വിമാന യാത്രാദുരിതം; വീണ്ടും എയർ ഇന്ത്യയുടെ ടേക് ‘ഓഫ്’
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് മണിക്കൂറുകൾ വൈകിയതോടെ നിരവധി യാത്രികർ വിമാനത്താവളങ്ങളിൽ കുടുങ്ങി. അടുത്ത ഏതാനും ദിവസങ്ങളിലായി എയർ ഇന്ത്യ സർവ്വീസുകളിലെ വൈകിപറക്കലിൽ യാത്രക്കാർ ദുരിതത്തിലാണ്.
വെള്ളിയാഴ്ച രാവിലെ 9.15ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് സർവ്വീസ് നടത്തേണ്ട വിമാനം രണ്ട് മണിക്കൂർ വൈകി 11.03നാണ് പുറപ്പെട്ടത്. സാധാരണ രാവിലെ 11.55 കുവൈത്തിൽ എത്തുന്ന വിമാനം ഉച്ച1.16 നാണ് എത്തിയത്. ഇതോടെ അവധികഴിഞ്ഞും തിരികെ പോകുന്നവരും പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടവരും വിദ്യാർഥികളും അടക്കം നിരവധി യാത്രികരാണ് പ്രയാസത്തിലായത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ തുടങ്ങി മലബാറിൽനിന്ന് കുവൈത്തിലേക്കുള്ള നിരവധി പേർ ആശ്രയിക്കുന്ന വിമാനം വൈകിയതോടെ കൊച്ചുകുട്ടികളടക്കമുള്ള കുടുംബങ്ങളുടെ പ്രയാസം ഇരട്ടിയായി.
അതുപോലെ കുവൈത്തിൽ നിന്ന് ഉച്ചക്ക് 12.55ന് പുറപ്പെട്ട് രാത്രി 8.25ന് കോഴിക്കോട് എത്തേണ്ട വിമാനം രാത്രി പത്തോടെയാണ് എത്തിയത്. കോഴിക്കോട് എത്താൻ രണ്ട് മണിക്കൂർ വൈകിയതും അവധിക്കും ചികിത്സക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് തിരിച്ച യാത്രികരെ ഏറെ വലച്ചു.രാവിലെ കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനം വൈകിയതാണ് തിരിച്ചുള്ള സർവിസിനെയും ബാധിച്ചത്. സാങ്കേതിക കാരണമാണ് വൈകാനിടയാക്കിയതെന്നും ഇക്കാര്യം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുതായുമാണ് അധികൃതരുടെ വിശദീകരണം.