാറ്റ്ഫോമുകളിലും അജ്മാനെ കുറിച്ച പോസിറ്റീവ് ഇമേജ് ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


