സൗദി പള്ളി; ആത്മീയതയുടെ സൗന്ദര്യം
text_fieldsഷാർജ അൽ ജുബൈയിലിലെ കിങ് ഫൈസൽ പള്ളി എല്ലാ വിഭാഗം സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. വിനോദ സഞ്ചാരികളുടെ ഒരു നിര പള്ളിയുടെ പരിസരങ്ങളിൽ ബസുകളിൽ വന്നിറങ്ങുന്നതും പോകുന്നതും സ്ഥിരം കാഴ്ചയാണ്. തൊട്ടടുത്ത ഇത്തിഹാദ് പാർക്കിൽ ജീവിതത്തിെൻറ മടുപ്പുകൾ ഇറക്കി വെക്കാൻ വന്നവർ തണുത്ത വെള്ളം തേടി പള്ളിയുടെ തണ്ണീർപന്തലിൽ എത്തും. പള്ളിക്കും അൽ അറൂബ റോഡിനും ഇടയിലുള്ള പാർക്കിൽ, തങ്ങുന്ന, മൈതാനത്തെ പുൽതകിടിയിൽ കിടന്നുറങ്ങുന്ന മനുഷ്യർക്ക് ഈ പള്ളി ഒരു ഇടവീടാണ്.
മസ്ജിദിെൻറ നിർമാണം 1984ലാണ് ആരംഭിച്ചത്, 1987 ജനുവരി 23 വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സൗദി അറേബ്യയിലെ ഫൈസൽ രാജാവിെൻറ പേരിലുള്ള പള്ളി ആദ്യകാലത്ത് ഷാർജ എമിറേറ്റിലെയും രാജ്യത്തെയും ഏറ്റവും വലുതായിരുന്നു. നിലവിൽ, തായ് പ്രദേശത്തുള്ള ഷാർജ മസ്ജിദാണ് എമിറേറ്റിലെ ഏറ്റവും വലിയ പള്ളി. ഷാർജയിലെ ദുബൈ ഇസ്ലാമിക് ബാങ്കിെൻറ ഹെഡ്ക്വാർട്ടേഴ്സ്, അൽ ഇത്തിഹാദ്(യൂനിയൻ) പാർക്ക്, സെൻട്രൽ ബസ് സ്റ്റേഷൻ, അൽ ജുബൈൽ സൂഖ് എന്നിവക്ക് സമീപം ഷാർജയുടെ മധ്യഭാഗത്ത് കിങ് ഫൈസൽ റോഡിലും അൽ അറൂബ സ്ട്രീറ്റിലുമായിട്ടാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ഷാർജയിലെ ആദ്യ വിമാനതാവളത്തിെൻറ റൺവേ അവസാനിച്ചിരുന്നത് പള്ളിയുടെ പരിസരത്തായിരുന്നു. 70 മീറ്റർ (230 അടി) ഉയരമുള്ള രണ്ട് മിനാരങ്ങളാണ് പള്ളിക്കുള്ളത്. 130,000 ചതുരശ്ര അടി വിസ്തീർണമുള്ള പള്ളിയിൽ 16,670 പേർക്ക് നമസ്ക്കരിക്കാനുള്ള സൗകര്യമുണ്ട്. പള്ളിയുടെ രണ്ടാം നിലയിൽ ഷാർജ ഇസ്ലാമികകാര്യ വകുപ്പും ഔഖാഫും പ്രവർത്തിക്കുന്നു. ഒരു പൊതു ലൈബ്രറിയും ഓഫീസും ഇവിടെയുണ്ട്. ഇസ്ലാമിക ചിന്തയെയും ചരിത്രത്തെയും കുറിച്ചുള്ള ഏകദേശം 7,000 പുസ്തകങ്ങൾ, സാംസ്കാരിക, സാഹിത്യ, ശാസ്ത്രീയ പുസ്തകങ്ങൾ കൂടാതെ ഇസ്ലാമിക ശരീഅത്തിനെ കുറിച്ചും ഹദീസുകളെ കുറിച്ചുമുള്ള ആധുനിക പുസ്തകങ്ങളുമുണ്ട്. ഗ്രൗണ്ടും ഫസ്റ്റ് ഫ്ലോറുകളും പുരുഷന്മാർക്ക് പ്രാർഥിക്കുന്നതിനും ബേസ്മെൻറ് സ്ത്രീകൾക്ക് വേണ്ടിയുമാണ്.
സ്ത്രീകളുടെ പ്രാർഥനാ ഹാളിന് സമീപം, ഷാർജ ഇൻറർനാഷണൽ ചാരിറ്റബിൾ ഓർഗനൈസേഷെൻറ മേൽനോട്ടത്തിൽ ആവശ്യമുള്ളവർക്ക് വസ്ത്രങ്ങൾ സംഭാവന ചെയ്യാവുന്ന ഒരു വലിയ സ്ഥലമുണ്ട്. ഇസ്ലാമിക വാസ്തുകലയിലാണ് പള്ളി നിർമിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ പള്ളി നിറഞ്ഞ് കവിയും. വരികൾ പാർക്കിലേക്കിറങ്ങിവരും. റമദാനിലെ സ്ഥിരം കാഴ്ചയാണ് പുൽമേട്ടിലേക്കിറങ്ങി വരുന്ന നമസ്ക്കാര വരികൾ.


