‘ചെയർമാൻസ് കപ്പ് 2025’ ഫുട്ബാൾ കിരീടം ജി.ഡി.ആർ.എഫ്.എക്ക്
text_fieldsചെയർമാൻസ് കപ്പ് 2025’ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ജി.ഡി.ആർ.എഫ്.എ ഫുട്ബാൾ ടീം
ദുബൈ: ഈ വർഷത്തെ ‘ചെയർമാൻസ് കപ്പ്’ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ആവേശകരമായ ഫൈനൽ മത്സരത്തിൽ അബൂദബി കസ്റ്റംസ് ടീമിനെ തോൽപ്പിച്ചാണ് ജി.ഡി.ആർ.എഫ്.എ കിരീടം നേടിയത്. രണ്ടാഴ്ച നീണ്ടുനിന്ന ടൂർണമെന്റിൽ വിവിധ സർക്കാർ-സുരക്ഷാ വകുപ്പുകളിലെ ടീമുകൾ പങ്കെടുത്തു. മികച്ച സ്ഥിരതയും സാങ്കേതിക മികവും കാഴ്ചവെച്ച്, പ്രാഥമിക റൗണ്ടുകളിൽ നിന്ന് തന്നെ ജി.ഡി.ആർ.എഫ്.എ ടീം ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും, സെമിഫൈനലിലും ഫൈനലിലും ഉജ്ജ്വലമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ടീമിനെ അഭിനന്ദിച്ചു. ഡയറക്ടറേറ്റിന്റെ അൽ ജാഫ്ലിയ ഓഫീസിലായിരുന്നു സ്വീകരണം. ടൂർണമെന്റിലെ മികച്ച കളിക്കാരൻ അടക്കമുള്ള വ്യക്തിഗത പുരസ്കാരങ്ങളും ജി.ഡി.ആർ.എഫ്.എ താരങ്ങൾ കരസ്ഥമാക്കിയിരുന്നു. കായിക മത്സരങ്ങളിലൂടെ ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ജീവനക്കാരിൽ സംഘാത്മകതയും ഏകോപനവും വളർത്തുകയുമാണ് ഈ ഉദ്യമങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിലായി ആഭ്യന്തരത്തിലും രാജ്യാന്തരതലത്തിലും സംഘടിപ്പിച്ച നിരവധി സ്പോർട്സ് മത്സരങ്ങളിലും ജി.ഡി.ആർ.എഫ്.എ ശ്രദ്ധേയമായ സാന്നിധ്യം പുലർത്തിയിരുന്നു.


