കസ്റ്റമര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച് റാക് മഅ്മൂറ പൊലീസ്
text_fieldsറാക് അല്‍ മഅ്മൂറ
പൊലീസ് സ്റ്റേഷന്
സംഘടിപ്പിച്ച കസ്റ്റമര്‍
കൗണ്‍സില്‍
റാസല്‍ഖൈമ: ഭാവിയുടെ സേവനങ്ങള്‍, ഇലക്ട്രോണിക് തട്ടിപ്പും ഭീഷണിയും തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് കസ്റ്റമര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച് റാക് അല്‍ മഅ്മൂറ കോംപ്രഹന്‍സീവ് പൊലീസ് സ്റ്റേഷന്.
സാമ്പത്തിക വികസന വകുപ്പ്, പബ്ലിക്ക് പ്രോസിക്യൂഷന്, ചേംബര്‍ കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, പ്രിവന്റീവ് മെഡിസിന് വകുപ്പ്, സഖര്‍ ആശുപത്രി, ഇബ്രാഹിം ഉബൈദുല്ലാഹ് ആശുപത്രി, ഹെല്‍ത്ത് കെയര്‍ വകുപ്പ്, ഹയര്‍ കോളജ് ഓഫ് ടെക്നോളജി, റാക് മെഡിസിന് ആൻഡ് ഹെല്‍ത്ത് സയന്‍സ് യൂനിവേഴ്സിറ്റി, തന്ബ് സെക്കന്‍ഡറി സ്കൂള്‍, പാകിസ്താന് ഹൈസ്കൂള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടന്ന കസ്റ്റമര്‍ കൗണ്‍സിൽ മഅ്മൂറ പൊലീസ് സ്റ്റേഷന് മേധാവി ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല മുഹമ്മദ് അല്‍ അഹ്വാസ് അല്‍ തനൈജി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗമാളുകളുടെയും ജീവിത നിലവാരം ഉയര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കേണല്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. സേവന വിതരണ ചാനലുകള്‍, ഉപഭോക്തൃ സംതൃപ്തി കൈവരിക്കുന്നതിനുള്ള മികച്ച രീതികള്‍ തുടങ്ങിയവയെക്കുറിച്ച് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അധികൃതര്‍ സ്വീകരിച്ചു. ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച സെഷനില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍ വകുപ്പിലെ മേജര്‍ സാലിം അല്‍ ഹര്‍ഷ് ബോധവത്കരണ ചര്‍ച്ചയും നയിച്ചു.


