Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightപതാക താഴ്ത്തിക്കെട്ടൽ,...

പതാക താഴ്ത്തിക്കെട്ടൽ, ജോലി, അവധി...യു.എ.ഇയിൽ ഔദ്യോഗിക ദുഃഖാചരണം ഏതുവിധം?

text_fields
bookmark_border
പതാക താഴ്ത്തിക്കെട്ടൽ, ജോലി, അവധി...യു.എ.ഇയിൽ ഔദ്യോഗിക ദുഃഖാചരണം ഏതുവിധം?
cancel

ദുബൈ: യു.എ.ഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുമ്പോൾ ഏറ്റവും പ്രകടമായ അടയാളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതാണ്. ദുഃഖാചരണം പ്രഖ്യാപിക്കുന്നതിനർഥം സർക്കാർ ഓഫിസുകൾ, സ്കൂളുകൾ, മറ്റ് ബിസിനസ്​ സ്ഥാപനങ്ങൾ എന്നിവ നിർബന്ധമായും അടച്ചിടുമെന്നോ ദൈനംദിന ജീവിതം പൂർണമായും സ്തംഭിക്കുമെന്നോ അല്ല. വ്യക്തിയോടുള്ള ആദരസൂചകമായി നൽകുന്ന ഔദ്യോഗിക ബഹുമാന പ്രകടനമാണിത്.

ഔദ്യോഗിക ദുഃഖാചരണ കാലയളവിലുടനീളം പതാക പകുതി താഴ്ത്തിക്കെട്ടണമെന്നാണ് യു.എ.ഇയുടെ പതാക ചട്ടങ്ങൾ വ്യക്തമാക്കുന്നത്. കൊടിമരത്തിൽ പതാകയില്ലെങ്കിൽ, ആദ്യം അതിനെ മുകളിലേക്ക് ഉയർത്തിയ ശേഷമാണ് കൊടിമരത്തിന്‍റെ മധ്യഭാഗത്തേക്ക് താഴ്ത്തുക. നിലവിൽ പതാക ഉയർത്തിയിട്ടുണ്ടെങ്കിൽ, അത് ആദ്യം താഴേക്ക് എത്തിച്ച ശേഷം വീണ്ടും മധ്യഭാഗത്തേക്ക് ഉയർത്തുകയാണ് ചെയ്യുക.

ഔദ്യോഗിക ദുഃഖാചരണവും അവധിയും വ്യത്യസ്തമാണ്. ദുഃഖാചരണം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഓഫീസുകളോ സ്കൂളുകളോ അടച്ചിടില്ല. അധികാരികൾ പ്രത്യേകം വ്യക്തമാക്കിയാൽ മാത്രമേ അവധി ബാധകമാകൂ. ഉദാഹരണത്തിന്, 2022 മേയിൽ ശൈഖ്​ ഖലീഫ ബിൻ സായിദ് ആൽ നഹ്​യാന്‍റെ നിര്യാണത്തിൽ 40 ദിവസത്തെ ദുഃഖാചരണവും മൂന്നുദിവസത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2026 ജൂലൈയിൽ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തെ തുടർന്ന്​ പ്രഖ്യാപിച്ച നാലുദിവസത്തെ ദുഃഖാചരണത്തിൽ ഓഫിസുകൾക്ക് അവധി നൽകിയിരുന്നില്ല.

2021 മാർച്ചിൽ ശൈഖ്​ ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണ സമയത്ത് 10 ദിവസത്തെ ദുഃഖാചരണത്തോടൊപ്പം മൂന്നുദിവസത്തെ സർക്കാർ അവധിയാണ് പ്രഖ്യാപിച്ചിരുന്നത്. അതിനാൽ, ദുഃഖാചരണം പ്രഖ്യാപിക്കുന്ന ദിവസങ്ങളുടെ എണ്ണം മുഴുവൻ സ്ഥാപനങ്ങൾ അടച്ചിടാനുള്ളതല്ല. ഏതെങ്കിലും ദിവസങ്ങളിൽ ജോലി നിർത്തിവെക്കണോ എന്നത് അതത് അധികാരികളുടെ ഔദ്യോഗിക പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്.

പൊതുപരിപാടികൾക്കും വിനോദ പരിപാടികൾക്കും ദുഃഖാചരണ കാലയളവിൽ പൂർണമായ വിലക്ക് ഉണ്ടാകാറില്ല. ഏതെങ്കിലും പരിപാടികൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെങ്കിൽ അത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക നിർദേശം പുറപ്പെടുവിക്കുകയാണ് ചെയ്യുക.

മയ്യിത്ത് നമസ്കാരം, സംസ്കാര ചടങ്ങുകൾ, അനുശോചനം രേഖപ്പെടുത്തൽ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പ്രസ്താവനകൾ വഴിയാണ് അറിയിക്കുക. ചുരുക്കത്തിൽ, ഔദ്യോഗിക ദുഃഖാചരണം എന്നത് ഒരു വ്യക്തിയോടുള്ള രാജ്യത്തിന്‍റെ ആദരവ്​ പ്രകടിപ്പിക്കുന്നതാണ്​. എന്നാൽ, അവധികളും മറ്റ് നിയന്ത്രണങ്ങളും അധികാരികൾ പ്രത്യേകം പ്രഖ്യാപിച്ചാൽ മാത്രമേ ബാധകമാകൂ.

Show Full Article
TAGS:UAE official mourning UAE flag 
News Summary - How UAE observes official mourning: flag, work, holidays
Next Story